തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ സീറ്റുകള്‍ക്കായി വിലപേശല്‍ തുടങ്ങിയ ആര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാറിന് മുന്നില്‍ ചുവപ്പുകൊടി കാട്ടി സി.പി.എം. ആര്‍.ജെ.ഡി എന്ന പാര്‍ട്ടി കേരളത്തില്‍ ക്ഷയിച്ചു കഴിഞ്ഞുവെന്നും, കല്‍പറ്റയും വടകരയും കൂത്തുപറമ്പും അല്ലാതെ ഒരൊറ്റ സീറ്റ് പോലും അധികം നല്‍കില്ലെന്നുമാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിലപാട്.

മുന്നണി വിടുമെന്ന ഭീഷണി മുഴക്കിയ ശ്രേയാംസിന്, 'വേണമെങ്കില്‍ പൊയ്ക്കോളൂ' എന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന സൂചന. എന്നാല്‍, ഇടത് മുന്നണി വിട്ടാല്‍ യു.ഡി.എഫില്‍ അഭയം കിട്ടുമെന്ന പ്രതീക്ഷയും ഇപ്പോള്‍ അസ്തമിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ പ്രചരണ ജാഥകളിലും പ്രധാന ആര്‍ ജെ ഡി നേതാക്കള്‍ സജീവമല്ല. ഇതും സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനിടെ പാര്‍ട്ടിയില്‍ കെപി മോഹനന് കൂടുതല്‍ ശക്തി വരികയാണ്. കെപി മോഹനന് പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം നിഷേധിച്ചത് ചിലരുടെ കുബുദ്ധി മൂലമായിരുന്നു. ഇത് പാര്‍ട്ടി അണികളും ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. മോഹനനും സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കാനാണ് നീക്കം.

മുന്നണി മാറിയെത്തിയാല്‍ കെ.പി. മോഹനന് കൂത്തുപറമ്പ് സീറ്റ് നല്‍കാന്‍ യു.ഡി.എഫിന് വിരോധമില്ല. എന്നാല്‍, ശ്രേയാംസ് കുമാറിന് വേണ്ടി കല്‍പറ്റയോ വടകരയോ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തയ്യാറല്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ അടക്കം മത്സരിച്ച അഞ്ച് സീറ്റിലും തോറ്റ് തൊപ്പിയിട്ട ആര്‍.ജെ.ഡിയുടെ 'വോട്ട് ബാങ്ക്' വെറും മിഥ്യയാണെന്ന് ഇരുമുന്നണികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. മാതൃഭൂമി പത്രത്തിനും ചാനലിനും ഉണ്ടായ കനത്ത പ്രേക്ഷക വീഴ്ചയും ശ്രേയാംസിന്റെ രാഷ്ട്രീയ വിലപേശല്‍ ശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ കെപി മോഹനന് പാര്‍ട്ടിയില്‍ ശക്തി കൂട്ടുന്നതുമാണ്.

അതിനിടെ വെറുതെ പടിയിറങ്ങിപ്പോകാന്‍ ശ്രേയാംസിനെ സി.പി.എം അനുവദിക്കില്ലെന്നാണ് വിവരം. ആര്‍.ജെ.ഡിയെയും ശ്രേയാംസ് കുമാറിനെയും രാഷ്ട്രീയമായി സമ്മര്‍ദ്ദത്തിലാക്കാന്‍ സഹായിക്കുന്ന ഒരു 'വജ്രായുധം' സി.പി.എം കയ്യില്‍ കരുതിയിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള അതിരുവിട്ട വിലപേശലിന് മുതിര്‍ന്നാല്‍ ഈ ആയുധം പ്രയോഗിക്കാനാണ് നീക്കം. ഇതോടെ, ഇടത് മുന്നണിയില്‍ അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന് പരസ്യമായി വിലപിക്കുമ്പോഴും, ഒരിടത്തും പോകാനില്ലാത്ത ഗതികേടിലാണ് ആര്‍.ജെ.ഡി ഇപ്പോള്‍. കൂത്തുപറമ്പില്‍ കെപി മോഹനന് ജയസാധ്യതയുമുണ്ട്.

ആര്‍.ജെ.ഡിയിലെ ഭിന്നതയും മുന്നണി വിടുമെന്ന സൂചന നല്‍കി പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാന്‍ ശ്രേയാംസ് ശ്രമിക്കുമ്പോഴും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ഇതിനോട് യോജിപ്പില്ല. കല്‍പറ്റയും വടകരയും നിലനിര്‍ത്താന്‍ സി.പി.എമ്മിന്റെ കാരുണ്യം വേണമെന്നിരിക്കെ, അനാവശ്യ ഭീഷണി തിരിച്ചടിക്കുമെന്നാണ് ഇവരുടെ ഭയം. മാതൃഭൂമി ഗ്രൂപ്പിന്റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കിയിരുന്ന കാലം കഴിഞ്ഞുവെന്ന് സി.പി.എം വ്യക്തമാക്കിയതോടെ ശ്രേയാംസ് കുമാര്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്.

മുമ്പ് സോഷ്യലിസ്റ്റ് ജനതയായിരുന്നു ഈ പാര്‍ട്ടി. ഇതിനെ ആര്‍ജെഡിയിലേക്ക് ലയിപ്പിച്ചത് ശ്രേയംസ് കുമാറായിരുന്നു. അതിനേയും സംസ്ഥാന നേതാക്കള്‍ എതിര്‍ത്തിരുന്നു. ആര്‍ ജെ ഡിയ്ക്ക് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തിരിച്ചടിയുണ്ടായി. ഇതോടെ ലയനവും ഗുണമില്ലാത്ത അവസ്ഥയിലെത്തിച്ചു.