കോഴിക്കോട്: കൊടിയത്തൂര്‍ വില്ലേജില്‍ 700 ഏക്കറും കുമാരനെല്ലൂര്‍ വില്ലേജില്‍ 32.36 ഏക്കറും മിച്ചഭൂമി കണ്ടെത്താനുണ്ടെന്ന് കണക്ക്. 1986ല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുത്ത ഭൂമിയാണിത്. എന്നാല്‍ ഇത് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇതിന് കാരണം ചില രാഷ്ട്രീയ സ്വാധീനമാണെന്നാണ് സര്‍വ്വേ വകുപ്പ് റിപ്പോര്‍ട്ട്.

ഭൂരഹിതരായി നിരവധി പേര്‍ ഉണ്ടായിരിക്കെ 732.36 ഏക്കറോളം വരുന്ന മിച്ചഭൂമി കണ്ടെത്തി സംരക്ഷിക്കാന്‍ ഇതുവരെ സര്‍ക്കാറിനോ റവന്യൂ വകുപ്പിനോ കഴിഞ്ഞിട്ടില്ല. കൊടിയത്തൂര്‍ മൈസൂര്‍മല മേഖലയിലെ ക്വാറി കമ്പനിക്ക് അനധികൃതമായി പട്ടയം അനുവദിച്ചത് സംബന്ധിച്ച വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മിച്ചഭൂമി കണ്ടെത്താനുള്ള സര്‍വേ എങ്ങുമെത്തുന്നില്ല.

വിജിലന്‍സിന്റെ അപേക്ഷപ്രകാരം സര്‍വേ നമ്പര്‍ 172ലെ ഭൂമി സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2017ല്‍ സര്‍വേ ഭൂരേഖ വകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. വ്യാപകമായി ഖനനം നടക്കുന്ന സ്ഥലമാണിത്. ലൈസന്‍സുള്ള ഏഴ് കരിങ്കല്‍ ക്വാറികള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കൊടിയത്തൂര്‍ വില്ലേജിലെ റീ സര്‍വേ 172ല്‍ ആകെ 2258.56 ഏക്കര്‍ ഭൂമിയാണുള്ളത്. രംഗശേഷാദ്രി ഹില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍േറതായിരുന്നു ഭൂമി. 1935ന് ശേഷം കമ്പനി ഭൂമി വില്‍ക്കുകയും കുടിയാന്മാര്‍ക്ക് നല്‍കുകയും ചെയ്തു. ബാക്കി 732.36 ഏക്കര്‍ മിച്ചഭൂമി ഉള്ളതായി പിന്നീട് കണ്ടെത്തിയിരുന്നു.

90 ശതമാനം ഭൂമിയും അളന്ന് കഴിഞ്ഞുവെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഓരോരുത്തരുടെയും കൈവശം എത്ര ഭൂമിയുണ്ട്, രേഖയുള്ള ഭൂമി എത്ര, ഇല്ലാത്തത് എത്ര, അതില്‍ പുറമ്പോക്ക് എത്ര, റോഡ്, തോട് എത്ര തുടങ്ങിയവ തിട്ടപ്പെടുത്തും. അതേസമയം മിച്ചഭൂമിയില്‍ വ്യാപകമായ കൈയേറ്റങ്ങള്‍ നടന്നതായും കൈയേറ്റക്കാര്‍ക്ക് സഹായകരമാകുന്ന തരത്തിലാണ് സര്‍വേ നടക്കുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ വിസ്തീര്‍ണ വ്യത്യാസം വരുത്താതെ രേഖപ്പെടുത്തി സര്‍വേ കല്ലുകള്‍ സ്ഥാപിക്കുകയാണ് വേണ്ടത്. തുടര്‍ന്നാണ് കൈവശക്കാരുടെ രേഖകള്‍ പരിശോധിച്ച് കൈയേറ്റങ്ങളുണ്ടെങ്കില്‍ അവ ഒഴിവാക്കി സര്‍വേ ചെയ്ത് രേഖകള്‍ തയാറാക്കേണ്ടത്. എന്നാല്‍ ഇതിനൊന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിയാത്ത അവസ്ഥയാണുള്ളത്.