കൊച്ചി: ബാറിലെ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ഒളിവിലുള്ള നടി ലക്ഷ്മി മേനോനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കേസിൽ ലക്ഷ്മി മേനോൻ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അനീഷ്, മിഥുൻ, സോനമോൾ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രധാന പ്രതികളിലൊരാളായ ലക്ഷ്മി മേനോനെ കണ്ടെത്താനായിട്ടില്ല.

ഇപ്പോഴിതാ, നടി ലക്ഷ്‌മി മേനോന്റെ ജീവിതം കൂടുതൽ ശ്രദ്ധിക്കപ്പെടുകയാണ്. തമിഴകത്ത് ശ്രദ്ധേയയായ നടിയായിരുന്നു ലക്ഷ്മി മേനോൻ. 2016 മുതൽ അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്നിരുന്ന നടി 'ചന്ദ്രമുഖി 2' എന്ന ചിത്രത്തിലൂടെയാണ് അടുത്തിടെ തിരിച്ചെത്തിയത്. സിനിമയിൽ അവസരങ്ങൾ കുറഞ്ഞുവന്നതോടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായും അമ്മ നന്നാകാൻ പറഞ്ഞിരുന്നതായും നടി മുമ്പൊരിക്കൽ പറഞ്ഞിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെ ലക്ഷ്മി മേനോൻ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. നടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

നടിയും സംഘവും ഐടി ജീവനക്കാരന്റെ വാഹനം തടയുകയും ജീവനക്കാരനെ ആക്രമിക്കുകയും ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രി നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ബാറിൽ വെച്ചുണ്ടായ തർക്കമാണ് സംഭവങ്ങൾക്ക് പിന്നിലെ കാരണം. ഐടി ജീവനക്കാരൻ്റെ സംഘത്തിലുണ്ടായിരുന്ന തായ്‌ലൻഡ് യുവതിയോട് ലക്ഷ്മി മേനോൻ്റെ സംഘാംഗങ്ങൾ കൂടുതൽ സമയം സംസാരിച്ചത് തർക്കത്തിലേക്ക് നയിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനും സംഘവും കാറിൽ പുറത്തേക്ക് പോകുമ്പോൾ ലക്ഷ്മി മേനോനും കൂട്ടാളികളും അവരുടെ വാഹനം തടയുകയായിരുന്നു. തുടർന്ന് ജീവനക്കാരനെ വാഹനത്തിൽ നിന്ന് ബലമായി പുറത്തിറക്കി മറ്റൊരു കാറിൽ തട്ടിക്കൊണ്ടുപോയി വെടിമറയിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. പിന്നീട് പറവൂർ കവലയിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നു കളഞ്ഞു. ലക്ഷ്മി മേനോൻ ആലുവയിൽ ഇറങ്ങിയതിന് ശേഷമാണ് മർദ്ദനം നടന്നതെന്നാണ് സൂചന.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മിഥുൻ, അനീഷ്, സോനമോൾ എന്നിവരെ എറണാകുളം ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. വെലോസിറ്റി ബാറിൽ വെച്ചുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്നുണ്ടായ വൈരാഗ്യത്തിന്റെ പേരിലാണ് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. അവശനിലയിലായ യുവാവിനെ പറവൂരിലെത്തിച്ചു മർദ്ദിച്ച ശേഷം തോട്ടക്കാട്ടുകരയിൽ ഉപേക്ഷിക്കുകയായിരുന്നു.

സദർലാൻഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവാണ് മർദ്ദനത്തിനിരയായത്. സംഭവം നടക്കുമ്പോൾ ലക്ഷ്മി മേനോൻ സംഭവ സ്ഥലത്തുണ്ടായിരുന്നതായും, മദ്യലഹരിയിലായിരുന്നുവെന്നും സൂചനകളുണ്ട്. തമിഴിലും മലയാളത്തിലും ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ലക്ഷ്മി മേനോൻ. 2011-ൽ വിനയൻ സംവിധാനം ചെയ്ത 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വിക്രം പ്രഭുവിന്റെ നായികയായി 'കുംകി' എന്ന ചിത്രത്തിലും, 'സുന്ദരപാണ്ഡ്യൻ' ഉൾപ്പെടെയുള്ള തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അറസ്റ്റിലായ സോനമോളുടെ പരാതിയിൽ എതിർസംഘത്തിലുണ്ടായിരുന്ന ഒരാൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ മൂന്നു പ്രതികളെ റിമാൻഡ് ചെയ്തു. കേസിന്റെ അന്വേഷണം ലക്ഷ്മി മേനോനിലേക്ക് എത്തുമെന്ന സൂചനകളാണുള്ളത്. അതേസമയം, നടിയെ കേസിൽ ഉൾപ്പെടുത്താതിരിക്കാൻ സമ്മർദ്ദമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.