- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'എന്റെ അമ്മ ജീവിതത്തില്‍ ആരെയും ദ്രോഹിച്ചിട്ടില്ല; അമ്മയ്ക്കു പകരം എന്നെ എടുത്താല്‍ മതിയായിരുന്നു'; ബിന്ദുവിന്റെ വിയോഗം താങ്ങാനാവാതെ ഭര്‍ത്താവും മക്കളും; നഷ്ടപ്പെടുത്തിയ സമയത്തിന് ഒരു ജീവന്റെ വില; രക്ഷാദൗത്യം വൈകിച്ചത് മരണത്തിന് ഇടയാക്കിയെന്ന് ബന്ധുക്കളും നാട്ടുകാരും; അപകടത്തെ ലഘൂകരിച്ച മന്ത്രിമാരുടെ പ്രതികരണം വിവാദത്തില്‍; ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം; മുഖ്യമന്ത്രി മെഡിക്കല്‍ കോളജില്‍; പ്രതിഷേധം ശക്തം
തകര്‍ന്ന കെട്ടിടത്തില്‍ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂര്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നു വീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ച സംഭവത്തില്‍, രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത് അപകടത്തെ ലഘൂകരിച്ച മന്ത്രിമാരായ വീണ ജോര്‍ജിന്റെയും വാസവന്റെയും വാദങ്ങളെന്ന ആക്ഷേപം ശക്തം. ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചെന്നാണ് ആരോപണം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ബിന്ദുവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേക്കാമായിരുന്ന, വിലപ്പെട്ട രണ്ടുമണിക്കൂറാണ് ജാഗ്രതക്കുറവുമൂലം നഷ്ടമായത്. രക്ഷാദൗത്യം വൈകിപ്പിച്ചതാണ് 52കാരിയുടെ മരണത്തിന് ഇടയാക്കിയതെന്ന ആരോപണവുമായി ബന്ധുക്കളും അപകടത്തില്‍ ദൃക്‌സാക്ഷികളും പറയുന്നു. പ്രതിഷേധം ഉയരുന്നതിനിടെ അപകട സ്ഥലം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കും
ചികിത്സയില്‍ കഴിയുന്ന മകള്‍ക്കൊപ്പം കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ബിന്ദു. തകര്‍ന്ന കെട്ടിടത്തില്‍ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. ബിന്ദുവിനെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു. കുളിക്കാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം.
രാവിലെ 10.30-ന് കെട്ടിടം തകര്‍ന്നുവീണെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ബിന്ദു (52)വിനെ പുറത്തെടുക്കുന്നത് ഒരുമണിയോടെയാണ്. തിരച്ചില്‍ പോലും തുടങ്ങിയത് രണ്ട് മണിക്കൂറിന് ശേഷമാണെന്ന് അറിയുമ്പോഴാണ് നഷ്ടപ്പെടുത്തിയ സമയത്തിന് ജീവന്റെ വില നല്‍കേണ്ടി വന്നില്ലേ എന്ന ചോദ്യം ഉയരുന്നത്. ഉപയോഗിക്കാത്ത കെട്ടിടമാണെന്ന മന്ത്രിമാരുടെ വിശദീകരണവും ആ ഉറപ്പില്‍ ആദ്യഘട്ടത്തില്‍ ആരും പരിശോധിക്കാന്‍ പോലും മെനക്കെടാതിരുന്നതും ഈ ദുരന്തത്തിന് കാരണമാണ്. രണ്ടര മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടയില്‍ കിടന്ന ബിന്ദുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സമയത്തിന് രക്ഷാപ്രവര്‍ത്തനം നടത്തി, വൈദ്യസഹായം ലഭ്യമാക്കിയിരുന്നെങ്കില്‍ ഒരു ജീവന്‍ ഒരുപക്ഷേ നഷ്ടപ്പെടില്ലായിരുന്നെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവില്‍ ഉപയോഗത്തിലില്ലാത്ത, ആളൊഴിഞ്ഞ കെട്ടിടമാണെന്നതിനാല്‍ പരിക്കുകളോടെ കണ്ടെത്തിയ മൂന്നുപേരൊഴികെ വേറെയാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു ആദ്യമുണ്ടായിരുന്ന ധാരണ. എന്നാല്‍, അമ്മയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും മകള്‍ അറിയിച്ചതോടെയാണ് കെട്ടിടത്തിനുള്ളില്‍ ബിന്ദു കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലേക്ക് പോലീസും രക്ഷാപ്രവര്‍ത്തകരും എത്തിയത്. തുടര്‍ന്ന് 12.30-ഓടെയാണ് അവശിഷ്ടങ്ങള്‍ മാറ്റാനുള്ള ഹിറ്റാച്ചി സ്ഥലത്തെത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. ഒരുമണിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പുറത്തെടുത്ത് അല്‍പ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
അപകടം നടന്ന അരമണിക്കൂറിനകം മന്ത്രി വി.എന്‍ വാസവനും വീണാ ജോര്‍ജും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥയുണ്ടായി. ഉപയോഗിക്കുന്ന കെട്ടിടമല്ലെന്നും കൂടുതല്‍ ആര്‍ക്കും അപകടത്തില്‍ അപായം സംഭവിച്ചിട്ടില്ലെന്നും ഉറപ്പിച്ച് പറയുകയാണ് ആദ്യഘട്ടത്തില്‍ മന്ത്രിമാര്‍ ചെയ്തത്. അത് രക്ഷാദൗത്യം പോലും വൈകിച്ചു. പഴയ കെട്ടിടമായതിനാലും വാര്‍ഡുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്ന എന്ന അറിവില്‍ ആരും അവിടെ എത്താനിടയില്ലെന്ന നിഗമനത്തിലേക്ക് വളരെ വേഗം എല്ലാവരും എത്തി. അപകടം നടന്ന സ്ഥലത്തുവെച്ചും ആരോഗ്യമേഖലയില്‍ പ്രകടമായ വികസനത്തേക്കുറിച്ച് വാചാലരാകാനാണ് മന്ത്രിമാര്‍ ശ്രമിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.
കെട്ടിടം ഉപയോഗിക്കുന്നില്ലെന്ന മന്ത്രിമാരുടെ വാദം തെറ്റാണെന്ന വിവരമാണ് ഒടുവില്‍ പുറത്തുവരുന്നത്. മന്ത്രിമാരായ വീണ ജോര്‍ജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോഗികളുടെ പ്രതികരണം. ഉപയോഗ ശൂന്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞ കെട്ടിടം ഉപയോഗിച്ചിരുന്നു എന്ന് രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തെ ലഘൂകരിച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ പ്രതികരണം. രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്. സംഭവിച്ചത് ഗുരുതരമായ വീഴ്ചയെന്ന് ചാണ്ടി ഉമ്മന്‍ എംല്‍എ കുറ്റപ്പെടുത്തി.
അപകടസമയത്ത് കെട്ടിടത്തില്‍ നിന്ന് രോഗികള്‍ പരിഭ്രാന്തരായി ഓടിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷണന്‍ ആവശ്യപ്പെട്ടു. നിര്‍മാണം പൂര്‍ത്തിയായ പുതിയ കെട്ടിടം തുറന്നുകൊടുക്കാത്തത് എന്തുകൊണ്ടാണെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. ആരോഗ്യ മേഖല നാഥനില്ലാക്കളരിയാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി. അപര്യാപ്തകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പരിഹരിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഇടിഞ്ഞുവീണത് ആരും ഉപയോഗിക്കാത്ത കെട്ടിടമാണെന്നായിരുന്നു മന്ത്രി വി.എന്‍. വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് ഉപയോഗശൂന്യമായ കെട്ടിടമാണെന്നും വാര്‍ഡ് തൊട്ടപ്പുറത്താണെന്നും സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ് തകര്‍ന്നതെന്നും മന്ത്രി പറഞ്ഞു. പുതിയ കെട്ടിടം പണിതുകഴിഞ്ഞെന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് മൂന്നുപേര്‍ക്ക് പരിക്കേറ്റതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്നും ഇത് ആരും ഉപയോഗിക്കുന്നില്ലെന്നുമായിരുന്നു മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. കിഫ്ബിയില്‍നിന്ന് അനുവദിച്ച പണംകൊണ്ട് നിര്‍മിച്ച കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായെന്നും പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞിരുന്നു. ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്നും ഈ ഭാഗത്തെ മുറികള്‍ പൂര്‍ണമായും ഉപയോഗിച്ചിരുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടികെ ജയകുമാറും പ്രതികരിച്ചിരുന്നു.
എന്നാല്‍, മന്ത്രിമാരുടെയും ആശുപത്രി സൂപ്രണ്ടിന്റെയും വാദങ്ങള്‍ തള്ളുന്ന പ്രതികരണമാണ് രോഗികളും കൂട്ടിരിപ്പുകാരും നടത്തിയത്. തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയം ഉപയോഗിക്കാറുണ്ടെന്നും ഇതിനായി ആളുകള്‍ ഇവിടെവരാറുണ്ടെന്നുമാണ് ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ പറയുന്നത്. കെട്ടിടം പൂട്ടിയിരുന്നില്ല. അപകടസാധ്യത സംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും ഇവരുടെ പ്രതികരണത്തില്‍നിന്ന് വ്യക്തമാണ്. കെട്ടിടത്തിന്റെ മറ്റൊരുഭാഗത്ത് വാര്‍ഡുകളും അവിടെ രോഗികളും ഉണ്ടായിരുന്നു. അപകടശേഷമാണ് അവരെ ആ കെട്ടിടത്തില്‍നിന്ന് മാറ്റാന്‍ ശ്രമമുണ്ടായത്.
മകളുടെ ചികിത്സയ്ക്കായി എത്തി, ചേതനയറ്റ് മടക്കം
ന്യൂറോസര്‍ജറിക്കു വേണ്ടിയാണ് മകള്‍ നവമിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വിശ്രുതനും ബിന്ദുവും എത്തിയത്. ചികിത്സ കഴിഞ്ഞു ഭേദമായ ശേഷം മകളുമായി മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ചൊവാഴ്ചയാണു ആശുപത്രിയില്‍ അഡ്മിറ്റായത്. ബിന്ദുവിന്റെ മരണ വിവമറിഞ്ഞ് പൊട്ടിക്കരഞ്ഞ ഭര്‍ത്താവ് വിശ്രുതനെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍.
''ഞാന്‍ തകര്‍ന്നിരിക്കുകയാണ്. ഭാര്യ നഷ്ടപ്പെട്ടു നില്‍ക്കുമ്പോള്‍ എനിക്ക് ഒന്നും പറയാനാകുന്നില്ല. വെന്തുരുകുകയാണ് ഞാന്‍'' വിശ്രുതന്‍ പറഞ്ഞു. അമ്മ പോകല്ലേയെന്നു പ്രാര്‍ഥിച്ചതാണെന്നു വിശ്രുതന്റെ മകനും എന്‍ജിനീയറുമായ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. '' ഞാന്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ഥിച്ചു. എന്റെ അമ്മ ആരെയും ദ്രോഹിച്ചിട്ടില്ല. ജീവിതത്തില്‍ ആരെയും ദ്രോഹിച്ചിട്ടില്ല. അമ്മയ്ക്കു പകരം എന്നെ എടുത്താല്‍ മതിയായിരുന്നു'' പൊട്ടിക്കരഞ്ഞു കൊണ്ട് നവനീത് പറഞ്ഞു.
രാവിലെ കുളിക്കുന്നതിനു വേണ്ടിയാണു പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്കു ബിന്ദു എത്തിയതെന്നാണു വിവരം. ഈ സമയത്താണു കെട്ടിടം തകര്‍ന്നുവീണത്. വിശ്രുതന്‍ നിര്‍മാണ തൊഴിലാളിയാണ്. മകള്‍ നവമി ആന്ധ്രയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്.