- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാഡം ഇപ്പോഴാണോ ഉണര്‍ന്നത്!' രാത്രി മുഴുവന്‍ മഴ പെയ്തിട്ടും തിരുവനന്തപുരത്ത് കളക്ടര്‍ അവധി പ്രഖ്യാപിച്ചത് വിദ്യാഭ്യാസമന്ത്രി ഇടപെട്ട ശേഷം; താമസിച്ചെത്തിയ മഴ അവധിയില്‍ കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ രക്ഷിതാക്കളുടെ രോഷപ്രകടനം; കലക്ടര്‍ക്കും മുന്‍പേ അവധി വിവരം പങ്കുവച്ച വിദ്യാഭ്യാസ മന്ത്രിക്ക് കയ്യടി
കലക്ടര്‍ക്കും മുന്‍പേ അവധി വിവരം പങ്കുവച്ച വിദ്യാഭ്യാസ മന്ത്രിക്ക് കയ്യടി
തിരുവനന്തപുരം: കനത്ത മഴയില്‍ തലസ്ഥാന ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപനം വൈകിയതില്‍ തിരുവനന്തപുരം കലക്ടര്‍ക്കെതിരെ രക്ഷിതാക്കളുടെ രോഷം. മഴ അവധി പ്രഖ്യാപിച്ചതിലല്ല, അവധി അറിയിച്ചത് താമസിച്ചതിലാണ് കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ രക്ഷിതാക്കള്‍ രോഷപ്രകടനം നടത്തുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
അതിരാവിലെ സ്‌കൂളിലെത്തിയ കുട്ടികളെല്ലാം മടങ്ങിപ്പോയി. പല സ്‌കൂള്‍ ബസുകളും പുറപ്പെട്ടതിന് ശേഷമായിരുന്നു കളക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം ഉണ്ടായത്. രാത്രി മുഴുവന്‍ മഴ പെയ്തിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ട ശേഷമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്ന് സ്‌കൂളിലെത്തിയ കുട്ടികളും രക്ഷിതാക്കളും പറയുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ രക്ഷിതാക്കള്‍ പ്രതിഷേധം അറിയിച്ചത്.
'കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നല്ലോ. ഇന്നലെ മുതല്‍ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവന്‍ മഴ ആയിരുന്നു. കുട്ടികള്‍ എല്ലാം റെഡി ആയിട്ടു എന്തിനാ ഇപ്പൊ ഒരു അവധി. മാഡം ഇപ്പോഴാണോ ഉണര്‍ന്നത്'. ഒരു രക്ഷിതാവ് തിരുവനന്തപുരം കലക്ടറുടെ ഫെയ്‌സ്ബുക് പേജില്‍ കുറിച്ചു. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ തയാറായതിനു ശേഷമാണോ അവധി പ്രഖ്യാപിക്കുന്നതെന്നാണ് കൂടുതല്‍ പേരും ആക്ഷേപം ഉന്നയിച്ചത്.
'സാറിന്നലെ ഈ നാട്ടിലൊന്നും അല്ലായിരുന്നോ?', 'കുറച്ചുകൂടി കഴിഞ്ഞിട്ട് മതിയായിരുന്നു', 'സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ റെഡി ആയതിന് ശേഷമാണോ അവധി പ്രഖ്യാപിക്കുന്നത്', 'ഒരു ഉച്ച ആകുമ്പോള്‍ പ്രഖ്യാപിച്ചാല്‍ കുറച്ചുകൂടി സൗകര്യത്തില്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു. 6.15 മണിക്ക് കൊച്ചിനെ വിളിക്കുന്നതിന് മുന്‍പ് വരെയും നോക്കിയതാ. സ്‌കൂള്‍ ബസ് വരുന്നതിന് കൃത്യം അഞ്ച് മിനിറ്റ് മുന്‍പ് അപ്‌ഡേറ്റ്', 'ബുധനാഴ്ച്ച രാത്രി തുടങ്ങിയ മഴ... ഇപ്പോഴും ശക്തമായി പെയ്തുകൊണ്ടിരിക്കുന്നു... സ്‌കൂളില്‍ കുട്ടികള്‍ പോയതിന് ശേഷം അവധി പ്രഖ്യാപിക്കുന്നത് ഒരു സ്ഥിരം പല്ലവി ആകുന്നു... രണ്ടു രാത്രിയും ഇന്നലെ പകലും നല്ല മഴ ഉണ്ടായിട്ടും കളക്ടര്‍ കാണാഞ്ഞത് വളരെ കഷ്ടം ആയി പോയി', 'മാഡം ഇപ്പോഴാണോ ഉണര്‍ന്നത്'- എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അതേസമയം, കലക്ടര്‍ക്കും മുന്‍പേ അവധി വിവരം ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വിദ്യാഭ്യാസ മന്ത്രിയെ പരാമര്‍ശിച്ചും കലക്ടറെ വിമര്‍ശിച്ചവരുണ്ട്. കലക്ടറുടെ ഫെയ്‌സ്ബുക്കില്‍ അവധി വിവരം വരുന്നതിനും 12 മിനിറ്റ് മുന്‍പേ വിവരം അറിയിച്ചാണ് മന്ത്രി കൈയ്യടി നേടിയത്. സാധാരണ മഴ പെയ്യുമ്പോള്‍ അവധി പ്രഖ്യാപിക്കാത്തതിന് കലക്ടര്‍ക്ക് വിദ്യാര്‍ഥികളുടെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരാറുണ്ട്, അവധി നല്‍കിയപ്പോള്‍ താമസിച്ചതിനു രക്ഷിതാക്കളും വിമര്‍ശനവുമായി എത്തി.
സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റും മഴയും
സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
അതേസമയം ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ (ഓറഞ്ച് അലര്‍ട്ട്: അടുത്ത മൂന്നു മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (കടഛഘ ഒ) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.