തിരുവനന്തപുരം: അതുകൊണ്ടരിശം തീരാത്തവരാ.. പുരയുടെ ചുറ്റുംമണ്ടി നടന്നു.. കുഞ്ചന്‍ നമ്പ്യാരുടെ ഈ വരികള്‍ പോലെയാണ് ഇപ്പോള്‍ നാട്ടിലെ സഖാക്കളുടെ അവസ്ഥ. തദ്ദേശ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ കലിപ്പ് അടങ്ങിയിട്ടില്ല. കണ്ണൂരിലും കോഴിക്കോട്ടുമെല്ലാം കലിപ്പു തീര്‍ക്കാന്‍ ബോംബേറും വടിവാള്‍ ആക്രമണവും അരങ്ങേറി. ഇപ്പോഴിതാ തദ്ദേശത്തിലെ വമ്പന്‍ തോല്‍വിയിലേക്ക് നയിച്ച പോറ്റിയേ.. കേറ്റിയേ.. പാരഡി ഗാനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറളായ ഈ പാരഡി ഗാനം നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും തങ്ങള്‍ക്ക് പണിയാകുമോ എന്ന ആശങ്കയാണ് ഇവര്‍ക്ക്. അതുകൊണ്ടാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചാലും പോറ്റി ഗാനം തടയാന്‍ അവര്‍ രംഗത്തുവന്നിരിക്കുന്നത്.

പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനമായിട്ടുണ്ട്. പരാതി ഡിജിപി എഡിജിപിക്ക് കൈമാറി. പാരഡി പാട്ടില്‍ വിശ്വാസത്തെ വൃണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായോ എന്ന് പരിശോധിക്കും. കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നിയമോപദേശത്തിന് ശേഷമേ കേസെടുക്കുകയുള്ളൂ. ഒരു കലാസൃഷ്ടിയെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കും.

രാഷ്ട്രീയലാഭത്തിന് അയ്യപ്പഭക്തരെ അപമാനിക്കുംവിധമുള്ള പാട്ട് പിന്‍വലിക്കണമെന്നാണ് പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ ആവശ്യം. ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ നിന്ന് നീക്കണമെന്നാണ് പ്രസാദ് ആവശ്യപ്പെടുന്നത്. അയ്യപ്പസ്വാമിയെ ലോകത്തിന് മുന്നില്‍ അവഹേളിക്കുന്ന പാരഡിയാണിതെന്നും അണിയറ പ്രവര്‍ത്തകരുടെ ചേതോവികാരം പരിശോധിക്കണമെന്നും പ്രസാദ് കുഴിക്കാല പറഞ്ഞു. പാരഡിക്കെതിരെ പ്രസാദ് കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

അയ്യപ്പഭക്തര്‍ ഏറ്റവും ഭക്തിയോടെ കാണുന്ന ഗാനമാണ് പാരഡിക്കായി ഉപയോഗിച്ചതെന്നും പാട്ടിനകത്ത് പാരഡി കൊണ്ടുവന്ന് അയ്യപ്പാ അയ്യപ്പാ എന്ന് പാടുന്നത് ഭക്തര്‍ക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും പ്രസാദ് പറയുന്നു. പാര്‍ലമെന്റിന് പുറത്ത് എംപിമാര്‍ പാടിയതോടെ പാരഡിക്ക് ആഗോളശ്രദ്ധകിട്ടുകയും അയ്യപ്പനെ ലോകത്തിന് മുന്നില്‍ അപമാനിക്കുന്നതിന് കാരണമായെന്നും പ്രസാദ് പറയുന്നു. പിന്നാലെയാണ് പരാതി നല്‍കിയതെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

'തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ചതിനേക്കാള്‍ മോശമാണ് ലോകം മുഴുവന്‍ വൈറലാക്കിയത്. ആര് പ്രചരിപ്പിച്ചാലും വിഷയമല്ല. പാട്ടില്‍ നിന്നും അയ്യപ്പസ്വാമിയുടെ പേര് മാറ്റണം. സോഷ്യല്‍മീഡിയയില്‍ നിന്നും നീക്കണം. ഉദ്ദേശശുദ്ധി അന്വേഷിക്കണം. അണിയറപ്രവര്‍ത്തകരുടെ ചേതോവികാരം പരിശോധിക്കണം', പ്രസാദ് പറഞ്ഞു.

ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിന്‍വലിക്കണം എന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി പരിശോധിക്കും, പരാതി കിട്ടിയാലും ഇല്ലെങ്കിലും പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പരാതികള്‍ ഉന്നയിക്കേണ്ടിയിരുന്നത് പാര്‍ട്ടി ഘടകത്തില്‍.18ന് ചേരുന്ന ജില്ലാ നേതൃയോഗം വിഷയം പരിശോധിക്കുമെന്ന് രാജു എബ്രഹാം വ്യക്തമാക്കി.

പോറ്റിയെ കേറ്റിയെ, ഭക്തിഗാനത്തിന്റെ ഈണത്തില്‍ പാരഡി ഇറക്കിയത് ശരിയായില്ല. അത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് പാട്ട് ഇറക്കിയത്. വിഷയം ഗൗരവമായി പരിശോധിക്കണം. പോറ്റിയെ കേറ്റിയേ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നത്. ഭക്തിഗാനങ്ങളെ ഇങ്ങനെ വികലമായി ഉപയോഗിക്കരുത്. ഇവിടെ ശരണമന്ത്രത്തെയാണ് രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തത്. പരാതിയില്‍ കര്‍ശന നടപടി വേണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു.

അതേസമയം പോറ്റിയേ കേറ്റിയേ ഗാന വിവാദം നീണ്ടു നില്‍ക്കുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസും കണക്കുകൂട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന കരുതിയ സ്വര്‍ണ്ണപ്പാളി വിഷയം ഇപ്പോള്‍ വിവാദങ്ങള്‍ കാരണം നിയമസഭാ തിരഞ്ഞെടുപ്പിലേക്ുകം നീളുന്ന അവസ്ഥയാണ്. പാട്ടിനെതിരായ പരാതിയില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. ഗാനത്തിനെതിരെ സി.പി.എം രംഗത്തുവരുന്നത് കൈവിട്ട കളിയാണ് കളിയാണെന്നും കേരളം ജാഗ്രത പുലര്‍ത്തണമെന്നുമുള്ള മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാമാണ് രംഗത്തെത്തിയത്.

പാരഡിപ്പാട്ടില്‍ അപകടകരമായ ചര്‍ച്ചകളിലേക്കാണ് സി.പി.എം വഴിതുറക്കുന്നത്. പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും പേരുവിവരങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സി.പി.എമ്മിന്റെ ഉയര്‍ന്ന നേതാക്കള്‍ തന്നെ നേതൃത്വം നല്‍കുന്നതെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. മറ്റ് പല വിഷയങ്ങളിലുമെന്നത് പോലെ സി.പി.എം ഇതും വര്‍ഗീയ വിഷയമാക്കുകയാണെന്നും ബല്‍റാം പറയുന്നു.

വി.ടി.ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

' 'പോറ്റിയേ...' പാരഡിപ്പാട്ടില്‍ അപകടകരമായ ചര്‍ച്ചകളിലേക്കാണ് സിപിഎം വഴിതുറക്കുന്നത്. പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും പേരുവിവരങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിന്റെ ഉയര്‍ന്ന നേതാക്കള്‍ തന്നെ നേതൃത്വം നല്‍കുന്നത് എന്നത് കാണാതിരിക്കാനാവില്ല. ഇതിനെ ഒരു വര്‍ഗ്ഗീയ വിഷയമാക്കുക എന്നതാണ് മറ്റ് പല വിഷയങ്ങളിലുമെന്നത് പോലെ സിപിഎം ലക്ഷ്യമാക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സമനില തെറ്റിയ സിപിഎം ഇക്കാര്യത്തില്‍ കൈവിട്ട കളിയാണ് കളിക്കുന്നത്. ജാഗ്രത പുലര്‍ത്തേണ്ടത് കേരളമാണ്.'