ണ്ടൊക്കെ ഒരു തിരഞ്ഞെടുപ്പ് ആവുമ്പോള്‍ കോണ്‍ഗ്രസിലായിരിക്കും കൂടുതല്‍ വിമതശല്യം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതോടെ തെറ്റിപ്പോവുന്നവരെ പിന്തുണക്കാനായി സിപിഎം തങ്ങളുടെ പ്രഖ്യാപനം വൈകിപ്പിച്ച കാലമായിരുന്നു അത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ നേരെ മറിയുകയാണ്. സിപിഎമ്മില്‍ നിന്നാണ് ഇപ്പോള്‍ നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് ഒഴുകുന്നത്. ഈ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തോളം പ്രമുഖ ഇടതുനേതാക്കളാണ് യുഡിഎഫില്‍ എത്തിയത്. അതില്‍ ഒരു സിപിഐ എംഎല്‍എയും മുന്‍ സിപിഎം എംഎല്‍എയും ചേര്‍ന്നത് ബിജെപിയിലാണ്!

ആലപ്പുഴയിലെ തലമുതിര്‍ന്ന നേതാവ് ജി സുധാകരന്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്നു. മുന്‍ സിപിഎം എംഎല്‍എ ഐഷാപോറ്റിയും ഇപ്പോള്‍ കോണ്‍ഗ്രസിലാണ്. ചരിത്രത്തില്‍ ഇന്നവരെയില്ലാത്ത രീതിയില്‍ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പാര്‍ട്ടികോട്ടകളില്‍ വരെ വിമത ഭീഷണി നേരിടുകയാണ് സിപിഎം. ഈര്‍ക്കിലി പാര്‍ട്ടിയായ എന്‍സിപിയില്‍ പോലുമുണ്ട് വിമതര്‍. 80കഴിഞ്ഞിട്ടും സീറ്റ് ഒഴിയാത്ത എ കെ ശശീന്ദ്രനെതിരെ, എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദാണ് വിമതനാവുന്നത്. ഈ

പ്രശ്നങ്ങളെല്ലാം മുതലെടുത്ത് പരമാവധി മുന്നേറാനുള്ള നീക്കത്തിലാണ് യുഡിഎഫും എന്‍ഡിഎയും.

തുടക്കം ഐഷാപോറ്റിയില്‍

കൊട്ടാരക്കരയിലെ മുന്‍ സിപിഎം എംഎല്‍എ ആയിരുന്ന ഐഷ പോറ്റി 2026 ജനുവരി 13-നാണ് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തിരുവനന്തപുരത്ത് ലോക് ഭവന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിവന്ന രാപ്പകല്‍ സമരവേദിയിലെത്തിയാണ് അവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി ഐഷ പോറ്റി സിപിഎം നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സീറ്റ് നല്‍കാതെ കെ.എന്‍. ബാലഗോപാലിനെ മത്സരിപ്പിച്ചതിലും പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കിയതിലും അവര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. സിപിഎമ്മിലെ ചില തീരുമാനമെടുക്കുന്നവര്‍ തനിക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നും പഴയ സിപിഎമ്മല്ല ഇപ്പോഴത്തേതെന്നും അവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം പ്രതികരിച്ചു. മൂന്ന് പതിറ്റാണ്ടോളം നീണ്ട പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചാണ് അവര്‍ കോണ്‍ഗ്രസിലേക്ക് വന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫില്‍ നിന്നാണ് അവര്‍ അംഗത്വം സ്വീകരിച്ചത്.

ഇപ്പോള്‍ കൊട്ടാരക്കര മണ്ഡലത്തില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഐഷാപോറ്റി മത്സരിക്കുകയാണ്. കൊട്ടാരക്കരയുടെ രാഷ്ട്രീയ ചരിത്രത്തില്‍ 2006-ല്‍ ആര്‍. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഐഷ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. തുടര്‍ന്ന് 2011-ലും 2016-ലും അവര്‍ ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. മൂന്ന് ടേമിനുശേഷം പുതിയ സ്ഥാനാര്‍ത്ഥിയെ വെച്ചതുകൊണ്ടാണ് ഐഷാപോറ്റി തെറ്റിപ്പോയത് എന്നും അവര്‍ക്ക് അധികാരക്കൊതിയാണെന്നുമാണ് സിപിഎം പറയുന്നത്. വിശ്വാസിയായ ഐഷാപോറ്റിയും, ഭൗതികവാദിയായ സിപിഎമ്മും തമ്മില്‍ നേരത്തെയും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വിശ്വാസം പാര്‍ട്ടിയില്‍ നിന്ന് മറച്ചുവെക്കപ്പെട്ടതിന് അവര്‍ ഒരുവേള പാര്‍ട്ടിയില്‍നിന്ന് ശാസനയും ഏറ്റുവാങ്ങിയിരുന്നു.

ബിജെപിയിലെത്തിയ സിപിഐ എംഎല്‍എ

കടുത്ത സംഘപരിവാര്‍ വിരുദ്ധരാണ് കേരളത്തിലെ ഇടതുപക്ഷം. എന്നാല്‍ അതേ ഇടതുപക്ഷ എംഎല്‍എയാണ് രാജിപോലും വെക്കാതെ ഈ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയില്‍ ചേര്‍ന്നത്. നാട്ടികയിലെ സിപിഐ എംഎല്‍എ സി.സി. മുകുന്ദനാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തി, അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. സിപിഐ പുറത്താക്കിയതിനു പിന്നാലെ കോണ്‍ഗ്രസ് പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അദ്ദേഹം നീക്കം നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ഉറപ്പ് കിട്ടാതെ വന്നതോടെ ബിജെപിക്ക് ഒപ്പം ചേരുകയായിരുന്നു.

നാട്ടികയില്‍ സി.സി. മുകുന്ദന് പകരം മുന്‍ എംഎല്‍എ ഗീതാ ഗോപിയെ സിപിഐ സ്ഥാനാര്‍ഥിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സി.സി. മുകുന്ദന്‍ ഇടഞ്ഞത്. ഗീതാ ഗോപിയുടേത് പേയ്മെന്റ് സീറ്റ് ആണ് എന്ന് വിമര്‍ശിച്ച മുകുന്ദന്‍, പണം പിരിച്ചു നല്‍കാന്‍ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചിരുന്നു. ഒരു ടേം മാത്രം മത്സരിച്ച മറ്റ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വീണ്ടും അവസരം നല്‍കിയപ്പോള്‍ സി.സി മുകുന്ദനേയും തൃശൂര്‍ എംഎല്‍എ പി.ബാലചന്ദ്രനേയുമാണ് സിപിഐ ഇത്തവണ ഒഴിവാക്കിയത്. തിനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതോടെ എല്ലാവിധ പ്രത്യയശാസ്ത്ര ദുശ്ശാഠ്യങ്ങളും മാറ്റിവെച്ച് മുകുന്ദന്‍ ബിജെപിയില്‍ ചേരുകയായിരുന്നു.

ജി സുധാകരന്‍ എന്ന വന്‍മരവും

മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍ 63 വര്‍ഷം നീണ്ട സിപിഎം ബന്ധമാണ് അവസാനിപ്പിച്ചത്. തന്നെ പാര്‍ട്ടിയില്‍ ബോധപൂര്‍വ്വം ഒറ്റപ്പെടുത്തുന്നതായുംഅര്‍ഹമായ പരിഗണനയോ മാന്യതയോ നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. പാര്‍ട്ടിയില്‍ തുടരുന്നത് ചില നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ സ്വയം ഒഴിയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.പാര്‍ട്ടിക്കുള്ളിലെ ചില കേന്ദ്രങ്ങള്‍ തന്നെയും അന്തരിച്ച തന്റെ പിതാവിനെയും സഹോദരനെയും സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നതായി സുധാകരന്‍ പറയുന്നു.

ചില ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് തന്നെ സ്വഭാവഹത്യ ചെയ്യാന്‍ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം തന്നെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തതായി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 2022-ല്‍ തന്നെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി ബ്രാഞ്ച് തലത്തിലേക്ക് മാറ്റിയതായും അദ്ദേഹം പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. സുധാകരന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സുരേഷ് മുതല്‍ ശശി വരെ

വി എസ് അച്യൂതാനന്ദന്റെ വാര്‍ത്ത സമ്മേളനങ്ങള്‍ കണ്ടിരുന്നവര്‍ക്ക് ആര്‍ക്കും മറക്കാനാവില്ല അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു, പേഴ്സണല്‍ സ്റ്റാഫ്, എ സുരേഷിനെ. കടുത്ത വിഎസ് പക്ഷക്കാരനായിരുന്ന സുരേഷ് ഇപ്പോള്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇപ്പോള്‍ വിഎസിന്റെ മണ്ഡലമായ മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം.

2012ല്‍ പാര്‍ട്ടി രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നാരോപിച്ച് സുരേഷിനെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്താക്കിയിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് ആണയിട്ട അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ പലതവണ അപേക്ഷ നല്‍കിയെങ്കിലും നേതൃത്വം അത് സ്വീകരിച്ചില്ല. 'ആയിരം വട്ടം അപേക്ഷിച്ചാലും തിരിച്ചെടുക്കില്ല' എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമര്‍ശം തന്നെ ആഴത്തില്‍ വേദനിപ്പിച്ചുവെന്ന് സുരേഷ് വ്യക്തമാക്കി. സി.പി.എം കമ്മ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്നും നിലവില്‍ അധികാരം മോഹിക്കുന്നവരാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വര്‍ഗീയ ശക്തികള്‍ക്കെതിരെ ദേശീയ തലത്തില്‍ ഏറ്റവും ശക്തമായി പോരാടുന്നത് കോണ്‍ഗ്രസാണെന്നും അതിനാല്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നും സുരേഷ് പറയുന്നു.

അതുപോലെ സിപിഎം നേതൃത്വവുമായി തെറ്റിപ്പരിഞ്ഞിരിഞ്ഞ, മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയും യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുയകാണ്. എന്നാല്‍ സ്ത്രീപീഡന കേസിലടക്കം പെട്ട ശശിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിന്പോലും കടുത്ത എതിര്‍പ്പാണുള്ളത്.

അതുപോലെ, മൂന്ന് തവണ ദേവികുളത്തെ പ്രതിനിധീകരിച്ച മുന്‍ എംഎല്‍എ, എസ് രാജേന്ദ്രനും, സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നിരിക്കയാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ. രാജയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് 2022 ജനുവരിയില്‍ രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരികെ എടുക്കാത്തതും അംഗത്വം പുതുക്കാന്‍ അനുവദിക്കാത്തതും അദ്ദേഹത്തെ പ്രകോപിപ്പിച്ചു.

പാര്‍ട്ടിയില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്നും ചില നേതാക്കള്‍ ബോധപൂര്‍വ്വം തന്നെ പുറത്താക്കാന്‍ ശ്രമിച്ചുവെന്നും രാജേന്ദ്രന്‍ ആരോപിച്ചു. പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച പഴയ നേതാക്കളെ സിപിഎം അവഗണിക്കുകയാണെന്നും തോട്ടം മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടിക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഹൈറേഞ്ച് മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ബിജെപി നേതൃത്വം നല്‍കിയ ഉറപ്പുകളെത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കി. ബിജെപിയില്‍ ചേരുമ്പോള്‍ തനിക്ക് സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് അദ്ദേഹം ആദ്യം പറഞ്ഞിരുന്നെങ്കിലും, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

പയ്യന്നൂരിലും തളിപ്പറമ്പിലും കലാപം

പക്ഷേ സിപിഎമ്മിനെ ഞെട്ടിച്ചത് പാര്‍ട്ടികോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും നടക്കുന്ന വിമത നീക്കങ്ങളാണ്. ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടിലുമടക്കം വന്‍ തിരിമറി നടന്നുവെന്ന ആരോപണം ഉന്നയിച്ചാണ് മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തെന്നും പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു. വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് നിയമസഭാതെരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിച്ചത്.

കുഞ്ഞികൃഷ്ണന്‍ ആരോപണം ഉന്നയിച്ച ടി ഐ മധുസൂദനനാണ് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി. വി കുഞ്ഞികൃഷ്ണനെ പിന്തുണക്കാന്‍ തയ്യാറാണെന്ന് യുഡിഎഫില്‍ ഈ സീറ്റ് ലഭിച്ച ആര്‍എസ്പി അറിയിച്ചിട്ടുണ്ട്. പയ്യന്നൂരാണ് അഞ്ചാമത്തെ സീറ്റായി ലഭിച്ചതെന്നും അവിടെ സഖാവ് വി കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായും കുഞ്ഞികൃഷ്ണനുമായും ചര്‍ച്ച ചെയ്താണ് ഈ തീരുമാനം എടുത്തത്.

45 വര്‍ഷമായി മാര്‍ക്‌സിസ്റ്റുകാര്‍ അല്ലാതെ ആരും നിയമസഭ കാണാത്തയിടം. തളിപ്പറമ്പ് എന്ന പാര്‍ട്ടികോട്ടയിലും ഇപ്പോള്‍ ആഭ്യന്തര ലഹളകളും അടിയൊഴുക്കുകളും ശക്തമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സിറ്റിങ്് മണ്ഡലമായ തളിപ്പറമ്പില്‍, അദ്ദേഹത്തിന് പകരം ഭാര്യ പി കെ ശ്യാമളയെ മത്സരിപ്പിക്കുന്നതാണ്, കൊട്ടാര വിപ്ലവത്തിന് ഇടയാക്കിയിരിക്കുന്നത്. ശ്യാമളയുടെ സ്ഥാനാത്ഥിത്വത്തില്‍ പ്രതിഷേധിച്ച്, സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, മുതിര്‍ന്ന നേതാവുമായ ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിടുകയും സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തത് തളിപ്പറമ്പ് രാഷ്ട്രീയത്തിന്റെ തീ ആളിക്കത്തിക്കയാണ്. 75കാരനായ, ജീവിതകാലം മുഴുവന്‍ നിസ്വാര്‍ത്ഥ പ്രവര്‍ത്തകനായ ടി കെക്ക് ഒരു വിഭാഗം പ്രവര്‍ത്തകരുടെ പിന്തുണയുമുണ്ട്.

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശ്യാമളയ്‌ക്കെതിരെയുള്ള പഴയ വിവാദങ്ങള്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. ശ്യാമളയെ രക്ഷിക്കാന്‍ അന്ന് നഗരസഭയിലെ രേഖകളില്‍ പാര്‍ട്ടി ഇടപെട്ട് തിരുത്തല്‍ വരുത്തിയെന്ന് ടി.കെ. ഗോവിന്ദന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശ്യാമളയ്ക്ക് ജനങ്ങളുമായി മതിയായ ബന്ധമില്ലെന്നും, തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയില്‍ ഭൂരിഭാഗം പേരും ഈ തീരുമാനത്തെ എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിന് കീഴിലുള്ള ചില ലോക്കല്‍ കമ്മിറ്റികളിലും ബ്രാഞ്ച് കമ്മിറ്റികളിലും ഈ തീരുമാനത്തിനെതിരെ പ്രതിഷേധമുണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫിന് 4,000ത്തിന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. സിപിഎം കോട്ടയായിരുന്നിട്ടും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന് അനുകൂലമായാണ് തളിപ്പറമ്പിലെ വോട്ടര്‍മാര്‍ വിധിയെഴുതിയത്. ഇതില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്. വോട്ടര്‍മാര്‍ ആരുടെയും അടിമകളല്ല. ആഞ്ഞുപിടിച്ചാല്‍ തളിപ്പറമ്പ് എന്ന ചുവന്ന കോട്ട തകര്‍ക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് കരുതുന്നത്.