പത്തനംതിട്ട: യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ക്രൂരമായ പീഡനമാണ് യുവാക്കള്‍ നേരിടേണ്ടിവന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിക്കുകയും നഖത്തിനടിയില്‍ മൊട്ടുസൂചി കുത്തിയിറക്കി വേദനിപ്പിക്കുകയും ചെയ്തുവെന്നാണ് മര്‍ദ്ദനത്തിനിരയായ യുവാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. പീഡനമേറ്റ രണ്ടു യുവാക്കളും പരിചയക്കാരാണ്. ബന്ധുക്കളാണെന്നും സൂചനകളുണ്ട്. റാന്നിക്കാരനാണ് പരാതിക്കാരന്‍. ഇയാള്‍ ബാഗ്ലൂരുവിലും മൈസൂരുവിലും ജോലി ചെയ്തിരുന്നു.

സംഭവത്തില്‍ ചരല്‍ക്കുന്ന് സ്വദേശികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവ് തന്നെ ആക്രമിക്കുമ്പോള്‍ രശ്മി അത് മൊബൈലില്‍ പകര്‍ത്തി ആസ്വദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പണം തട്ടാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ ആഭിചാരപ്രവര്‍ത്തനങ്ങളും ആ വീട്ടില്‍ നടക്കാറുണ്ടായിരുന്നുവെന്നാണ് മര്‍ദ്ദനമേറ്റ റാന്നി സ്വദേശിയായ യുവാവ് പറയുന്നത്. റാന്നി യുവാവിനൊപ്പം ജയേഷ് ജോലി ചെയ്തിരുന്നു. ബാഗ്ലൂരുവിലും മൈസൂരുവിലും എല്ലാം ജയേഷും പണിയെടുത്തു. അങ്ങനെയാണ് റാന്നിക്കാരനുമായുള്ള പരിചയയം. ഇതേ റാന്നിക്കാരന്റെ ബന്ധുവാണ് ആലപ്പുഴക്കാരന്‍. അങ്ങനെയാണ് ജയേഷും ഇയാളും തമ്മിലെ പരിയമുണ്ടാകുന്നത്. ഇവര്‍ രണ്ടു പേര്‍ക്കും രശ്മിയുമായി നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന.

നഖത്തിനടിയില്‍ മൊട്ടുസൂചി കയറ്റുമ്പോഴും മര്‍ദ്ദിക്കുമ്പോഴും രക്തം കാണുമ്പോഴും സന്തോഷമായിരുന്നു ഇരുവരുടെയും മുഖത്തെന്നാണ് യുവാവ് പറയുന്നത്. തിരുവോണ ദിവസം സദ്യനല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവാവിനെ ആക്രമിച്ചത്. റാന്നി സ്വദേശിയും അറസ്റ്റിലായ ജയേഷും സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. ഈ സൗഹൃദത്തിന്റെ പുറത്താണ് ജയേഷിന്റെ ക്ഷണം സ്വീകരിച്ച് ഓണസദ്യ ഉണ്ണാനായി ജയേഷിന്റെ വീട്ടിലെത്തിയത്. ജയേഷിനേക്കാള്‍ കൂടുതല്‍ പീഡനപ്രവൃത്തികള്‍ കണ്ട് ഉന്മാദാവസ്ഥയില്‍ രശ്മിയെത്തിയെന്നാണ് യുവാവ് പറയുന്നത്. കണ്ടുനില്‍ക്കാനാകാത്ത ദൃശ്യങ്ങളാണ് രശ്മിയുടെ ഫോണില്‍ നിന്ന് കിട്ടിയതെന്നാണ് പോലീസ് പറയുന്നത്. തലയൊഴിച്ച് ശരീരത്തിന്റെ ബാക്കിയെല്ലായിടത്തും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ഫോണില്‍ നിന്നും കൂടുതല്‍ പീഡന സൂചനകള്‍ കിട്ടിയെന്നാണ് സൂചന. മറ്റൊരു യുവാവും ക്രൂരമായ പീഡനത്തിനിരയായതായാണ് വിവരം. പീഡനമേറ്റ് മൃതപ്രായരായ യുവാക്കളെ പിന്നീട് വഴിയിലുപേക്ഷിക്കുകയായിരുന്നു.

ആലപ്പുഴ, പത്തനംതിട്ട റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. തിരുവോണ നാളിലാണ് ഒരാള്‍ പീഡനത്തിനിരയായത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം വിവസ്ത്രരാക്കി യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന തരത്തില്‍ അഭിനയിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ശേഷം ജയേഷും രശ്മിയും ചേര്‍ന്ന് കൈകള്‍ കെട്ടുകയും കെട്ടിത്തൂക്കി മര്‍ദിക്കുകയുമായിരുന്നു. ആലപ്പുഴക്കാരന്‍ ഓണത്തിന് രണ്ടു ദിവസം മുമ്പാണ് വന്നത്. ഒരു യുവാവിന്റെ ലൈംഗികാവയവത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചതായും വിവരമുണ്ട്. കൈയിലെ നഖം പ്ലയര്‍ ഉപയോഗിച്ച് അമര്‍ത്തിയും പീഡനമുണ്ടായി. പ്രതികള്‍ സൈക്കോ മനോനിലയുള്ളവരെന്നാണ് പോലീസ് ഭാഷ്യം.

ചരല്‍ക്കുന്നില്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയ രണ്ട് യുവാക്കള്‍ നേരിട്ടത് സമാനതകളില്ലാത്ത പീഡനമായിരുന്നു. യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂരമായി മര്‍ദിച്ചെന്നും ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ അടിച്ചുവെന്നും പരാതിയുണ്ട്. ജനനേന്ദ്രയില്‍ 23സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചുവെന്ന് റാന്നി സ്വദേശിയുടെ പരാതിയില്‍ പറയുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റാന്നി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി വിളിച്ചുവരുത്തുകയും തുടര്‍ന്ന് രശ്മിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുപോലെ അഭിനയിപ്പിച്ച് വീഡിയോ പകര്‍ത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.തുടര്‍ന്നാണ് ഇരുവരും അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയനാക്കുകയായിരുന്നു. വിരലുകളിലെ നഖങ്ങള്‍ പ്ലെയര്‍ ഉപയോഗിച്ച് പിഴുതെടുക്കുകയും ചെയ്തതായും പരാതിയുണ്ട്. തുടര്‍ന്ന് ഇയാളെ മാരാമണ്ണിലെത്തിച്ച് റോഡില്‍ ഉപേക്ഷിച്ചു.

അവശനിലയില്‍ റോഡില്‍ കിടന്ന യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറന്മുള പൊലീസ് ഇയാളോട് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും യുവാവ് സത്യം തുറന്ന് പറഞ്ഞില്ല. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹണി ട്രാപ്പില്‍ പെടുത്തിയുള്ള മര്‍ദനമാണെന്ന് ബോധ്യമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവിനും സമാനമായ അനുഭവം ഉണ്ടായതായി വ്യക്തമായി. റാന്നിക്കാരന്റെ ബന്ധു ആയതു കൊണ്ടാണ് വിവരം കിട്ടിയത്. സംഭവം കോയിപ്രം സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് കോയിപ്രം പൊലീസിന് കൈമാറിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.