തിരുവനന്തപുരം: വീണ്ടും വൈദ്യുതിയില്‍ ഇരുട്ടടി വരും. മൂന്നുവര്‍ഷത്തേക്ക് നിരക്ക് വീണ്ടും കൂട്ടണമെന്ന ആവശ്യമുന്നയിച്ച് വൈദ്യുതിബോര്‍ഡ് റെഗുലേറ്റി കമ്മിഷന് അപേക്ഷ നല്‍കിയതോടെ നിരക്ക് കൂടുമെന്ന് ഏതാണ്ട് ഉറപ്പായി.

2024-'25 വര്‍ഷം യൂണിറ്റിന് ശരാശരി 34 പൈസ കൂട്ടണമെന്നാണ് ആവശ്യം. ഉപയോഗം കൂടുന്ന ജനുവരിമുതല്‍ മേയ്വരെ സാധാരണ നിരക്കിനുപുറമേ യൂണിറ്റിന് പത്തുപൈസ അധികം വേണമെന്നതുള്‍പ്പടെയാണ് ഈ നിരക്ക്. ഇത് കമ്മീഷന്‍ അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. കഴിഞ്ഞവര്‍ഷം നവംബറിലാണ് യൂണിറ്റിന് ശരാശരി 20 പൈസ കൂട്ടിയത്. ബോര്‍ഡിന്റെ ശുപാര്‍ശ കമ്മിഷന്‍ അംഗീകരിച്ചാല്‍ നിരക്ക് കുത്തനെ ഉയരും. സാധാരണക്കാര്‍ക്ക് അത് താങ്ങാനാവുന്നതിലും അപ്പുറമാകും.

മാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വീട്ടുകാര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും പകലും രാത്രിയിലും വെവ്വേറെ നിരക്ക് നടപ്പാക്കണം. ഈ വര്‍ഷം ജൂലായ് ഒന്നുമുതല്‍ 2027 മാര്‍ച്ച് 31 വരെ എല്ലാവര്‍ഷവും നിരക്കുകൂട്ടണം. എല്ലാ സോളാര്‍ വൈദ്യുതി ഉത്പാദകര്‍ക്കും ടൈം ഓഫ് ദ ഡേ മീറ്റര്‍ ഏര്‍പ്പെടുത്തണം. പകല്‍ ഉത്പാദിപ്പിക്കുന്നതിന്റെ 80 ശതമാനമേ രാത്രിയില്‍ തിരിച്ചുനല്‍കേണ്ടതുള്ളൂ.

2024-'25-ല്‍ 811.20 കോടി രൂപയുടെ നിരക്ക് വര്‍ധന അനുവദിക്കണം എന്നതാണ് കെ എസ് ഇ ബിയുടെ ആവശ്യം. 2025-'26-ല്‍ അധികം വേണ്ടത് 549.10 കോടിയാണെന്നും പറയുന്നു. 2026-'27-ല്‍ 53.82 കോടി അധികം കണ്ടെത്തണം. ഇതിനൊപ്പം മാസം 50 യൂണിറ്റിനുള്ളില്‍ ഉപയോഗിക്കുന്നവര്‍ക്ക് വേനല്‍ക്കാല നിരക്ക് ബാധകമല്ലെന്നും ചെറുകിട വ്യവസായങ്ങള്‍ക്ക് പകല്‍നിരക്കില്‍ 10 ശതമാനം ഇളവ് നല്‍കാമെന്നും പറയുന്നുണ്ട്.

മാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വീട്ടുകാര്‍ ടൈം ഓഫ് ദ ഡേ താരിഫിലേക്ക് മാറണം. ആറുമുതല്‍ ആറുവരെ ഇവര്‍ക്ക് 10 ശതമാനം ഇളവ്. വൈകുന്നേരം ആറുമുതല്‍ രാത്രി 11വരെ അഞ്ചുശതമാനം വര്‍ധന. 11-നുശേഷം 10 ശതമാനം കൂട്ടണം. 250 യൂണിറ്റില്‍ കൂടിയാല്‍ വൈകുന്നേരം 25 ശതമാനം അധികം നല്‍കണമെന്നതാണ് ആവശ്യം.