- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സ് ' എന്ന് റമീസ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും ഇടപ്പള്ളിയില്‍ പോയതും കണ്ടെത്തി; റമീസ് അനാശാസ്യത്തിന് പോയി എന്ന് വീട്ടിലെത്തി ഉപ്പയെ അറിയിച്ചതും പെണ്‍കുട്ടി; മതം മാറിയാല്‍ മാത്രമേ വിവാഹം കഴിക്കുവെന്ന് അറിയിച്ചു; അവഗണിച്ചതോടെ 23 കാരിയുടെ ആത്മഹത്യയെന്ന് പൊലീസ്; റമീസിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കും; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം
23 കാരിയുടെ ആത്മഹത്യ: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍
കൊച്ചി: മതപരിവര്‍ത്തനത്തിന് കാമുകനായ റമീസ് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് പിന്നാലെ കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും, പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ വീട്ടില്‍ എത്തിയിരുന്നു. ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനല്‍കിയതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നല്‍കിയതായി കുടുംബം അറിയിച്ചു.
എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം അറിയിച്ചുവെന്നും കുടുംബത്തിന്റെ ആവശ്യം ഡിജിപിയെ അറിയിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും സഹോദരന്‍ പറഞ്ഞു. പ്രതിയുടെ കുടുംബ പശ്ചാത്തലം പരിശോധിക്കണം. മറ്റേതെങ്കിലും പെണ്‍കുട്ടികളെ മതം മാറ്റാന്‍ ശ്രമിച്ചോ എന്ന് പരിശോധിക്കണം. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാന്‍ എന്‍ഐഎ അന്വേഷണം തന്നെ വേണമെന്നും സഹോദരന്‍ പറഞ്ഞു.
കോതമംഗലത്ത് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. മതം മാറാന്‍ ശാരീരിക മാനസിക പീഡനം ഇവര്‍ നടത്തിയെന്നു പെണ്‍കുട്ടിയുടെ കുറിപ്പിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെയും ചുമത്താന്‍ ഒരുങ്ങുന്നത്. മാതാപിതാക്കളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും ആശ്വാസ വാക്കുകളുമായി എത്തിയിരുന്നു. കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ ധരിപ്പിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കിയതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തില്‍ ബിജെപി ഉന്നയിച്ച ലവ് ജിഹാദ് ഉള്‍പ്പെടെ ഉള്ള ആരോപണങ്ങളെ കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചില്ല. പെണ്‍കുട്ടി മര്‍ദ്ദനത്തിന് ഇരയായ സമയത്ത് റമീസിന്റെ വീട്ടില്‍ ഉണ്ടായിരുന്ന ആളുകളെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന റമീസിന്റെ സുഹൃത്തില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും. റമീസിനെ കസ്റ്റഡിയില്‍ കിട്ടുന്ന പുറകെ വിശദമായ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യാനുമാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ ഫലം ശോധന ഫലം കൂടി കിട്ടിയ ശേഷമാകും കൂടുതല്‍ വകുപ്പുകള്‍ അന്വേഷണസംഘം ചുമത്തുക.
യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേര്‍ന്ന് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി. റമീസ് തര്‍ക്കമുണ്ടാക്കിയതിന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. റിമാന്‍ഡിലുള്ള റമീസിനെ കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പെണ്‍കുട്ടിയുടെ സഹോദന്റെയും അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
കോതമംഗലം കറുകടത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ത്ഥിനിയും പാനായിക്കുളത്തെ റമീസും തമ്മില്‍ പ്രണയത്തിലായിരുന്നു. മതം മാറിയും റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തന്നെയായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഇവര്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കങ്ങളും സംശയങ്ങളും റമീസില്‍ നിന്ന് നേരിട്ട കടുത്ത അവഗണനയുമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഇരുവരുടെയും ഗൂഗിള്‍ അക്കൗണ്ടുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് 'ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സ് ' എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും, വിവരങ്ങള്‍ അന്വേഷിച്ചതും ഇടപ്പള്ളിയില്‍ പോയതിന്റെ ഗൂഗിള്‍ റൂട്ട് മാപ്പും പെണ്‍കുട്ടിക്ക് കണ്ടെത്താന്‍ സാധിച്ചു. ഇതോടെയാണ് തര്‍ക്കമായതെന്ന് പൊലീസ് പറയുന്നു. പിറ്റേ ദിവസം റമീസ് അനാശാസ്യത്തിന് പോയി എന്ന് റമീസിന്റെ വീട്ടിലെത്തി പെണ്‍കുട്ടി ഉപ്പയോട് പറഞ്ഞു. ഉപ്പ റമീസിനെ തല്ലി. ദേഷ്യത്തോടെ വീട് വിട്ട് ഇറങ്ങിപ്പോയ റമീസ് പിന്നീട് പെണ്‍കുട്ടിയുമായി സംസാരിച്ചില്ല.
മതം മാറിയാല്‍ മാത്രമേ വിവാഹം കഴിക്കുമെന്ന് ഫോണിലൂടെ പറഞ്ഞു. വ്യാഴാഴ്ച മുതല്‍ റമീസിനെ ഫോണിലും കിട്ടാതായി. എല്ലാ ദിവസവും മണിക്കൂറുകളോളം ഫോണ്‍ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്ന റമീസ് തന്നെ അവഗണിക്കുകയാണെന്ന് മനസ്സിലായ പെണ്‍കുട്ടി കൂട്ടുകാരി വഴി ബന്ധപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ല. അങ്ങനെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
റമീസിന്റെ ഫോണില്‍ അവസാന ദിവസങ്ങളില്‍ യുവതി കടന്നുപോയ ദുരിതത്തിന്റെ ഒട്ടേറെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിക്കുന്നതിനു മുന്‍പുള്ള ഒരാഴ്ചയോളം യുവതി അയച്ച വാട്‌സാപ് ചാറ്റുകള്‍ സുഹൃത്ത് റമീസിന്റെ ഫോണില്‍നിന്ന് പൊലീസ് കണ്ടെടുത്തു. ഇതിനു പുറമെ ഇരുവരും ഒന്നിച്ചുള്ള ഒട്ടേറെ ദൃശ്യങ്ങളും ഫോണിലുണ്ട്. നിര്‍ണായക തെളിവുകള്‍ ഫോണില്‍നിന്നു ലഭിച്ചെന്നും ഇതിന്റെ പരിശോധന പൂര്‍ത്തിയാക്കി ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. റമീസിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെയുണ്ടായ ചോദ്യം ചെയ്യലില്‍ ഈ ചാറ്റുകളും യുവതി എഴുതിയ ആത്മഹത്യാ കുറിപ്പുമായിരുന്നു പൊലീസ് അടിസ്ഥാനമാക്കിയത്.
തന്നെ റമീസിന്റെ വീട്ടില്‍ പൂട്ടിയിട്ടതും മതംമാറ്റത്തിനു വിധേയമാക്കാന്‍ മര്‍ദിച്ചതും അടക്കമുള്ള കാര്യങ്ങള്‍ ആത്മഹത്യ കുറിപ്പില്‍ യുവതി വിവരിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചാറ്റുകളാണ് അന്വേഷണസംഘത്തിന് റമീസിന്റെ ഫോണില്‍നിന്നു ലഭിച്ചിരിക്കുന്നത്. ഇതേ രീതിയില്‍ തന്നെയാണ് യുവതിയുടെ അമ്മയും സഹോദരനും മൊഴി നല്‍കിയിരിക്കുന്നതും. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കളെയും റമീസിന്റെ സുഹൃത്തിനേയും ചോദ്യം ചെയ്യുക. യുവതിയുെട ഫോണില്‍ നിന്നുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. റമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിനു നിര്‍ബന്ധിച്ചതിനാലും ഇതിന്റെ പേരില്‍ ചതിക്കപ്പെട്ടതിനാലുമാണ് ജീവനൊടുക്കുന്നതെന്ന് യുവതി ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. നിലവില്‍ ആത്മഹത്യ പ്രേരണ, മര്‍ദനം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. മതംമാറ്റവുമായി ബന്ധപ്പെട്ട വകുപ്പുകളും ഉള്‍പ്പെടുത്തണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തില്‍ അന്വേഷണസംഘം തീരുമാനമെടുക്കുക എന്നാണ് അറിയുന്നത്. .
ജീവനൊടുക്കുന്നതിനു തൊട്ടുമുന്‍പുള്ള വ്യാഴാഴ്ച വരെയാണ് യുവതിയുമായി റമീസ് ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളത് എന്നാണ് വിവരം. അതിനു മുമ്പുള്ള ഞായറാഴ്ച റമീസിന്റെ വീട്ടിലെത്തിച്ച് മര്‍ദിക്കുകയും തടഞ്ഞു വയ്ക്കുകയും ചെയ്ത കാര്യങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ചാറ്റുകളിലുണ്ട്. എന്നാല്‍ യുവതിയുടെ ഫോണ്‍ കോളുകള്‍ റമീസ് അറ്റന്റ് ചെയ്തിരുന്നില്ല. ഇങ്ങനെയായാല്‍ താന്‍ ജീവനൊടുക്കുമെന്ന് യുവതി പറഞ്ഞതും മരിച്ചു കൊള്ളാന്‍ റമീസ് പറഞ്ഞെന്നും വിവരമുണ്ട്. ഇതിനു ശേഷം റമീസ് യുവതിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ചാറ്റുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ റമീസ് സമ്മതിച്ചതായാണ് സൂചന. കസ്റ്റഡിയില്‍ ലഭിച്ച ശേഷമുള്ള ചോദ്യം ചെയ്യലിലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
റമീസ് അറസ്റ്റിലായതിനു പിന്നാലെ പാനായിക്കുളത്തെ വീട് പൂട്ടി സ്ഥലം വിട്ട മാതാപിതാക്കള്‍ അടക്കമുള്ളവര്‍ പൊലീസ് നിരീക്ഷണത്തില്‍ തന്നെയുണ്ട്. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തതായി വിവരമുണ്ടെങ്കിലും ഇതു സ്ഥിരീകരിക്കാന്‍ പൊലീസ് തയാറായിട്ടില്ല. ഇവരെയും ആത്മഹത്യ കുറിപ്പില്‍ യുവതി സൂചിപ്പിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തിനെയും ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാകും കേസില്‍ ഇവരുടെ പങ്ക് തീരുമാനിക്കുക. തന്റെ കൂടെ വരാമെന്നു പറഞ്ഞ റമീസിനെ സുഹൃത്ത് പിന്തിരിപ്പിച്ചു എന്നാണ് സുഹൃത്തിന്റെ പേര് പരാമര്‍ശിച്ചു കൊണ്ടു തന്നെ യുവതി ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.