തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയായ ആയിരക്കണക്കിന് കെഎസ്ആര്‍ടിസി ബസുകളുടെ രജിസ്ട്രേഷന്‍ കാലാവധി രണ്ട് വര്‍ഷത്തേക്ക് നീട്ടി ഗതാഗത വകുപ്പ്.നാളെ 15 വര്‍ഷം പൂര്‍ത്തിയാകുന്ന ബസുകളുടെ സര്‍വീസ് കാലാവധിയാണ് നീട്ടിയിരിക്കുന്നത്.സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനത്തിലൂടെ 15വര്‍ഷം തികയുന്ന ബസുകള്‍ക്ക് നിരത്തില്‍ സര്‍വീസ് തുടരാനാകും.കെഎസ്ആര്‍ടിസിയുടെ ചെയര്‍മാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവിറക്കിയത്.

1117 ബസുകളുടെ കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടിയാണ് നീട്ടി നല്‍കിയത്.കാലാവധി പൂര്‍ത്തിയാകുന്ന കെഎസ്ആര്‍ടിസി ബ

സുകള്‍ പിന്‍വലിച്ചാലുണ്ടാകുന്ന യാത്രാക്ലേശം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിയെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്.15 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ 1270 വാഹനങ്ങള്‍ക്ക് (1117 ബസുകളും 153 ബസിതര വാഹനങ്ങള്‍) നിരത്തിലിറക്കാന്‍ കഴിയാത്തത് വന്‍പ്രതിസന്ധിക്കിടയാകുമെന്നും പൊതുനിരത്തില്‍ നിന്നും ഇത്രയും വാഹനങ്ങള്‍ പിന്‍വലിക്കേണ്ടി വരുന്നത് കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും ചെയര്‍മാന്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു.

രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുളള ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല.കൂടാതെ സ്വകാര്യ ബസുകള്‍ക്കുളള കാലാവധി 22 വര്‍ഷമായി സര്‍ക്കാര്‍ ഉയര്‍ത്തി നല്‍കിയിട്ടുളളതും കൂടി പരിഗണിച്ച് കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്ക് 2026 സെപ്റ്റംബര്‍ 30വരെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെടുകയുണ്ടായി.ഇതോടെയാണ് ഗതാഗത വകുപ്പ് പുതിയ തീരുമാനം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.ബസുകള്‍ക്ക് ഒപ്പം കെഎസ്ആര്‍ടിസിയുടെ മറ്റ് 153 വാഹനങ്ങളുടെ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ട്.

എന്നാല്‍ കേന്ദ്ര ഗതാഗത നിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.കാലാവധി നീട്ടലില്‍ കേന്ദ്രത്തിന്റെ അന്തിമ തീരുമാനവും നിര്‍ണായകമാകും.എന്നാല്‍, കാലാവധി നീട്ടുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്.കാലാവധി നീട്ടണം എന്നാവശ്യപ്പെട്ടു മന്ത്രി ഗണേഷ് കുമാര്‍,കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരിക്ക് രണ്ടാഴ്ച മുന്‍പ് കത്ത് നല്‍കിയിരുന്നു.ഒരു മറുപടിയും ഇല്ലാത്തത്തിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.

അതേസമയം കെ.എസ്.ആര്‍.ടി.സി.യുടെ മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിനും അനുമതിയായി.പത്തനാപുരം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്നു നടത്തിയ ട്രയല്‍ റണ്‍ വിജയകരമായിരുന്നു. തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഒരുമാസത്തിനുള്ളില്‍ പദ്ധതി തുടങ്ങും.മൂന്ന് സ്വകാര്യ കമ്പനികളുടെ ബസുകളാണ് ട്രയല്‍ റണ്ണിന് ഉപയോഗിച്ചത്.അതിലൊന്ന് പത്തനാപുരം-നെടുങ്കണ്ടം-കട്ടപ്പന വരെ സര്‍വീസ് നടത്തി.

മറ്റ് രണ്ടും ലോക്കല്‍ സര്‍വീസ് ആയിരുന്നു. ഇതില്‍ കട്ടപ്പന സര്‍വീസ് നടത്തിയ ബസ് ആണ് കൂടുതല്‍ മെച്ചപ്പെട്ടതെന്ന് വിലയിരുത്തി. ഈ കമ്പനിയുടെ ബസുകളാണ് പദ്ധതിയില്‍ ഉപയോഗിക്കുക. 37 പേര്‍ക്കിരിക്കാവുന്ന ബസാണിത്.ജൂലായ് 29 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് പത്തനാപുരം-കട്ടപ്പന റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തിയത്. ദിവസേന രണ്ട് സര്‍വീസുകളുണ്ടായിരുന്നു. മറ്റ് രണ്ട് ബസുകളും ജൂണ്‍ ഏഴ് മുതല്‍ 28 വരെയും ജൂണ്‍ 29 മുതല്‍ ജൂലായ് 28 വരെയും ട്രയല്‍ റണ്‍ നടത്തി. ഡീസല്‍ ചെലവ് കുറവാണെന്നതാണ് മിനി ബസുകളുടെ മേന്മ.

2001-ല്‍ മിനിബസ് സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി.ക്ക് നഷ്ടം വന്നതിനെത്തുടര്‍ന്ന് ഇവ പൊളിച്ചുവിറ്റിരുന്നു. തുടര്‍ച്ചയായി തകരാറുകളുണ്ടായ ബസുകളുടെ പരിപാലനച്ചെലവ് താങ്ങാനാകാതെയാണ് അന്ന് പദ്ധതി വേണ്ടെന്നു വെച്ചത്. എന്നാല്‍ ഇത്തവണ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് മുന്‍കൂറായി വിവിധ കമ്പനികളുടെ ബസുകള്‍ ഒരുമാസത്തോളം ട്രയല്‍ റണ്‍ നടത്തിയത്.

ഇതിലൂടെ മികച്ച സര്‍വീസ് നടത്തുന്ന ബസ് കണ്ടെത്താനായി. വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി, യാത്രാസൗകര്യം, വാഹനത്തിനുള്ളിലെ ചൂട്, ഉള്ളിലെ സ്ഥലം എന്നിവയെപ്പറ്റി യാത്രക്കാരില്‍നിന്നു ശേഖരിച്ച അഭിപ്രായങ്ങളും വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ് വാഹനം തിരഞ്ഞെടുത്തത്. ബസില്‍ ചാര്‍ജിങ് സംവിധാനം പോലുള്ള സൗകര്യങ്ങളുമുണ്ടാകും.