- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'താന്‍ കാരണം ഇനി ഒരു പ്രശ്‌നമുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല; കഴകക്കാരനായി ഇനി ജോലി നോക്കേണ്ടെന്നാണ് കുടുംബത്തിന്റെയും തന്റെയും തീരുമാനം; ഓഫീസ് ജോലി ചെയ്തോളാം'; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന വിവാദത്തിന് ഇരയായി ബാലു പറയുന്നു
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന വിവാദത്തിന് ഇരയായി ബാലു പറയുന്നു
തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരന്‍ ആകാന്‍ ഇനിയില്ലെന്ന് ക്ഷേത്ര ജീവനക്കരന്‍ ബാലു. താന്‍ കാരണം ഇനി ഒരു പ്രശ്‌നമുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല. കഴകക്കാരനായി ഇനി ജോലി നോക്കേണ്ടെന്നാണ് കുടുംബത്തിന്റെയും തന്റെയും തീരുമാനം. തന്റെ നിയമനത്തില്‍ തന്ത്രിമാര്‍ക്ക് താല്‍പ്പര്യമില്ല എന്നറിഞ്ഞത് വിഷമം ഉണ്ടാക്കി. തസ്തിക മാറ്റിയുള്ള ഉത്തരവ് ലഭിച്ചപ്പോഴാണ് അത് അറിയുന്നത്. പതിനേഴാം തീയതി തിരികെ ജോലിയില്‍ പ്രവേശിക്കും. വര്‍ക്കിംഗ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി തന്ന ഓഫീസ് ജോലി ചെയ്‌തോളാമെന്നും ബാലു മാധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴിയാണ് ബാലുവിന് നിയമനം ലഭിച്ചത്. തന്ത്രി, വാര്യര്‍ സമാജം എതിര്‍പ്പിനെ തുടര്‍ന്നാണ് കഴകക്കാരനെ മാറ്റിയത്. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാര്‍ ദേവസ്വത്തിന് കത്തുനല്‍കി.എന്നാല്‍, സ്ഥലംമാറ്റം താല്‍ക്കാലികമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി നിയമിക്കപ്പെട്ടത്. അന്നുമുതല്‍ ബാലുവിനെ മാറ്റുന്ന മാര്‍ച്ച് 7 വരെ തന്ത്രി കുടുംബങ്ങള്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്നും വിട്ടുനിന്നു. ഈഴവ സമുദായത്തില്‍പ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിര്‍പ്പിന് കാരണം.
അതേസമയം കഴകം ചുമതലയില്‍ നിന്ന് മാറ്റിയ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവനും പ്രതികരിച്ചു. ഉത്സവം നടക്കാനാണ് താല്‍ക്കാലികമായി ഓഫീസില്‍ ചുമതലപ്പെടുത്തിയത്. ഇന്നും കേരളത്തില്‍ അയിത്ത മനോഭാവം നിലില്‍ക്കുന്നു. യുവാവിനെ അതേ തസ്തികയില്‍ നിയമിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും വി.എന്‍ വാസവന്‍ പറഞ്ഞു.
തന്ത്രിമാരുടെ നടപടിയെ നിശിതമായി വിമര്‍ശിച്ച് പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി ഒ.ആര്‍. കേളുവും രംഗത്തെത്തിയിരുന്നു. കൂടല്‍മാണിക്യം ദേവസ്വത്തില്‍ പിന്നാക്കക്കാരനെ കഴകം ചുമതലയില്‍ നിന്ന് മാറ്റിയത് അംഗീകരിക്കാനാകില്ലെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി നിയമാനുസൃത രീതികളിലൂടെ തിരഞ്ഞെടുത്ത നിയമനമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം ഇരിങ്ങാലക്കുട ക്ഷേത്രത്തില്‍ ജാതി വിവേചനം നടന്നിട്ടില്ലെന്ന് യോഗക്ഷേമസഭ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയും പ്രതികരിച്ചു. തന്ത്രി സമൂഹത്തെയും ക്ഷേത്രത്തെയും അപകീര്‍ത്തി പെടുത്താനുള്ള നീക്കം അപലപനീയമാണ്. ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശികളെ മാറ്റിനിര്‍ത്തി കഴകം പ്രവര്‍ത്തിക്ക് ആളെ റിക്രൂട്ട് ചെയ്തത് ആചാരലംഘനമാണ്. ക്ഷേത്രത്തിലെ ആചാര സംബന്ധമായ പ്രവര്‍ത്തികള്‍ തന്ത്രിയുടെ അനുമതിയോടെ മാത്രമേ നടത്താവൂ എന്ന ഉത്തരവ് മറികടന്നു. ഇതിനെതിരെയാണ് പ്രതിഷേധിച്ചത്. ഇതിനെ ജാതി വിവേചനമായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
കൂടല്‍മാണിക്യ ക്ഷേത്രത്തെയും അവിടുത്തെ ആചാരങ്ങളെയും മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തികളാണിതെന്നും യോഗക്ഷേമ സഭ ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. കാരായ്മ വ്യവസ്ഥ ലംഘിച്ചാണ് നിയമനം നടത്തിയത്. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ കള്ളപ്രചാരണങ്ങളും കലാപ ആഹ്വാനങ്ങളും ചിലര്‍ നടത്തുന്നു. ഭരണസമിതിയില്‍ നടക്കുന്നത് അധികാര വടംവലിയാണെന്നും തന്ത്രി പ്രതിനിധിയും പ്തികരിച്ചു. ആചാര അനുഷ്ഠാന സംരക്ഷണം മുന്‍നിര്‍ത്തി ആശയ പ്രചാരണവും നിയമനടപടികളും സ്വീകരിക്കുമെന്നും ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധി.
അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. അതേസമയം, കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തില്‍ ദേവസ്വം ബോര്‍ഡിനും തന്ത്രിമാര്‍ക്കുമെതിരെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ രംഗത്തുവന്നു. ജാതിവിവേചനം കാണിച്ച തന്ത്രിമാരെയാണ് മാറ്റേണ്ടതെന്ന് അഡ്വ. കെ.ബി മോഹന്‍ദാസ്് പറഞ്ഞു.