കൊല്ലം: 500 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ എക്‌സൈസ് കസ്റ്റഡിയില്‍ എടുക്കുന്നു. ഇതില്‍ രണ്ടു പേരെ റിമാന്‍ഡ് ചെയ്യുന്നു. മൂന്നാമന്‍ ഇനിയും കോടതിയില്‍ എത്തിയിട്ടില്ല. ഇതിന്റെ കാരണം അജ്ഞാതമായി തുടരുകയാണ്. അതിനിടെ ധനികനായ ഈ വിഐപി യുവാവിനെ കേസില്‍ കുടുക്കാതിരിക്കാന്‍ വിലപേശല്‍ നടക്കുന്നുവെന്നാണ് സൂചന. എംഡിഎംഎ വലിയ തോതില്‍ കൈവശം വയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. വിചാരണ തീരും വരെ ജയിലില്‍ കിടക്കണം. കുറ്റക്കാരന്‍ അല്ലെന്ന് തെളിഞ്ഞാല്‍ മാത്രമേ പുറത്തേക്ക് വരാന്‍ കഴിയൂ. അരകിലോയാണ് ഈ മൂന്ന് യുവാക്കളില്‍ നിന്നും പിടിച്ചെടുത്തത്. കോടികള്‍ വിലവരും. വിതരണത്തിനാണ് ഇത് കൊണ്ടു വന്നതെന്നാണ് സൂചന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ പിടിച്ചത്. അതിന് ശേഷം രഹസ്യമായി ചില കേന്ദ്രങ്ങള്‍ വില പേശുന്നു. അതാണ് മൂന്നാമന്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരാന്‍ കാരണമെന്നാണ് ആരോപണം.

രണ്ടു കോടി നല്‍കിയാല്‍ കേസെടുക്കില്ലെന്ന് കസ്റ്റഡിയിലുള്ള യുവാവിന്റെ ബന്ധുക്കളെ ചിലര്‍ അറിയിച്ചതായും സൂചനയുണ്ട്. ഇത്രയും വലിയ തുക അവര്‍ക്ക് കണ്ടെത്താനായിട്ടില്ല. അതിനിടെ ഈ കേസ് പരമ രഹസ്യമായി സൂക്ഷിക്കുകയാണ് എക്‌സൈസ് എന്നതാണ് വസ്തുത. വിശദാംശങ്ങള്‍ പോലും പുറത്തേക്ക് വിടുന്നില്ല. മയക്കു മരുന്ന് മാഫിയ ഏറ്റവും ശക്തമായ ജില്ലകളില്‍ ഒന്നാണ് കൊല്ലം. അതുകൊണ്ട് തന്നെ വലിയ തോതില്‍ എക്‌സൈസും പോലീസും നിരീക്ഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് മൂന്ന് യുവാക്കള്‍ പിടിയിലാകുന്നത്. അതും കോടികളുടെ മയക്കുമരുന്നുമായി. ഇതാണ് അട്ടിമറി ശ്രമ ആരോപണത്തിന് മുന്നില്‍ നില്‍ക്കുന്നത്. കസ്റ്റഡിയിലുള്ള യുവാവിന്റെ അടുത്ത ബന്ധുക്കളാണ് ഈ ആശങ്ക മറുനാടനുമായി പങ്കുവയ്ക്കുന്നത്. യുവാവ് കുറ്റക്കാരന്‍ അല്ലെന്നും മറ്റ് യുവാക്കളുടെ ചതിയില്‍ പെട്ടതാണെന്നും വാദമുണ്ട്. അതുകൊണ്ട് തന്നെ യുവാവിനെ വിട്ടയയ്ക്കണമെന്നാണ് ആവശ്യം. ഈ ഘട്ടത്തിലാണ് കോടതിയില്‍ ഹാജരാക്കാത്തവര്‍ എന്തുകൊണ്ട് യുവാവിനെ മോചിപ്പിക്കുന്നില്ലെന്ന ചോദ്യം ചര്‍ച്ചയായി മാറുന്നത്. എക്‌സൈസിനേയും പോലീസിനേയും എല്ലാം ആക്രമിക്കുന്ന തരത്തിലേക്ക് കൊല്ലത്ത് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.

കൊല്ലം കല്ലുംതാഴത്ത് ലഹരിവേട്ടയ്ക്കിടെ എക്‌സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം ഉണ്ടായിരുന്നു. കാറും എംഡിഎംഎയും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയും ചെയ്തു. എക്‌സൈസിന്റെ കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം കാര്‍ തടയുകയും പരിശോധന നടത്തുകയുമായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പ്രതി കാര്‍ മുന്നോട്ടെടുക്കുകയും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപിനെ ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെട്ടെന്ന് പിന്നോട്ട് മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. ഇന്‍സ്‌പെക്ടറുടെ കാലിന് പരിക്കേറ്റു. പ്രതിയെ എക്‌സൈസ് സംഘം പിന്തുടര്‍ന്നെങ്കിലും കൊറ്റങ്കരയില്‍ വച്ച് കാറും നാലു ഗ്രാം എംഡിഎംഎയും ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുന്ന കൊല്ലത്താണ് പുതിയ അട്ടിമറിയും ചര്‍ച്ചയാകുന്നത്.

പരിശോധനയ്ക്ക് പോകാന്‍ വാഹനം ഇല്ലാതെ ബുദ്ധിമുട്ടി കൊല്ലം അഞ്ചല്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അവസ്ഥ അടക്കം ചര്‍ച്ചയായിരുന്നു. ഉണ്ടായിരുന്ന വാഹനം കാലാവധി കഴിഞ്ഞ് ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ലഹരി വ്യാപനം വര്‍ധിക്കുമ്പോള്‍ ആണ് പരിശോധന പോലും നടത്താന്‍ കഴിയാത്ത അവസ്ഥ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ എക്‌സൈസ് പരിധിയുള്ളതാണ് അഞ്ചല്‍ റേഞ്ച്. ഇവിടത്തെ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്ക് പോകാന്‍ പോലും കഴിയാതെ ഇരിക്കുന്നത്. എക്‌സൈസ് ഓഫീസില്‍ ഉണ്ടായിരുന്ന ജീപ്പിന്റെ കാലാവധി 2025 ജനുവരി 12-ാം തിയതിയോടെ കഴിഞ്ഞു പിന്നാള്‍ഡ് കട്ടപ്പുറത്താവുകയും ചെയ്തു. പലതവണ വിഷയം എക്‌സൈസ് വകുപ്പിനെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.

മലയോരമേഖലയും സംസ്ഥാന അതിര്‍ത്തിയായ ആര്യങ്കാവും അച്ചന്‍കോവിലും അഞ്ചല്‍ റേഞ്ച് പരിധിയില്‍ ആണ് ഉള്‍പ്പെടുന്നത്. പരിശോധന ശക്തം ആക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമ്പോഴാണ് അഞ്ചലിലെ ദുരവസ്ഥ. എക്‌സൈസ് സംഘത്തിന് വാഹനം ഇല്ലാത്തത് ലഹരി സംഘവും ദുരുപയോഗം ചെയ്യുന്നതായി നാട്ടുകാര്‍ പരാതി പറയുന്നുമുണ്ട്. ഇത്തരം പരാധീനതകള്‍ കൊല്ലം റേഞ്ചിലുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം ഉയര്‍ന്നത്.