കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ കെട്ടിടം തകര്‍ന്ന് വീണ് ഉണ്ടായ അപകടത്തില്‍ തലയോലപ്പറമ്പകാരി ബിന്ദു മരിച്ചിരുന്നു. ബിന്ദുവിന്റെ മരണവാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ബിന്ദുവിന്റെ മരണം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് മകന്‍ നവനീതിനെയും സഹോദരി നവമിയെയും ആണ്. നവമിയെ കണ്ട ഉടനെ 'അമ്മ നമ്മളെ ഇട്ടിട്ട് പോയി' എന്ന് പറഞ്ഞ് കൊണ്ട് കെട്ടിപിടിച്ച് കരയുകയായിരുന്നു നവനീത്. ഇത് കേട്ട നവമിക്കും കണ്ണീരടക്കാന്‍ സാധിച്ചില്ല. ഒന്ന് ഉറക്കെ കരയാന്‍ പോലും സാധിക്കാത്ത മുഖം പുതപ്പിനടയില്‍ ഒളിപ്പിച്ച് നവമി മനസ്സിലെ വേദന അടക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴുത്തിന്റെ ഭാഗത്തെ ശസ്ത്രക്രിയ കഴിഞ്ഞ് മറ്റൊരു ശസ്ത്രക്രിയ്ക്ക് തയ്യാറെടുക്കുകയായിരുന്നു നവമി. ഇതിനിടെയാണ് അമ്മയുടെ മരണവാര്‍ത്തയും എത്തയത്.

തകര്‍ന്ന കെട്ടിടത്തില്‍ വാര്‍ഡ് ആയിരുന്നില്ല. ആളൊഴിഞ്ഞ കെട്ടിടം ആയതിനാല്‍ പരിക്ക് പറ്റിയ കുട്ടിയെ കണ്ടെത്തിയത് അല്ലാതെ മറ്റാരും അപകടത്തില്‍ പെട്ടിട്ടില്ല എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അവരോട് എല്ലാം നവമി പറഞ്ഞിരുന്നു അമ്മയെ കാണാന്‍ ഇല്ലാ എന്ന്. അമ്മ അവിടെയുണ്ടായിരുന്നു. ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ല''-അപകടം കഴിഞ്ഞ് മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ മുതല്‍ നവമി തൊട്ടടുത്തുള്ള കിടക്കയിലുള്ളവരോട് ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു.

അതോടെയാണ് കെട്ടിടത്തിനുള്ളില്‍ ബിന്ദു കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലേക്ക് പോലീസും രക്ഷാപ്രവര്‍ത്തകരും എത്തിയത്. തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ബിന്ദുവെന്ന് ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. എറണാകുളത്തുനിന്ന് ബിന്ദുവിന്റെ മകന്‍ നവനീത് മോര്‍ച്ചറിയില്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ''എന്റെ അമ്മച്ചീ, ഞങ്ങളെ ഇട്ടിട്ട് പോയോ'' എന്ന് വാവിട്ട് കരഞ്ഞാണ് നവനീത് പുറത്തേക്ക് ഇറങ്ങിയത്. മകള്‍ നവമിയുടെ ചികിത്സാര്‍ഥം ജൂലായ് ഒന്നിനാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. ആന്ധ്രപ്രദേശില്‍ സ്വകാര്യ നഴ്സിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് നവമി.

കെട്ടിടത്തിനുള്ളില്‍ ആള്‍ കുടുങ്ങിയിട്ടുണ്ടാകുമെന്ന് ദൃക്സാക്ഷികള്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടും ആശുപത്രി അധികൃതരും സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും അംഗീകരിച്ചില്ല. ആരും ഉള്ളിലില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. മാധ്യമങ്ങളോട് സംസാരിച്ച മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍. വാസവനും ഇതു ശരിവെച്ചു. ഇടിഞ്ഞ കെട്ടിടഭാഗം നീക്കി തിരച്ചില്‍ ഊര്‍ജിതമാകാന്‍ വൈകി. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നെങ്കിലും അപകടസ്ഥലത്തേക്ക് എത്തിക്കാന്‍ വഴിയുണ്ടായില്ല. പിന്നീട് സമീപത്തെ ഒരു കെട്ടിടഭാഗം പൊളിച്ച് 12.45-ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് സ്ലാബുകള്‍ നീക്കുമ്പോഴാണ് ഒരുമണിയോടെ ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ച ഇതോടെ വെളിവായി.