വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി. ദുരന്തം നടന്ന് 13 മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കൈയിലെത്താനാകുന്നത്. ചൂരല്‍മലയില്‍നിന്ന് മൂന്നര കിലോമീറ്റര്‍ അകലെയാണ് മുണ്ടക്കൈ. ആളുകളെ ജീപ്പുമാര്‍ഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റാനാണ് ശ്രമം. അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. 98 പേരെ കാണാനില്ല

രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചര്‍ പാര്‍ക്കുകളിലെ റോപ്പുകളും എത്തിക്കുന്നു. ചൂരല്‍മലയിലെ പത്താം വാര്‍ഡായ അട്ടമലയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്ന് സൈന്യം അറിയിച്ചു. ചൂരല്‍മലയും പത്താം വാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാല്‍ അങ്ങോട്ട് കടക്കുക ദുഷ്‌കരമാണ്. അഞ്ച് സൈനികര്‍ കയര്‍ കെട്ടി പത്താം വാര്‍ഡിലേക്ക് കടന്നെങ്കിലും കൂടുതല്‍ പേരെ എത്തിക്കാനുള്ള കയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് സൈന്യം അറിയിച്ചു.

ഈ സാഹചര്യത്തിലാണ് തൊട്ടടുത്തുള്ള അഡ്വഞ്ചര്‍ പാര്‍ക്കുകളിലെ വലിയ റോപ്പുകള്‍ എത്തിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടതും തകര്‍ന്നടിഞ്ഞതും പത്താം വാര്‍ഡായ അട്ടമലയാണ്. അതിനാലാണ് രക്ഷാ പ്രവര്‍ത്തനം ആദ്യം അങ്ങോട്ട് കേന്ദ്രീകരിക്കുന്നത്. അതിനിടെ, തിരുവനന്തപുരത്ത് നിന്ന് രണ്ട് കോളം സൈനികരുടെ സംഘത്തെ വഹിച്ചു കൊണ്ട് രണ്ട് വിമാനങ്ങള്‍ ഉടന്‍ പുറപ്പെടും.

അഞ്ച് മണിക്ക് വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. അവിടെ നിന്ന് റോഡ് മാര്‍ഗം വയനാട്ടിലേക്ക് പോകും. ജീവന്‍ രക്ഷാ ഉപകരണങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉള്ള ഉപകരണങ്ങളുമടക്കം വഹിച്ചു കൊണ്ടാണ് ഇവര്‍ എത്തുന്നത്. കണ്ണൂരില്‍ നിന്നുള്ള സൈനിക സംഘവും ചൂരല്‍മലയില്‍ എത്തിയിട്ടുണ്ട്.

ചൂരല്‍മലയില്‍ മന്ത്രിമാരുടെ സംഘവും രക്ഷാപ്രവര്‍ത്തകസംഘവും തമ്മില്‍ ചര്‍ച്ച നടത്തി. മന്ത്രിമാരായ കെ.രാജന്‍, ഒ.ആര്‍.കേളു, പി.എ.മുഹമ്മദ് റിയാസ്, എംഎല്‍എമാരായ ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദിഖ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രക്ഷാപ്രവര്‍ത്തനം ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.

മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. മുണ്ടക്കൈയില്‍നിന്ന് ഗുരുതര പരുക്കേറ്റവരെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നുണ്ട്. ചാലിയാറിലൂടെ ഒഴുകി നിലമ്പൂരിലെത്തിയ മൃതദേഹങ്ങളുടെ എണ്ണം 26 ആയതായി അധികൃതര്‍ പറഞ്ഞു. ഇവ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിന് കോഴിക്കോട്ടുനിന്നുള്ള 150 അംഗ സൈനികസംഘം ചൂരല്‍മലയിലെത്തി. ഇവര്‍ മുണ്ടക്കൈയിലേക്ക് താല്‍ക്കാലിക പാലം നിര്‍മിക്കാനുള്ള സാധ്യതകള്‍ തിരയുകയാണ്. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോറിലെ 160 പേരടങ്ങുന്ന സംഘവും ബെംഗളൂരുവില്‍നിന്ന് സൈന്യത്തിന്റെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പും (എംഇജി) വയനാട്ടില്‍ എത്തും. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിന്റെ എന്‍ജിനീയറിങ് വിഭാഗം നടപ്പാക്കുക. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള - കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളും പൊലീസ് നായകളെയും ഉപയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൊലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് തിരച്ചില്‍ നടത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോട് എത്തി. കെ രാജന്‍, പി.എ.മുഹമ്മദ് റിയാസ്, ഒ.ആര്‍ കേളു എന്നിവരാണ് വിമാനമാര്‍ഗം കോഴിക്കോട് എത്തിയത്. ഇവര്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകള്‍ കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടില്‍ ഇറങ്ങാനാകാതെ തിരിച്ചുപോയി. കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകള്‍ തിരികെപ്പോയതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഹെലികോപ്റ്റര്‍ വീണ്ടും ഇറങ്ങാന്‍ ശ്രമിക്കുമെന്ന് വ്യോമസേന അറിയിച്ചു.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ലയങ്ങള്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം തടത്തുന്നതായി സന്നദ്ധപ്രവര്‍ത്തകന്‍ ഷാജി അറിയിച്ചു. നിരവധി ലയങ്ങള്‍ എന്‍ഡിആര്‍എഫിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഇവിടെയെല്ലം രക്ഷാ പ്രവര്‍ത്തനം നടക്കുന്നുവെന്നും കെവി ഷാജി പറഞ്ഞു. അതേസമയം, മരണം 73 ആയി ഉയര്‍ന്നു. മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നതെന്നും ഷാജി പറഞ്ഞു.

മണ്ണിനടിയില്‍ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിരവധി വീടുകള്‍ മണ്ണിനടിയിലാണ്. പ്രത്യേകിച്ച് ലയങ്ങള്‍ മണ്ണിനടിയില്‍ പോയിട്ടുണ്ടെന്നും ഇതെല്ലാം കണ്ടെത്തി രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈയില്‍ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മുണ്ടക്കൈ ഭാഗത്ത് നിന്നുള്ള ചിലര്‍ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്ന് പറയുകയാണ് പ്രദേശവാസികളിലൊരാള്‍. ചാലിയാറില്‍ നിന്ന് മാത്രം കണ്ടെടുത്തത് 10 മൃതദേഹങ്ങളാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേര്‍ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനത്തിന് ഏഴിമലയില്‍ നിന്ന് നാവികസേനയെത്തിയിട്ടുണ്ട്.

റംലത്ത്, അഷ്‌റഫ്, കുഞ്ഞിമൊയ്തീന്‍, ലെനിന്‍, വിജീഷ്, സുമേഷ്, സലാം, ശ്രേയ, പ്രേമലീല, റെജിന എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്ററിലെത്തിച്ച 40 മൃതദേഹങ്ങളില്‍- 21 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയില്‍ 8 മൃതദേഹങ്ങളില്‍- രണ്ട് പേരെ തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രി ഒന്നും, മലപ്പുറം പോത്തുകല്ല് പ്രദേശത്ത് നിന്ന് ലഭിച്ച 10 മൃതദേഹങ്ങളില്‍ എട്ടെണ്ണം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമുണ്ട്. മലപ്പുറം ചുങ്കത്തറ കുന്നത്തു പൊട്ടി കടവില്‍ ഒരു മൃതദേഹം കൂടി കിട്ടി.