കൊല്ലം: മിമിക്രി വേദികളില്‍ കുടുകുടാ ചിരിപ്പിക്കുന്നതിനിടെ, അപ്രതീക്ഷിതമായാണ് വാഹനാപകടത്തില്‍ കലാകാരനായ കൊല്ലം സുധിയെ മലയാളികള്‍ക്ക് നഷ്ടമായത്. സുധിയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്വന്തമായി ഒരുവീട്. ആ സ്വപ്‌നം യാഥാര്‍ഥ്യമാവുകയാണ്. ചങ്ങനാശേരി മാടപ്പള്ളിയില്‍ പണി കഴിപ്പിച്ച 'സുധിലയ'ത്തിന്റെ പാലുകാച്ചല്‍ ചടങ്ങ് ഓഗസ്റ്റ് 25 ന് ഞായറാഴ്ച 10.30 നാണ്.

കേരള ഹോം ഡിസൈന്‍(KHD-KHDEC) എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് വീട് പണി കഴിപ്പിച്ചത്. വര്‍ഷങ്ങളായി മികച്ച കലാകാരനായി തിളങ്ങി നിന്നെങ്കിലും, കടബാധ്യതകള്‍ കാരണം ഏറെയൊന്നും സമ്പാദിക്കാന്‍ സുധിക്ക് കഴിഞ്ഞിരുന്നില്ല. വാടക വീട്ടിലായിരുന്നു ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സുധിയുടെ താമസം. സുധിച്ചേട്ടന്റെ ഏറ്റവും വലിയ സ്വപ്നമാണ് സഫലമാകുന്നതെന്ന് വീടിനായി സ്ഥലം ലഭിച്ചതിനെക്കുറിച്ച് സുധിയുടെ ഭാര്യ രേണു നേരത്തെ പ്രതികരിച്ചിരുന്നു.

കെഎച്ച്ഡിഇസി ഫേസ്ബുക്ക് കൂട്ടായ്മയാണ് സുധിയുടെ കുടുംബത്തിന് സൗജന്യമായാണ് വീട് വെച്ചുനല്‍കുന്നത്. തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തില്‍ മാടപ്പള്ളിക്ക് സമീപം പ്ലാന്തോട്ടം കവലയിലുള്ള ഏഴുസെന്റ് സ്ഥലത്താണ് സുധിക്ക് വീടൊരുങ്ങിയത്. സുധിയുടെ മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടുള്ളത്.

ആംഗ്ലിക്കന്‍ സഭയുടെ ഡയസിസ് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് നോബിള്‍ ഫിലിപ്പാണ് കുടുംബസ്വത്തിലെ സ്ഥലം സുധിക്ക് വീട് വെക്കാന്‍ വിട്ടുനല്‍കിയത്. കഴിഞ്ഞ വര്‍ഷമാണ് വീടിന്റെ നിര്‍മാണം ആരംഭിച്ചത്.

എല്ലാവിധ സൗകാര്യങ്ങളും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. കുറച്ച് ദിവസം മുമ്പ് വീടിന് നല്‍കാന്‍ പോകുന്ന പേര് സുധിലയം എന്നാണെന്ന് ഭാര്യ രേണു നെയിംപ്ലേറ്റിന്റെ ഫോട്ടോ പങ്കിട്ട് വെളിപ്പെടുത്തിയിരുന്നു. കെഎച്ച്ഡിഇസി ഗ്രൂപ്പ് ഫൗണ്ടര്‍ ഫിറോസ് പാലുകാച്ചല്‍ ചടങ്ങിന്റെ ക്ഷണപത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ ഫര്‍ണീച്ചറുകള്‍ അടക്കം ഇരുപത് ലക്ഷത്തിന് മുകളില്‍ തുക വീടിനായി ചിലവഴിച്ചതായും ഫിറോസ് നേരത്തെ പറഞ്ഞിരുന്നു.

'വീട് പണിയുടെ തുടക്കം മുതല്‍ ഞാനുണ്ട്. കെട്ടിടം പണി എനിക്കും അറിയാം. ഞാന്‍ ചെയ്യുന്നതിനേക്കാള്‍ ഭംഗിയായാണ് എല്ലാ കാര്യങ്ങളും ഈ വീടിന് വേണ്ടി എല്ലാവരും ചെയ്തിരിക്കുന്നത്. അത് ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. ഒരു കുറ്റവും കുറവും പറയാനില്ല. നൂറ് ശതമാനം തൃപ്തിയുണ്ടെന്നാണ് 'സുധിയുടെ ഭാര്യ പിതാവ് തങ്കച്ചന്‍ പറഞ്ഞത്.

2023 ജൂണ്‍ അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോഗത്തിന് കാരണമായ അപകടം നടന്നത്. പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി നിര്‍ത്തിയായിരുന്നു സുധിയുടെ വിയോഗം. അതിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ ഏറെ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.