- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മകള്‍ ആത്മഹത്യ ചെയ്തത് റമീസിന്റെ മതപരിവര്‍ത്തന ഭീഷണിയില്‍ മനംനൊന്ത്; പൊലീസ് കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തി; കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് അമ്മ; മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചു; കേസെടുത്തതോടെ പ്രതിയുടെ കുടുംബം വീട് പൂട്ടി മുങ്ങിയതായി സൂചന
കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് അമ്മ
കൊച്ചി: കോതമംഗലത്ത് കാമുകന്‍ റമീസിന്റെ ഭീഷണിയെ തുടര്‍ന്ന് 23കാരിയായ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി യുവതിയുടെ കുടുംബം. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. മകള്‍ ആത്മഹത്യ ചെയ്തത് നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം മൂലമാണെന്നാണ് മാതാവ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ പറവൂര്‍ ആലങ്ങാട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റമീസ് (24) അറസ്റ്റിലായിരുന്നു.
അതേസമയം, കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ 10 അംഗ സംഘത്തെ നിയോഗിച്ചു.മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാര്‍ അന്വേഷണ സംഘത്തിലുണ്ട്. യുവതി ആത്മഹത്യ ചെയ്തത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആണ്‍സുഹൃത്ത് റമീസില്‍ നിന്നുണ്ടായ കടുത്ത അവഗണനയെ തുടര്‍ന്നാണെന്നാണ് പൊലീസിന്റെ നിഗമനം. അഗാധ പ്രണയത്തിനിടയിലും റമീസ് തന്റെ ഫോണ്‍ പോലും എടുക്കാതായത് പെണ്‍കുട്ടിയെ മാനസിക സമ്മര്‍ദ്ദത്തിലാക്കി. കേസില്‍ റമീസിന്റെ ഉപ്പയേയും ഉമ്മയേയും പ്രതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇരുവരെയും ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് വിവരം. പ്രതിയുടെ കുടുംബം വീട് പൂട്ടി മുങ്ങിയതായാണ് നിലവിലെ സൂചന.
റമീസിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. പ്രതി റമീസിന്റെ പേരില്‍ നിരവധി കേസുകളുണ്ട്. അടിപിടി കേസുകളിലെ സ്ഥിരം പ്രതിയാണ് റമീസ് എന്ന് പൊലീസ് പറയുന്നു. യുവതിയുടെ മരണത്തില്‍ കേസില്‍ റമീസിന്റെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതിയെ മതംമാറാന്‍ റമീസ് നിര്‍ബന്ധിച്ചെന്ന് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ട്. മകള്‍ ഭീഷണിയും ക്രൂരമര്‍ദനവും നേരിട്ടെന്ന് യുവതിയുടെ അമ്മയും റമീസ് മര്‍ദിച്ചെന്ന് യുവതിയുടെ കൂട്ടുകാരി ജോണ്‍സിയും സ്ഥിരീകരിച്ചിരുന്നു.
റമീസിന്റെയും യുവതിയുടെയും വാട്‌സാപ്പ് ചാറ്റില്‍ നിന്ന് ആത്മഹത്യാ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.മതം മാറാന്‍ ആവശ്യപ്പെട്ട് റമീസ് യുവതിയെ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് റമീസിനെ അറസ്റ്റ് ചെയ്തത്. യുവതി മരിക്കുന്നതിന് മുമ്പ് കൂട്ടുകാരി ജോണ്‍സിയോട് റമീസ് ദ്രോഹിച്ചതടക്കം കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞിരുന്നു. യുവതിയുടെ ഫോണില്‍ നിരവധി തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബവും കൂട്ടുകാരി ജോണ്‍സിയും പോലീസിന് വിശദമായ മൊഴി നല്‍കും.
ആത്മഹത്യക്കുറിപ്പിലും റമീസ് മതംമാറ്റത്തിന് നിര്‍ബന്ധിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ മാര്യേജിനെന്ന വ്യാജേന തന്നെ റമീസിന്റെ വീട്ടിലെത്തിച്ച് മതംമാറിയാല്‍ കല്യാണം നടത്തിത്തരാമെന്ന് വീട്ടുകാരെക്കൊണ്ട് പറയിപ്പിച്ചെന്നും ഇതിനു വഴങ്ങാത്ത തന്നോട് റമീസും വീട്ടുകാരും ക്രൂരത തുടര്‍ന്നെന്നും കുറിപ്പിലുണ്ട്.
കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതി റമീസ് ചെയ്ത തെറ്റുകള്‍ മനസ്സിലായിട്ടും അവന്റെ വീട്ടുകാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് യുവതിയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. തന്നോട് മരിച്ചോളാന്‍ റമീസ് പറഞ്ഞെന്നും കുറിപ്പിലുണ്ട്. യുവതിയെ റമീസിന്റെ വീട്ടില്‍ പൂട്ടിയിട്ടശേഷം മതംമാറണം എന്നാവശ്യപ്പെട്ട് മര്‍ദിച്ചതായി യുവതിയുടെ സുഹൃത്ത് ബന്ധുക്കളോട് പറഞ്ഞിരുന്നു. റമീസിനൊപ്പം മാതാപിതാക്കളും റമീസിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞതായി യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. മതംമാറ്റിയെടുക്കുക മാത്രമായിരുന്നു റമീസിന്റെ ലക്ഷ്യമെന്നും യുവതിയുടെ മാതാവ് പറഞ്ഞു.
മതംമാറാന്‍ യുവതി ആദ്യം തയ്യാറായിരുന്നു. എന്നാല്‍, റമീസിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ യുവതി മതംമാറില്ലെന്ന തീരുമാനത്തിലെത്തി. അനാശാസ്യ പ്രവര്‍ത്തനത്തിന് റമീസ് പിടിയിലായിട്ടും താന്‍ ക്ഷമിച്ചതായും യുവതിയുടെ കുറിപ്പിലുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മരിക്കുംമുന്‍പ് ആത്മഹത്യക്കുറിപ്പ് റമീസിന്റെ മാതാവിന് യുവതി ഫോണില്‍ അയച്ചുകൊടുത്തിരുന്നു. അവര്‍ അറിയിച്ചതനുസരിച്ച് യുവതിയുടെ മാതാവ് വീട്ടില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആലുവയിലെ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് റമീസും യുവതിയും പ്രണയത്തിലാകുന്നത്. വിവാഹം നടത്താനും വീട്ടുകാര്‍ ധാരണയിലെത്തിയതാണ്. പിന്നീടുണ്ടായ സംഭവങ്ങളാണ് യുവതിയുടെ ആത്മഹത്യയിലെത്തിയത്. മതംമാറ്റ ആരോപണത്തില്‍ പോലീസ് അന്വേഷണം നടത്തിവരുകയാണ്. സത്യമെന്നുതെളിഞ്ഞാല്‍ റമീസിനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വീടിനുള്ളില്‍ പൂട്ടിയിട്ടു മര്‍ദിച്ചുവെന്ന ആരോപണത്തില്‍ റമീസിന്റെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യംചെയ്യും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.
പിതാവ് മരിച്ച് നാല്പതാം ദിവസം മകളുടെ വേര്‍പാട്
പിതാവിന്റെ മരണത്തിന്റെ നാല്പതാം നാളാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. മാനസികമായി ഏറെ തകര്‍ന്ന പെണ്‍കുട്ടിയെ റമീസും വീട്ടുകാരും കൂടുതല്‍ ബുദ്ധിമുട്ടിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തന്റെ മരണക്കുറിപ്പില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.
റമീസിന്റെ വീട്ടില്‍ കൊണ്ടുപോയി പൂട്ടിയിട്ട് യുവതിയെ റമീസും കുടുംബാംഗങ്ങളും മര്‍ദിച്ചുവെന്ന് യുവതിയുടെ സഹോദരന്‍ പറയുന്നു. ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തുടരന്വേഷണത്തില്‍ ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തു. പിന്നീടത് ആത്മഹത്യാപ്രേരണക്കുറ്റമായി. റമീസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതില്‍നിന്നാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും മര്‍ദിച്ചതിനും കേസെടുത്തത്.
കോളേജ് കാലത്ത് ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചെത്തിയപ്പോള്‍ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും യുവതിയുടെ സഹോദരനും മാതാവും പറഞ്ഞു. മതംമാറാന്‍ ഒടുവില്‍ അവള്‍ തയ്യാറായിരുന്നു. അച്ഛന്‍ മരിച്ച സാഹചര്യത്തില്‍ വിവാഹത്തിന് ഒരു വര്‍ഷം കാലതാമസം വേണമെന്ന് പറഞ്ഞിരുന്നു. പിന്നീട് റമീസിന് മറ്റൊരു പെണ്‍കുട്ടിയുമായുള്ള ബന്ധം യുവതി കണ്ടെത്തി. ഇതോടെയാണ് അസ്വാരസ്യം തുടങ്ങിയത്. ഇതറിഞ്ഞതോടെ ഇനി മതംമാറാനില്ലെന്നും രജിസ്റ്റര്‍ വിവാഹം നടത്താമെന്നും തീരുമാനിക്കുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിലേ ക്കു പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ സഹോദരിയെ ആലുവയില്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ച് റമീസ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ പൂട്ടിയിട്ട് മതംമാറണമെന്ന് ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ചു. യുവതിയുടെ മരണശേഷം റമീസും മറ്റുള്ളവരും ബന്ധപ്പെട്ടിട്ടില്ലെന്നും സഹോദരന്‍ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം
കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതി റമീസിനായുള്ള അഞ്ചുദിവസത്തെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം നടത്തിയെന്ന പരാതിയില്‍ തെളിവ് ശേഖരണത്തിന് ശേഷം നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിയുടെ പിതാവിനെയും മാതാവിനെയും ഉടന്‍ ചോദ്യം ചെയ്യും.
റമീസ് സോനയെ മര്‍ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റില്‍ നിന്നാണ് പൊലീസിന് തെളിവ് ലഭിച്ചത്. ആത്മഹത്യ ചെയ്യുമെന്ന് യുവതി പറഞ്ഞപ്പോള്‍ അതിനെ എതിര്‍ക്കാതെ ആത്മഹത്യ ചെയ്യാനായിരുന്നു റമീസ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിന് പുറമേ വിവാഹ വാഗ്ദാനം നല്‍കി പീഡനം, ശാരീരിക ഉപദ്രവം ഏല്‍പിക്കല്‍ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.