- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നാല് ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ ഇടുക്കിയ്ക്ക് നഷ്ടപ്പെട്ടത് രണ്ട് ജീവനകളെ; ഈ വര്‍ഷത്തെ ആദ്യ ആറ് ആഴ്ചക്കുള്ളില്‍ ആന കൊന്നത് ഏഴ് പേരെ; കൊമ്പുകുത്തി വര്‍ഷങ്ങളായി കാട്ടാന ഭീതിയില്‍; സോഫിയാ ഇസ്മയിലിനെ കൊന്നിട്ടും കലിതീരാതെ ഏറെ നേരം മൃതദേഹത്തിന് അടുത്ത് നിലയുറപ്പിച്ച കൊമ്പന്; ആന ഭീതി മലയോരത്തെ വിറപ്പിക്കുമ്പോള്‍
ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിന്റെ (45) കുടുംബത്തിന് സഹായം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ വി. വിഗ്നേശ്വരിയുടെ തീരുമാനത്തോടെ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍. സോഫിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്നു തന്നെ ധനസഹായം നല്‍കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി. സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു. കാട്ടാനയുടെ ഭീഷണിയില്‍ കഴിയുന്ന മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. ഉറപ്പുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംഭവ സ്ഥലത്തു നിന്നു മാറ്റി. കൊമ്പുകുത്തി വര്‍ഷങ്ങളായി കാട്ടാനഭീതിയിലാണ്.
തിങ്കളാഴ്ച വൈകിട്ട് ചെന്നാപ്പാറ മുകള്‍ ഭാഗത്തുനിന്നു കൊമ്പന്‍പാറയിലേക്കുള്ള വഴിയെ നടന്നു പോകുന്നതിനിടെയാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. സമീപമുള്ള അരുവിയില്‍ കുളിക്കാനായി പോകുകയായിരുന്നു. വനത്തോട് ചേര്‍ന്നു കിടക്കുന്ന മേഖലയാണിത്. ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്നു വീട്ടിലുണ്ടായിരുന്ന മകന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊമ്പന്‍പാറയ്ക്ക് സമീപം കാട്ടാനയുടെ ചവിട്ടേറ്റ നിലയില്‍ സോഫിയയെ കണ്ടെത്തിയത്.
സംഭവശേഷം ഏറെനേരം മൃതദേഹത്തിനു സമീപം ആന നിലയുറപ്പിച്ചു. പിന്നീട് ആന പോയെങ്കിലും ജില്ലാ കലക്ടര്‍ എത്തിയതിനു ശേഷമേ മൃതദേഹം മാറ്റൂ എന്ന നിലപാടില്‍ നാട്ടുകാര്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം മാറ്റാന്‍ കഴിഞ്ഞത്. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.അതേസമയം, സംഭവത്തില്‍ തുടര്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. വനംമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും കാട്ടാന ശല്യം പരിഹരിക്കാന്‍ നടപടിയെടുത്തില്ലെന്ന് കൊല്ലപ്പെട്ട സോഫിയയുടെ ഭര്‍ത്താവ് ആരോപിച്ചു. ഈ മാസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഇടുക്കി മറയൂരില്‍ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തില്‍ ചമ്പക്കാട് കുടി സ്വദേശി വിമലന്‍ (57) കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ വര്‍ഷത്തെ ആദ്യ ആറ് ആഴ്ചക്കുള്ളില്‍ ഏഴ് പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 6ന് ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ഫയര്‍ ലൈന്‍ തെളിക്കാന്‍ പോയതായിരുന്നു വിമലന്‍.
കൊമ്പുകുത്തി ഗവ.ട്രൈബല്‍ സ്‌കൂള്‍ ഉള്‍പ്പെട്ട കൊമ്പുകുത്തി, കടകളുള്ള ചെന്നാപ്പാറ മുകള്‍ എന്നിവിടങ്ങളില്‍ നിന്ന് എളുപ്പവഴിയേ നടന്നായിരുന്നു സോഫിയയുടെ കുടുംബം വീട്ടിലേക്കു പോയിരുന്നത്. ആനകളുടെ ശല്യം ഇവിടെ പതിവായിരുന്നെങ്കിലും പകല്‍ സമയങ്ങളില്‍ കുറവായിരുന്നു. ആ ധൈര്യത്തില്‍ തുടര്‍ന്ന യാത്രയാണ് വലിയ ദുരന്തത്തിലലെത്തിയത്. കുളിക്കാന്‍ പോയ സോഫിയയെ വൈകിയും കാണാതായതിനെ തുടര്‍ന്ന് മകന്‍ നടത്തിയ അന്വേഷണത്തിലാണ് തോടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം മകള്‍ ആമിന മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
ചെന്നാപ്പാറ മുകള്‍ അമ്പലം ഭാഗത്തു വരെ ഇന്നലെ വൈകിട്ട് കാട്ടാനയുടെ ചിന്നംവിളി കേട്ടു. ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റ് പരിസരത്ത് ആനകള്‍ ഇറങ്ങാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഭീതിയോടെയാണ് പകല്‍ സമയത്തു പോലും ഇതുവഴി യാത്ര ചെയ്യുന്നത്. നാട്ടില്‍ ഇറങ്ങുന്ന ആനകളെ തിരികെ വനത്തിലേക്ക് ഓടിക്കാറുണ്ടെങ്കിലും അവ വീണ്ടും വരികയാണ്. അടുത്ത കാലത്തായി ചെന്നാപ്പാറ, മതമ്പ പ്രദേശങ്ങളിലായി നാല്‍പതോളം ആനകളാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. 2018ന്റെ ആരംഭത്തോടെയാണ് കാട്ടാനകള്‍ ജനവാസ മേഖലകളിലേക്ക് വ്യാപകമായി ഇറങ്ങാന്‍ തുടങ്ങിയത്. ചക്ക ഉണ്ടാകുന്ന സീസണില്‍ മാത്രം ഇറങ്ങിയിരുന്ന ആനകള്‍ പിന്നീട് നിത്യ സന്ദര്‍ശകരായി. ആദ്യം ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയിരുന്നുവെങ്കില്‍ 2019 ഡിസംബര്‍ മാസം ആനകള്‍ കൂട്ടത്തോടെ കാടു കടന്ന് നാട്ടിലെത്തി. ജനവാസ മേഖലയില്‍ കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ ഒട്ടേറെ ഉണ്ടായി.
മാസങ്ങള്‍ക്കു മുന്‍പ് 24 ആനകള്‍ കൂട്ടത്തോടെ ജനവാസ മേഖലയില്‍ എത്തുകയും വനം വകുപ്പ് ദിവസങ്ങളായി നടത്തിയ ശ്രമത്തിനൊടുവില്‍ കാട്ടിലേക്ക് തിരികെ വിടുകയും ചെയ്തിരുന്നു. കൊമ്പുകുത്തി ഉള്‍പ്പെടെ വനം അതിര്‍ത്തി ഗ്രാമങ്ങളില്‍ ആനകളുടെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അതിന്റെ അവസാന ഇരയാണ് സോഫിയ. വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം ഇന്നു നിയമസഭയില്‍ സബ്മിഷനായി അവതരിപ്പിക്കുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. പറഞ്ഞു.