ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പില്‍ എല്‍ഐസി(ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) 33,000 കോടിയുടെ നിക്ഷേപ പദ്ധതി ഒരുങ്ങുന്നുവെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്ത കേന്ദ്രസര്‍ക്കാറിനെതിരായ ആയുധമാക്കി കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ നടത്തിയ 'മൊബൈല്‍ ഫോണ്‍ ബാങ്കിങ്' ആണെന്ന് എന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

അദാനി ഗ്രൂപ്പിനെ സഹായിക്കാനായി കേന്ദ്ര സര്‍ക്കാര്‍ എല്‍ഐസിയെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോപണം കടുപ്പിക്കുന്നത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു അടുത്ത സമയത്താണ് ഈ ആരോപണം ഉയര്‍ന്നത് എന്നതു കൊണ്ട് വിവാദം ദേശീയ തലത്തില്‍ കൂടുതല്‍ വിവാദമാകുമെന്നാണ് സൂചന.

'എല്‍ഐസി പ്രീമിയം അടയ്ക്കാന്‍ ഓരോ പൈസയും മിച്ചം വെക്കുന്ന സാധാരണ ശമ്പളക്കാരനായ ഒരു ഇടത്തരക്കാരന്, അദാനിയെ രക്ഷിക്കാന്‍ മോദി തന്റെ കഠിനാധ്വാനം ചെയ്ത പണം ഉപയോഗിക്കുകയാണെന്ന് അറിയാമോ? ഇതൊരു വിശ്വാസവഞ്ചനയല്ലേ? ഇത് കൊള്ളയല്ലേ? തന്റെ അടുത്ത സുഹൃത്തിന്റെ പോക്കറ്റ് നിറയ്ക്കുന്ന തിരക്കില്‍, 30 കോടി എല്‍ഐസി പോളിസി ഉടമകളുടെ കഠിനാധ്വാനം ചെയ്ത പണം മോദി എന്തിനാണ് ധൂര്‍ത്തടിക്കുന്നത്?' കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 'എക്സില്‍' പോസ്റ്റ് ചെയ്തു.

അദാനിയുടെ ഓഹരികള്‍ ഇടിഞ്ഞിട്ടും 2023-ല്‍ അദാനി എഫ്പിഒയില്‍ 525 കോടി രൂപ നിക്ഷേപിക്കാനുള്ള എസ്ബിഐയുടെ തീരുമാനത്തെക്കുറിച്ച് സര്‍ക്കാരിന് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും ഖാര്‍ഗെ ചോദിച്ചു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന്റെ (ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ സാധാരണക്കാരല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'അടുത്ത സുഹൃത്തുക്കളാണെന്നും' ഖാര്‍ഗെ ആരോപിച്ചു.

'ഗുരുതരമായ ക്രിമിനല്‍ ആരോപണങ്ങളെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു സ്വകാര്യ കമ്പനിയെ രക്ഷിക്കുകയാണ് തങ്ങളുടെ ജോലിയെന്ന് ധനമന്ത്രാലയത്തിലെയും നീതി ആയോഗിലേയും ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത് ആരുടെ സമ്മര്‍ദ്ദം മൂലമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി (കമ്മ്യൂണിക്കേഷന്‍സ്) ജയറാം രമേശ് ചോദിച്ചു. ഇത് 'മൊബൈല്‍ ഫോണ്‍ ബാങ്കിങ്ങിന്റെ' മികച്ച ഉദാഹരണമല്ലേയെന്നും ജയ്റാം രമേശ് പരിഹസിച്ചു.

ഇന്ത്യയില്‍ ഉയര്‍ന്ന വിലയ്ക്ക് സൗരോര്‍ജ്ജ കരാറുകള്‍ നേടുന്നതിനായി 2,000 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ ഗൗതം അദാനിക്കും ഏഴ് കൂട്ടാളികള്‍ക്കുമെതിരെ അമേരിക്കയില്‍ കുറ്റം ചുമത്തിയതിനെ തുടര്‍ന്ന്, 2024 സെപ്റ്റംബര്‍ 21-ന് നാല് മണിക്കൂര്‍ ട്രേഡിങ്ങിനിടെ എല്‍ഐസിക്ക് 7,850 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോള്‍, 'ചങ്ങാതി' മുതലാളിത്ത സ്ഥാപനങ്ങളിലേക്ക് പൊതുപണം എറിയുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഏറ്റവും പ്രിയപ്പെട്ട ബിസിനസ്സ് സ്ഥാപനത്തിന് യുഎസ് എസ്ഇസിയുടെ സമന്‍സ് കൈമാറാന്‍ ഏകദേശം ഒരു വര്‍ഷമായി മോദി സര്‍ക്കാര്‍ വിസമ്മതിക്കുകയാണെന്ന് ജയ്റാം രമേശ് ആരോപിച്ചു. 'മോദി സര്‍ക്കാരും അദാനി ഗ്രൂപ്പും എല്‍ഐസിയെയും അതിന്റെ 30 കോടി പോളിസി ഉടമകളുടെ സമ്പാദ്യത്തെയും 'ആസൂത്രിതമായി ദുരുപയോഗം ചെയ്തു.'

'കോണ്‍ഗ്രസ് ഏകദേശം മൂന്ന് വര്‍ഷമായി ആവശ്യപ്പെടുന്ന ഒരു സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് മാത്രമേ ഈ 'മോദാനി മെഗാ കുംഭകോണം' പൂര്‍ണ്ണമായി അന്വേഷിക്കാന്‍ കഴിയൂ. ആദ്യപടിയായി, അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്താന്‍ എല്‍ഐസിയെ എങ്ങനെ നിര്‍ബന്ധിച്ചു എന്നതിനെക്കുറിച്ച് പിഎസി സമഗ്രമായി അന്വേഷിക്കണം. അത് അവരുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്.' രമേശ് പറഞ്ഞു.

അദാനിയുടെ അടുത്ത സഹായികളായ നാസര്‍ അലി ഷബാന്‍ അഹ്ലിയും ചാങ് ചുങ് ലിങ്ങും ഷെല്‍ കമ്പനികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖല ഉപയോഗിച്ച് വിലകൂട്ടി കാണിച്ച കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതും ഈ കുംഭകോണത്തില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് സത്യവിരുദ്ധവുമെന്ന് എല്‍ഐസി

അതേസമയം വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് അവാസ്തവവും സത്യവിരുദ്ധവുമാണെന്ന് എല്‍ഐസി എക്‌സിലൂടെ പ്രതികരിച്ചു. അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ഒരു നിക്ഷേപ പദ്ധതിയും തയാറാക്കിയിട്ടില്ല. നിക്ഷേപ തീരുമാനങ്ങള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അനുമതിയോടെ എല്‍ഐസി സ്വതന്ത്രമായാണ് എടുക്കുന്നത്. അത് നിയമപ്രകാരവുമാണ്. കേന്ദ്രസര്‍ക്കാരോ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസോ അതില്‍ ഇടപെടാറില്ല. എല്‍ഐസിയെയും ഇന്ത്യയുടെ ശക്തമായ ധനകാര്യ മേഖലയെയും താറടിക്കാനുദ്ദേശിച്ചുള്ളതാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടെന്നും എല്‍ഐസി പ്രതികരിച്ചു.

വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് നിഷേധിച്ച് അദാനി ഗ്രൂപ്പും രംഗത്തെത്തി. എല്‍ഐസിയുടെ തീരുമാനങ്ങളില്‍ അദാനി ഗ്രൂപ്പ് ഇടപെട്ടിട്ടില്ല. എല്‍ഐസി പല കോര്‍പറേറ്റ് സ്ഥാപനങ്ങളിലും നിക്ഷേപിക്കുന്ന സ്ഥാപനമാണ്. അദാനിക്ക് എന്തെങ്കിലും മുന്‍ഗണന എല്‍ഐസി നല്‍കിയെന്ന തരത്തിലെ റിപ്പോര്‍ട്ട് അവാസ്തവവുമാണ്. അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപം വഴി എല്‍ഐസിക്ക് നേട്ടം (റിട്ടേണ്‍) ലഭിച്ചിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.

വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ഇങ്ങനെ

കടക്കെണിയിലായ അദാനി വ്യവസായത്തെ സഹായിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നീക്കം നടത്തുന്നു എന്നായിരുന്നു വിവാദമായ വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. കടവും കേസുമായി വലയുന്ന ഗൗതം അദാനിയെ രക്ഷിക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ നിക്ഷേപത്തെയാണ് (എല്‍ഐസി) മോദി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. അദാനി കമ്പനികളിലേക്ക് എല്‍ഐസിയില്‍നിന്ന് 3.9 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് നീക്കമെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ആദ്യഘട്ട നിക്ഷേപം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടി നേരിടുകയും രാജ്യാന്തര സഹായം ലഭിക്കാത്തതുമായ സാഹചര്യത്തിലാണ് അദാനിയെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അദാനിയുടെ ബിസിനസുകളിലേക്ക് ഏകദേശം 3.9 ബില്യണ്‍ ഡോളര്‍ നിക്ഷേപം എത്തിക്കുന്നതിനുള്ള നീക്കം കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ അധികൃതര്‍ മുന്നോട്ടുവച്ചിരുന്നു. നിലവിലുള്ള ബാധ്യതകള്‍ പരിഹരിക്കുന്നതിനായി അദാനിയുടെ തുറമുഖ അനുബന്ധ സ്ഥാപനം ഒരു ബോണ്ട് ഇഷ്യുവിലൂടെ ഏകദേശം 585 മില്യണ്‍ ഡോളര്‍ സമാഹരിക്കേണ്ടി അതേ സമയമാണ് മോദി സര്‍ക്കാര്‍ ഈ സാഹായ പദ്ധതി ഒരുക്കിയത്. അദാനി ഗ്രൂപ്പിന് വേണ്ട നിക്ഷേപം എല്‍ഐസിയില്‍ നിന്ന് നല്‍കാനുള്ള നിര്‍ദേശം ആ സമയത്ത് തന്നെ മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ തീരുമാനം പൊതുഫണ്ടുകളുടെ ദുരുപയോഗമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

എല്‍ഐസിയില്‍ നിന്നും രാജ്യത്തെ ധനകാര്യ മന്ത്രാലയത്തിന്റെ ഒരു ശാഖയായ ഇന്ത്യന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ (ഡിഎഫ്എസ്) നിന്നുമുള്ള രേഖകള്‍, ആ ഏജന്‍സികളിലെ നിലവിലുള്ളതും മുന്‍കാല ഉദ്യോഗസ്ഥരുമായും അദാനി ഗ്രൂപ്പ് ധനകാര്യത്തെക്കുറിച്ച് പരിചയമുള്ള മൂന്ന് ഇന്ത്യന്‍ ബാങ്കര്‍മാരുമായും നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

'കേന്ദ്ര സര്‍ക്കാര്‍ അദാനിയെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അദാനി ഗ്രൂപ്പിന് ദോഷമോ പ്രതിസന്ധിയോ വരാന്‍ അവര്‍ അനുവദിക്കില്ല' എന്നാണ് മുംബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റ് ധനകാര്യത്തിലെ സ്വതന്ത്ര വിദഗ്ദ്ധനായ ഹെമീന്ദ്ര ഹസാരി ഈ വിഷയത്തെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയ പലരും രാജ്യത്തെ അധികാരികളെയും, ഇതുമായി ബന്ധപ്പെട്ട് സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളേയും ഭയന്ന് വ്യക്തി വിവരങ്ങള്‍ മറച്ചുവച്ചാണ് സംസാരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അദാനി, വാഷിങ്ടണ്‍ പോസ്റ്റ്, എല്‍ഐസി, വിവാദം, ഫണ്ട്