തൊടുപുഴ: കെഎസ്ഇബിയില്‍ പത്താംക്ലാസ് തോറ്റവര്‍ പോലും എഞ്ചിനീയറാകുന്ന വിധത്തിലാണ് പ്രമോഷന്‍ മാനദണ്ഡം. അതുകൊണ്ട് തന്നെ പത്താംക്ലാസ് തോറ്റവര്‍ ലക്ഷങ്ങള്‍ വാങ്ങുന്ന തസ്തികയില്‍ ഇപ്പോള്‍ ജോലിയിലുണ്ട്. ഇത് ബോര്‍ഡിനെ മുടിപ്പിക്കുന്ന വഴിയാണെന്ന വിമര്‍ശനം നേരത്തെ തന്നെ നിലനില്‍ക്കുന്നതാണ്. ഇതിനിടെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി യോഗ്യത ഇല്ലാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് വൈദ്യുതി ബോര്‍ഡില്‍ അപകടങ്ങള്‍ക്ക് ഇടയാക്കുന്നു എന്ന ആക്ഷേപവും ശക്തമാകുന്നു.

മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി യോഗ്യതയില്ലാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതാണ് പവര്‍ ഹൗസുകളിലടക്കം അപകടനിരക്ക് ഉയരാന്‍ കാരണമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. മസ്ദൂര്‍ ലൈന്‍മാനായതും ഐ.ടി.ഐ ക്കാര്‍ എന്‍ജിനീയറായതുമാണ് ഈ മേഖലയില്‍ അപകടനിരക്ക് കൂടാന്‍ കാരണമെന്നാണ് വൈദ്യുതി ബോര്‍ഡ് ഉന്നതരുടെ വിലയിരുത്തല്‍. ബോര്‍ഡില്‍ വര്‍ക്ക്മെന്‍ തസ്തികയില്‍ നിന്നും ഓഫിസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ പെര്‍ഫോമന്‍സ് അപ്രൈസല്‍ റിപ്പോര്‍ട്ടിങ് സിസ്റ്റം കൊണ്ടുവരാന്‍ 2022 ല്‍ സി.എം.ഡി ഉത്തരവിറക്കിയെങ്കിലും നടപ്പായിട്ടില്ല.

പലപ്പോഴും മാനദണ്ഡങ്ങള്‍ പാലിക്കാതെ ബോര്‍ഡില്‍ സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഏതാനും വര്‍ഷം മുമ്പ് 1179 മീറ്റര്‍ റീഡര്‍മാരെ ഒറ്റയടിക്ക് സബ് എന്‍ജിനീയര്‍മാരാക്കി. അഞ്ച് വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയെന്നത് മാത്രമായിരുന്നു മാനദണ്ഡം. ഇവരില്‍ പലരും ഇപ്പോള്‍ അസി. എന്‍ജിനീയര്‍മാരാണ്. മീറ്റര്‍ റീഡിങ് ആന്റ് സ്പോട്ട് ബില്ലര്‍ എന്ന തസ്തികക്കാരുടെ ജോലി പൂര്‍ണമായും ക്ലറിക്കലാണ്. സാങ്കേതിക മികവ് ഇതിന് ഒട്ടും ആവശ്യമില്ല. ഐ.ടി.ഐ കളില്‍ നിന്നും വയര്‍മാന്‍, ഇലക്ടീഷ്യന്‍ കോഴ്സ് പാസായവരാണ് ഈ തസ്തികയില്‍ ജോലി ചെയ്യുന്നത്.

സബ് എന്‍ജിനീയര്‍മാരുടെ ജോലി അങ്ങേയറ്റം സാങ്കേതിക മികവ് പുലര്‍ത്തേണ്ടതാണ്. 11 കെ.വി പോലുള്ള ഹൈ വോള്‍ട്ടേജ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം നല്‍കേണ്ടത് സബ് എന്‍ജിനീയര്‍മാരാണ്.

എന്നാല്‍ ചെറിയ വയറിങ് ജോലിയെക്കുറിച്ചു പോലും ധാരണയില്ലാത്തവരാണ് പ്രമോഷനിലൂടെ സബ് എന്‍ജിനീയര്‍മാരായിരിക്കുന്നത്. വിതരണ ലൈനുകളിലെ വോള്‍ട്ടേജ് സംബന്ധിച്ചോ നിയന്ത്രണം സംബന്ധിച്ചോ ഇക്കൂട്ടര്‍ക്ക് പ്രായോഗികജ്ഞാനമില്ല. ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ യോഗ്യത വേണമെന്ന് 1956 ലെ വൈദ്യുതി നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്.

ഹൈവോള്‍ട്ടേജ് ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും കുറഞ്ഞ യോഗ്യത ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിലുള്ള ത്രിവത്സര ഡിപ്ലോമയാണ്. ഈ നിയമത്തിനെല്ലാം പുല്ലുവില നല്‍കിയാണ് വൈദ്യുതി ബോര്‍ഡും യൂനിയനുകളും തമ്മിലുള്ള ധാരണപ്രകാരം യോഗ്യതയില്ലാത്തവര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കിയത്.

ഇത്തരം കാര്യങ്ങള്‍ക്കിടെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും കെ.എസ്.ഇ.ബി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കേന്ദ്ര പവര്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വര്‍ക്കര്‍, ലൈന്‍മാന്‍, ഓവര്‍സിയര്‍, സബ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് 12 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. മൂലമറ്റം പെറ്റാര്‍ക്കിലും കോഴിക്കോട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം റീജ്യനല്‍ സെന്ററുകളിലുമാണ് പരിശീലനം നല്‍കുന്നത്.

പത്താം ക്ലാസ് തോറ്റവര്‍ വാങ്ങുന്ന ശമ്പളം ലക്ഷങ്ങള്‍

അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കെ.എസ്.ഇ.ബിയില്‍ പത്താം ക്ലാസ് തോറ്റവര്‍ വാങ്ങുന്ന ശമ്പളം ലക്ഷങ്ങളാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഓവര്‍സിയര്‍മാരില്‍ ഭൂരിപക്ഷവും എസ്.എസ്.എല്‍.സി. തോറ്റവരാണ്. ഡ്രൈവര്‍മാരിലും എസ്.എസ്.എല്‍.സി തോറ്റവരുണ്ട്. ലൈന്‍മാന്‍മാരുടെയും വര്‍ക്കര്‍മാരുടെയും സ്ഥിതിയും വ്യത്യസ്തമല്ല. വര്‍ക്കറായി കയറി പിന്നീട് പത്താംതരം തുല്യത/ ഐ.ടി. തുല്യത നേടിയെടുത്താണ് പലരും പ്രമോഷന്‍ തരപ്പെടുത്തുന്നതും ഭീമന്‍ ശമ്പളം കൈപ്പിടിയിലൊതുക്കുന്നതും.

പത്തുതോറ്റവരില്‍ സബ് എന്‍ജിയര്‍ ഗ്രേഡ് ലഭിച്ച 451 പേരുണ്ടെന്ന വിവരാവകാശ രേഖയും പുറത്തുവന്നിരുന്നു. വിവരാവകാശ പ്രകാരം, പൊതുപ്രവര്‍ത്തകനായ ഷാജി ഈപ്പന് കിട്ടിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. പത്തുതോറ്റ സബ് എന്‍ജിയര്‍ ഗ്രേഡ് ലഭിച്ച ഇവര്‍ വാങ്ങുന്നത് പ്രതിമാസം 1.33 ലക്ഷം രൂപയാണ്. സബ് എന്‍ജിനീയര്‍ ഗ്രേഡിനു മുകളിലുള്ള പത്താംതരം തോറ്റവര്‍ 34 പേരുണ്ട്. അവര്‍ക്കു മാസശമ്പളം 1.43 ലക്ഷമാണ്. 1998-നുശേഷം മേല്‍പ്പറഞ്ഞ തസ്തികകളില്‍ ജോലിക്കു കയറിവരെല്ലാം എസ്.എസ്.എല്‍.സി.തോറ്റവരാണ്.

അന്നെക്കെ ഐ.ടി, ഡിപ്ലോമ വിഭാഗത്തിലുള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാമായിരുന്നു. അവര്‍ക്ക് 50 ശതമാനം നിയമനം ലഭിച്ചിരുന്നു. ടെക്നിക്കലായി പഠിച്ചവര്‍ക്ക് കിട്ടേണ്ട ജോലിയാണ് പില്‍ക്കാല പരിഷ്‌കരണത്തിലൂടെ തോറ്റവര്‍ക്ക് ലഭിച്ചത്. 1996-ല്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് തോറ്റവര്‍ക്കായി മാനദണ്ഡം കൊണ്ടുവന്നത്.

സി.ഐ.ടി.യുവിന്റെ നിര്‍ദേശം പരിഗണിച്ചായിരുന്നു തീരുമാനം. അന്ന് വര്‍ക്കറായി കയറിയവര്‍ പിന്നീട് ലൈന്‍മാനും ഓവര്‍സീയറും സബ് എന്‍ജിനീയറുമായി. ഓവര്‍സിയറില്‍നിന്ന് സബ് എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍ ആകാന്‍ പത്താം ക്ലാസ് തുല്യതയോ ഐ.ടി. തുല്യതയോ പാസായാല്‍ മതി. ഐ.ടി. തുല്യതയെന്നാല്‍ പ്രബന്ധമെഴുതിയാല്‍ മതി. സബ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള നിയമനത്തിന്റെ 50 ശതമാനം ഓവര്‍സിയറില്‍മാരില്‍ (പത്തു പാസാകാത്ത)നിന്നാണ്. അതുപോലെ 20 ശതമാനം അസി. എന്‍ജിനീയര്‍ ക്വാട്ട. പത്തുതോറ്റവര്‍ ഒന്നരവര്‍ഷം കൊണ്ട് ഓവര്‍സിയര്‍മാരായ ചരിത്രവുമുണ്ട്.

ഓവര്‍സിയറായി പത്തുവര്‍ഷം കഴിഞ്ഞാല്‍ തുല്യതാപരീക്ഷ പാസാകാതെ തന്നെ സബ് എന്‍ജിനീയറുടെ ഗ്രേഡ് കിട്ടും. പിന്നീട് എട്ടുവര്‍ഷം കഴിഞ്ഞാല്‍ അസി. എന്‍ജിനീയര്‍ ഗ്രേഡിലേക്ക് എത്തും. അതായത് എസ്.എസ്.എല്‍.സി തോറ്റവരുടെ പടതന്നെയാകും കെ.എസ്.ഇ.ബിയില്‍ എന്നു സാരം. നഷ്ടത്തിലാണെന്നു പറഞ്ഞാണ് കെ.എസ്.ഇ.ബി. വൈദ്യുതി നിരക്ക് കഴിഞ്ഞ ദിവസം കൂട്ടിയത്. 1750 കോടി രൂപ മാസവരുമാനം ലഭിക്കുന്ന കെ.എസ്.ഇ.ബിക്ക് ചെലവ് ശരാശരി 1950 കോടിയാണ്.