- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്‍സ്പക്ടര്‍ മിതമായ ബലം പ്രയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ കവിളില്‍ അടിയായി കൊള്ളപ്പെടുന്നതിന് ഇടയായി': കൂട്ടാറില്‍ ന്യൂഇയര്‍ ആഘോഷത്തിനിടെ ഓട്ടോ ഡ്രൈവറെ കാരണമില്ലാതെ കരണത്തടിച്ച് പല്ല് കൊഴിച്ച സിഐ ഷമീര്‍ ഖാനെ വെള്ളപൂശി എ എസ്പിയുടെ റിപ്പോര്‍ട്ട്; സിഐക്കെതിരെ നടപടി വൈകുന്നതില്‍ പരാതിയുമായി മുരളീധരനും കുടുംബവും
ഓട്ടോ ഡ്രൈവറെ കരണത്തടിച്ച് പല്ല് കൊഴിച്ച സിഐ ഷമീര്‍ ഖാനെ വെള്ളപൂശി എ എസ്പി
കമ്പംമെട്ട്: പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ വിവാഹയാത്രാ സംഘത്തിന് നേരേ 'ഓടെടാ' എന്ന് ആക്രോശിച്ച് കൊണ്ട് എസ്‌ഐയും പൊലീസുകാരും കാട്ടിയ അതിക്രമം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍, ഇത്തരം സംഭവം ആദ്യത്തേത് ഒന്നുമല്ല. ഇടുക്കി കൂട്ടാറില്‍ കമ്പംമെട്ട് സി.ഐ ഷമീര്‍ ഖാന്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ കണ്ടതും പൊലീസ് അതിക്രമത്തിന്റെ ക്രൂരമുഖമാണ്. പാമ്പാടുംപാറ പഞ്ചായത്തില്‍ കുമരകംമെട്ട് സ്വദേശി ചേരിക്കുന്നേല്‍ വീട്ടില്‍ ഡി.മുരളീധരനാണ് മര്‍ദ്ദനമേറ്റത്. ഡിസംബര്‍ 31 ന് ന്യൂ ഇയര്‍ ആഘോഷത്തിനിടെയായിരുന്നു മര്‍ദ്ദനം. അടിയേറ്റ മുരളീധരന്റെ പല്ല് ഒടിഞ്ഞു. ഒരുകാരണവുമില്ലാതെയായിരുന്നു മര്‍ദ്ദനം. സിഐ ഷമീര്‍ ഖാനെ ന്യായീകരിച്ച് ഒരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതല്ലാതെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ആശുപത്രി ചെലവ് വഹിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതിനാല്‍ മുരളീധരന്റെ വീട്ടുകാര്‍ ആദ്യം പരാതി ഒത്തുതീര്‍പ്പാക്കി. എന്നാല്‍, ചികിത്സ ചിലവ് വഹിക്കാതെ വന്നതോടെ മുരളിധരന്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്നാണ് മുരളീധരന്റെ മകള്‍ അശ്വതി പറയുന്നത്.
മര്‍ദനമേറ്റ കാര്യം മുരളീധരന്‍ ആദ്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. മുരളീധരനെ സി.ഐ തല്ലിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് പ്രചരിക്കുകയും കുടുംബത്തിന് കിട്ടുകയുമായിരുന്നു. തുടര്‍ന്ന് ജനുവരി 16നാണ് പരാതിയുമായി മുന്നോട് പോകാന്‍ കുടുംബം തീരുമാനിച്ചതെന്ന് അശ്വതി പറഞ്ഞു. എസ്.പി ഓഫിസില്‍ പരാതി നല്‍കിയ ശേഷം ഡിവൈ.എസ്.പി ഓഫിസില്‍ വിളിച്ച് മൊഴിയെടുത്തെന്നും അശ്വതി പറയുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.
സിഐയെ വെള്ളപൂശി റിപ്പോര്‍ട്ട്
അതിനിടെ, കമ്പംമെട്ട് സി ഐയെ വെള്ള പൂശി എഎസ്പിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. സ്ഥലത്ത് നിന്നവരെ പിരിച്ചു വിടാന്‍ മിതമായ ബലപ്രയോഗം മാത്രമാണ് നടത്തിയതെന്ന് കട്ടപ്പന എ എസ് രാജേഷ് കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ' ഇന്‍സ്പക്ടര്‍ മിതമായ ബലം പ്രയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ കവിളില്‍ അടിയായി കൊള്ളപ്പെടുന്നതിന് ഇടയായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവം വാര്‍ത്തയായതോടെ, ഇടുക്കി ജില്ല പോലീസ് മേധാവി ഇടപെട്ട് കട്ടപ്പന എ എസ് പിയോട് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി മുരളീധരനെ ഓഫീസില്‍ വിളിച്ചു വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനു ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കമ്പംമെട്ട് സിഐ കൂട്ടം കൂടി നിന്ന ആളുകളെ പിരിച്ചു വിടാന്‍ മിതമായ ബലപ്രയോഗം മാത്രമാണ് നടത്തിയതെന്നുള്ളത്. മുരളീധരന്റെ മുഖത്ത് അടിച്ചത് ഡ്യൂട്ടിയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ ചെയ്തതല്ലെന്നുമാണ് എ എസ് പി രാജേഷ് കുമാറിന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എസ്പിക്ക് കൈമാറിയില്ലെന്നാണ് സൂചന. വിശദമായി അന്വേഷണം നടത്തണമെന്നാണ് എസ്പിയുടെ നിര്‍ദ്ദേശം.
പ്രകോപനമില്ലാതെ ആക്രമണമെന്ന് മുരളീധരന്‍
ഒരു പ്രകോപനവുമില്ലാതെയാണ് തന്നെ ഉപദ്രവിച്ചതെന്ന് അക്രമത്തിനിരയായ മുരളീധരന്‍ പറഞ്ഞു. കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെ ആളുകള്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് സംഭവം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. മകള്‍ പറഞ്ഞാണ് പരാതി കൊടുത്തത്. 16ാം തിയതി പരാതി കൊടുത്തു. 23ാം തിയതി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തങ്ങളെ വിളിപ്പിച്ചു. അന്ന് വൈകിട്ട് തന്നെ അന്വേഷണത്തിന് അവര്‍ ക്യാമറ ഉള്ളയിടത്തേക്ക് വന്നു. അന്ന് ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലേക്കാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഒന്‍പത് മണി മുതല്‍ ഒരു മണിവരെയുള്ള ദൃശ്യങ്ങള്‍ 26ാം തിയതി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. അതിന്റെ രസീതും വാങ്ങിയിട്ടുണ്ട്. പിന്നീട് നടപടിയുണ്ടായില്ല അദ്ദേഹം വ്യക്തമാക്കി. സിഐ ഷിജു ഖാനെതിരെ നടപടി വൈകുന്നതില്‍, കുടുംബം അതൃപ്തരാണ്.