- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര വര്‍ഷത്തിനുള്ളില്‍ യാത്ര ചെയ്തത് 30 ലക്ഷത്തിലേറെപ്പോര്‍; മികവറിഞ്ഞ് പദ്ധതികള്‍ നടപ്പിലാക്കാന്‍ ഗുജറാത്ത് ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങളും; രാജ്യത്ത് 40 നഗരങ്ങളില്‍ പദ്ധതിക്ക് സാധ്യത വിലയിരുത്തല്‍; കൊച്ചി വാട്ടര്‍മെട്രോയുടെ ഖ്യാതി സംസ്ഥനവും കടന്ന് പരക്കുമ്പോള്‍
കൊച്ചി വാട്ടര്‍മെട്രോയുടെ ഖ്യാതി സംസ്ഥനവും കടന്ന് പരക്കുമ്പോള്‍
തിരുവനന്തപുരം: സര്‍വ്വീസ് ആരംഭിച്ചത് മുതല്‍ക്കു തന്നെ വാര്‍ത്തയിലെ താരമാണ് കൊച്ചി മെട്രോ.ചുരുങ്ങിയ കാലം കൊണ്ട് മികച്ച സേവനത്തിലൂടെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ നേടിയെടുക്കാന്‍ വാട്ടര്‍മെട്രോയ്ക്ക് കഴിഞ്ഞു.ഇപ്പോഴിത സംസ്ഥാനവും കടന്ന് രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടുകയാണ് കേരളത്തിന്റെ സ്വന്തം വാട്ടര്‍മെട്രോ.പദ്ധതിയുടെ വിജയം ബോധ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘം വാട്ടര്‍മെട്രോയെക്കുറിച്ച് പഠിക്കാന്‍ കേരളത്തിലെത്തുകയാണ്.
ഗുജറാത്താണ് പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ആദ്യം രംഗത്തുവന്നത്.കൊച്ചിയുടെ മാതൃകയില്‍ വാട്ടര്‍മെട്രോ സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍.അഹമ്മദാബാദിലും സൂറത്തിലും വാട്ടര്‍മെട്രോയുടെ സാധ്യതകളാണ് പരിശോധിക്കുന്നത്.കൊച്ചിയില്‍ നിന്നുള്ള വാട്ടര്‍മെട്രോ സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ റിപ്പോര്‍ട്ട് നല്‍കും.ഗുജറാത്തിനെ കൂടാതെ മറ്റു പല സംസ്ഥാനങ്ങളും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വാട്ടര്‍മെട്രോ സര്‍വ്വീസ് ആരംഭിച്ച് സമാനതകളില്ലാത്ത പുരോഗതിയാണ് കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ മെട്രോയ്ക്കുണ്ടായത്.കൊച്ചി വാട്ടര്‍മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം മാത്രം 30 ലക്ഷത്തിലേറെ വരും എന്നാണ് കണക്ക്.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് വാട്ടര്‍മെട്രോയുടെ വിവിധ റൂട്ടുകളിലായി 30,04,257 പേരാണ് യാത്ര ചെയ്തത്.പുതിയ റൂട്ടുകളിലേക്ക് കൂടി വാട്ടര്‍മെട്രോ പദ്ധതി വിപുലപ്പെടുത്തനാണ് തീരുമാനം.സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കാക്കനാട്, വൈറ്റില, ഹൈക്കോടതി, ബോള്‍ഗാട്ടി, ഫോര്‍ട്ട്‌കൊച്ചി, തെക്കന്‍ ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ എന്നിവിടങ്ങളിലേക്കെല്ലാം നിലവില്‍ വാട്ടര്‍ മെട്രോ സര്‍വീസുണ്ട്.മുളവുകാട് നോര്‍ത്തില്‍ വാട്ടര്‍മെട്രോ ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ഐലന്‍ഡ്, കുമ്പളം എന്നിവിടങ്ങള്‍ രണ്ടുമാസത്തിനകം തയ്യാറാകും.കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വാട്ടര്‍മെട്രോ സര്‍വീസ് തുടങ്ങിയത്.
കൊച്ചി മെട്രോ പോലെ വാട്ടര്‍ മെട്രോയും ഭിന്നശേഷി സൗഹൃദമാണ്.തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളകളില്‍ സര്‍വീസ് ഉണ്ട്. രാവിലെ ഏഴു മുതല്‍ വൈകീട്ട് 8 വരെയാണ് സര്‍വീസ്.സുരക്ഷക്രമീകരണങ്ങളില്‍ ഉള്‍പ്പടെ മാതൃകയാണ് വാട്ടര്‍മെട്രോ.
യാത്രക്കാരുടെ സുരക്ഷയ്ക്കു വേണ്ടതെല്ലാം ബോട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്.ഫ്ളൈറ്റിലേതിന് സമാനമായി സീറ്റിന് അടിയില്‍ ലൈഫ് ജാക്കറ്റ് ഒരുക്കിയിട്ടുണ്ട്.അടിയന്തിര ഘട്ടങ്ങളില്‍ ഇവ എങ്ങനെ ഉപയോഗിക്കാമെന്ന് കാണിക്കുന്ന വിഡിയോയും ബോട്ടില്‍ കാണാം.
വാട്ടര്‍ മെട്രോ വന്നതോടെ കൊച്ചിയിലെ ബോട്ടുയാത്ര ശരിക്കും സ്റ്റൈലിഷ് ആയെന്നു പറയാം.യാത്രക്കാരോട് ഏറെ ഊഷ്മളതയോടെ പെരുമാറുന്ന സ്റ്റാഫ് തന്നെയാണ് ഈ പദ്ധതിയുടെ വിജയത്തിന്റെ ഒരു സുപ്രധാന ഘടകം. രാജ്യത്തെ 40 നഗരങ്ങളില്‍ വാട്ടര്‍മെട്രോ നടപ്പാക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.കേരളത്തില്‍ കൊല്ലവും വാട്ടര്‍മെട്രോയ്ക്കായി പരിഗണിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ്.വാട്ടര്‍ മെട്രോയ്ക്ക് നിലവില്‍ 14 ഇലക്ട്രിക്ക് ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടര്‍മെട്രോയുടെ ഭാഗമായി സര്‍വീസ് നടത്തുന്നത്.കൊച്ചി കപ്പല്‍ശാലയില്‍നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കി ബോട്ടുകള്‍ ലഭിക്കുന്നതിനനുസരിച്ചാവും കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് തുടങ്ങുക. 20 മുതല്‍ 40 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
വിനോദസഞ്ചാരമേഖലയില്‍ വാട്ടര്‍മെട്രോയ്ക്ക് ഏറെ സാധ്യതകളുണ്ട്. ഇത് കണക്കിലെടുത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കെ.എം.ആര്‍.എല്‍. നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ദ്വീപുകളിലേക്ക് വാട്ടര്‍മെട്രോയില്‍ യാത്രചെയ്‌തെത്തുന്നവര്‍ക്കായി കലാപരിപാടികളും വിനോദങ്ങളും ഒരുക്കാന്‍ പദ്ധതിയുണ്ട്.അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
പുതിയ റൂട്ടുകള്‍ കൂടി തുറക്കുമ്പോള്‍ ബോട്ടുകളുടെ ആവശ്യകത ഇനിയും വര്‍ധിക്കും.കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ് വാട്ടര്‍ മെട്രോയ്ക്കായി ബോട്ടുകള്‍ നിര്‍മിക്കുന്നത്.ആദ്യ ഘട്ടത്തില്‍ 23 ബോട്ടുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.ഇതില്‍ 9 എണ്ണം കൂടി കിട്ടാനുണ്ട്. രണ്ടാംഘട്ടമായി 15 ബോട്ടുകള്‍ കൂടി എത്തിക്കും.