കൊച്ചി: ഉച്ചക്കഞ്ഞിക്ക് പോലും വകയില്ലാത്ത കുടുംബത്തില്‍ നിന്ന് ഐഎഎസ് നേടുക. എറണാകുളം മുന്‍ ജില്ലാ കലക്ടറും ഇപ്പോള്‍ റവന്യൂ (ദേവസ്വം) സെക്രട്ടറിയുമായ എം ജി രാജമാണിക്യം ഐഎഎസിന്റെത് സിനിമാക്കഥകളെ വെല്ലുന്ന അതിജീവന കഥയാണ്. തമിഴ്നാട്ടിലെ മധുരയില്‍ ജനിച്ച് വളര്‍ന്ന് ദാരിദ്ര്യവും പ്രതിസന്ധികളും അതിജീവിച്ച് സിവില്‍ സര്‍വീസ് കരസ്ഥമാക്കിയ രാജമാണിക്യത്തിന്റെ ജീവിതമാണ് 'അന്‍മ്പോട് രാജ മാണിക്യം' എന്ന പുസ്തകം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ചടങ്ങില്‍, നടന്‍ മമ്മൂട്ടി രാജമാണിക്യത്തിന്റെ അമ്മയ്ക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലി, മന്ത്രി പി.രാജീവ് എന്നിവര്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒലീവ് ബുക്സ് ആണ് പ്രസാധകര്‍.

ഐഎഎസ് നേടിയിരിക്കുമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തേ രാജമാണിക്യം മനസില്‍ ഉറപ്പിച്ചിതാണ്. മധുരൈയും ചെന്നൈയും കോയമ്പത്തൂരും ഡല്‍ഹിയും മസൂറിയും കടന്ന് കേരളത്തിലെത്തി നില്‍ക്കുന്ന തന്റെ ജീവിതയാത്രയിലെ മറക്കാനാവാത്ത ഒരുപിടി അനുഭവങ്ങളാണ് 'അന്‍ബോട് രാജമാണിക്യം' പുസ്‌കത്തിലൂടെ അദ്ദേഹം വായനക്കാര്‍ക്ക് മുന്നിലെത്തുന്നത്. വഴിയില്‍ തളര്‍ന്നു നില്‍ക്കുന്നവന് തന്റെ വാക്കുകള്‍ പ്രചോദനമാകട്ടെയെന്ന് രാജമാണിക്യം പുസ്തകത്തില്‍ പറയുന്നു. ആത്മകഥയോ സര്‍വീസ് സ്റ്റോറിയോ അല്ല, സിവില്‍ സര്‍വീസ് ലക്ഷ്യമിടുന്നവര്‍ക്ക് ഒരു വഴികാട്ടി ആകാന്‍ മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് രാജമാണിക്യം പറയുന്നു.

സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ക്ലാസിനു പുറത്തുനില്‍ക്കേണ്ടി വന്ന ബാല്യത്തില്‍നിന്നാണ് ഐഎഎസ് എന്ന സ്വപ്നത്തിലേക്കുള്ള രാജമാണിക്യത്തിന്റെ യാത്ര തുടങ്ങുന്നത്. മധുരൈയില്‍ ക്ഷേത്ര ജീവനക്കാരനായ ഗുരുസാമിയുടേയും പഞ്ചരത്‌നത്തിന്റേയും മകനായി അനുപ്പാനഡി ഗ്രാമത്തിലാണ് എം.ജി. രാജമാണിക്യം ജനിച്ചത്. എട്ടടി വീതിയും പന്ത്രണ്ടടി നീളവുമുള്ള ഒറ്റമുറി വീട്ടിലായിരുന്നു ബാല്യ കൗമാരങ്ങള്‍.

പതിനഞ്ചു വയസുവരെ ഒറ്റമുറി മാത്രമുള്ള കുഞ്ഞുവീട്ടിലായിരുന്നു രണ്ടു സഹോദരിമാര്‍ അടക്കമുള്ള അഞ്ചംഗ കുടുംബത്തിന്റെ ജീവിതം. അടുക്കളയും ഉറക്ക സ്ഥലവുമെല്ലാം എട്ടടി വീതിയും പന്ത്രണ്ടടി നീളവുമുള്ള ഈ ഒറ്റ മുറിയിലായിരുന്നു. ശുചിമുറിയൊക്കെ വെറും സ്വപ്നം മാത്രമായിരുന്നു ഈ കാലത്തില്‍ നിന്നാണ് രാജമാണിക്യം നടന്നു കയറുന്നത്. യുകെജി മുതല്‍ അഞ്ചാം ക്ലാസുവരെ മധുരൈയിലെ എംഎസ്ആര്‍ വീരമണി സ്‌കൂളിലായിരുന്നു പഠനം. തുടര്‍ന്ന് പത്തുവരെ മധുരൈ സൗരാഷ്ട്ര സ്‌കൂളില്‍.

2007 ല്‍ അച്ഛന്‍, കോവില്‍ വേലയില്‍ നിന്ന് വിരമിക്കുമ്പോള്‍ മാസ ശമ്പളം വെറും 6800 രൂപ. രണ്ട് സഹോദരിമാര്‍ അടക്കം അഞ്ചംഗ കുടുംബത്തിന്റ നിത്യച്ചെലവ് മഹാകഷ്ടം. അഞ്ചു രൂപ പ്രതിമാസ ഫീ അടക്കാനില്ലാതെ എത്രയോ തവണ കുഞ്ഞു രാജമാണിക്യം ക്ലാസിനു പുറത്തു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. അങ്ങിനെയുള്ള ദിവസങ്ങളിലാണ് എവിടുന്നൊക്കെയോ നുള്ളിയൊപ്പിച്ച കാശുമായി അമ്മ സ്‌കൂളില്‍ പാഞ്ഞെത്തുന്നത്. സ്‌കൂളിലെ സത്തിനവു കൊണ്ട് ഉച്ചപ്പട്ടിണി മാറ്റിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പേരാണ് സത്തിനവ്. നാറ്റം കൊണ്ട് പലപ്പോഴും ആ ചോറു കഴിക്കാന്‍ പറ്റില്ല. എങ്കിലും അച്ചാറും കൂട്ടി അതു കഴിക്കും. ചില ദിവസങ്ങളില്‍ പുഴുങ്ങിയ മുട്ടയുണ്ടാകും. മുട്ടയുള്ള ദിവസമാണ് അല്‍പം ആശ്വാസം.

സോനയാകോവിലിലെ പച്ചക്കറി ചന്തയില്‍നിന്നും കച്ചവടക്കാര്‍ ഉപേക്ഷിക്കുന്ന കേടായ പച്ചക്കറികളില്‍ നിന്ന് കേട് കുറഞ്ഞവ തിരഞ്ഞെടുത്ത് വാങ്ങി അമ്മ പഞ്ചവര്‍ണം തയ്യാറാക്കുന്ന ഭക്ഷണമാണ് രാജമാണിക്യത്തിന്റെയും സഹോദരങ്ങളുടെയും വിശപ്പ് അടക്കിയിരുന്നത്. വൈകിയെങ്കിലും തൂക്കുപാത്രത്തില്‍ കഞ്ഞിയുമായി നഗ്നപാദയായി സ്‌കൂളിലേക്ക് ഓടിയെത്തുന്ന അമ്മയുടെ മുഖം രാജമാണിക്യത്തിന്റെ കണ്ണുകള്‍ക്ക് മുന്നില്‍ മായാതെ ഇന്നുമുണ്ട്.

പട്ടിണിക്കും ദുരിതങ്ങള്‍ക്കും ഇടയില്‍ രാജമാണിക്യം നിശ്ചയ ദാര്‍ഢ്യത്തോടെ പഠിച്ചു. മധുരൈയിലെ രാജാ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും കോയമ്പത്തൂരിലെ കോളേജ് ഓഫ് ടെക്നോളജിയില്‍ നിന്നും എന്‍ജിനീയറിങ് ഡിസൈനില്‍ യൂണിവേഴ്സിറ്റി ഗോള്‍ഡ് മെഡലോടെ എംഇയും രാജമാണിക്യം പാസായി. അമ്മാവന്റെ മകന്‍ മയില്‍ വാഹനനെപ്പോലെ പോലീസ് ആകണമെന്നായിരുന്നു കുട്ടിക്കാലത്തെ മോഹം. വെറും പോലീസായാല്‍ പോര, ഐ.പി.എസുകാരനാകണമെന്ന് അണ്ണന്‍ മയില്‍ വാഹനന്‍ ഉപദേശിച്ചു. ഐ.പി.എസ് മോഹം മനസ്സിലിട്ടു നടക്കുമ്പോഴാണ്, സാക്ഷരതാ പ്രവര്‍ത്തനത്തിനിടെ വിരുതുനഗറിലെ തീപ്പെട്ടി കമ്പനിയില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ കരിപുരണ്ട കൈവിരലുകള്‍ കാണാന്‍ ഇടവരുന്നത്. കരളലിയിക്കുന്ന ആ കാഴ്ചയെക്കുറിച്ച് സംസാരിക്കുമ്പോള്‍് ഒരു അധ്യാപകന്‍ അത്തരം അനീതികള്‍ക്കെതിരെ പോരാടാന്‍ കലക്ടറാകണം എന്നു പറഞ്ഞു. അതോടെ മനസ്സിലെ മോഹം ഐ.എ.എസായി. സാക്ഷാല്‍ എം.ജി.ആറിനെ പോലെ ഏഴൈ തോഴനാകാനുള്ള വഴി.

പക്ഷേ, ഐ.എ.എസിലേക്കുള്ള രാജമാണിക്യത്തിന്റെ വഴി അത്ര എളുപ്പമുള്ളതായിരുന്നില്ല. ആ തീരുമാനം തന്നെ ഏറെ കയ്പുറ്റതായിരുന്നു. അച്ഛന്‍ ജോലിയില്‍നിന്നു വിരമിച്ച കാലം. അഞ്ചു വയറുകള്‍ നിറയുക തന്നെ പ്രയാസം. സ്വര്‍ണ മെഡലോടെ എം.ഇ പാസ്സായ രാജമാണിക്യത്തിന് പ്രതി വര്‍ഷം എട്ട് ലക്ഷത്തോളം രൂപ ശമ്പളത്തില്‍ കാമ്പസ് സെലക്ഷന്‍ കിട്ടിയിരിക്കുന്നു. ആ ജോലി സ്വീകരിച്ച് സുഭിക്ഷമായ ജീവിതത്തിലേക്ക് മാറണോ..? അതോ ഐ.എ.എസ് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കണോ..?

വിരുതു നഗറിലെ തീപ്പെട്ടിക്കമ്പനിയുടെ കുട്ടികളുടെ കരിപുരണ്ട വിരലുകളായിരുന്നു ആ സന്ദേഹത്തിനുള്ള ഉത്തരം. ഐ.എ.എസ് തന്നെ. അച്ഛനോട് ക്രൂരമായ തന്റെ ആഗ്രഹം രാജമാണിക്യം തുറന്നു പറഞ്ഞു. ഗുരുസാമി കോവില്‍ വേലയില്‍നിന്ന് വിരമിക്കാന്‍ ഇനി മാസങ്ങളേയുള്ളു. എങ്കിലും അദ്ദേഹം മകന്റെ സ്വപ്നത്തിനു കൂട്ടു നിന്നു. നീ പോയി പഠിക്ക്, വിരമിച്ചാലും ഞാന്‍ വേറെ കോവിലില്‍ വേല പാക്കാം എന്നായിരുന്നു ആ പിതാവിന്റെ മറുപടി. നമ്മുടെ കഷ്ടപ്പാടുകള്‍ എല്ലാം മാറും എന്നായിരുന്നു അമ്മ പഞ്ചവര്‍ണത്തിന്റെ പ്രോത്സാഹനം. മകന്‍ കലക്ടറാകുമെന്ന വിചാരം പഞ്ചവര്‍ണത്തിന്റെ ഉള്ളിലും പുതിയ വര്‍ണങ്ങള്‍ നിറച്ചു. അവര്‍ പപ്പടം പരത്തിയും വിളക്കുതിരികള്‍ നിര്‍മിച്ചും പണം സമ്പാദിച്ചു. അതുകൊണ്ടൊന്നും എത്തിപ്പെടാന്‍ പറ്റുന്നതായിരുന്നില്ല രാജമാണിക്യത്തിന്റെ ഐ.എ.എസ് സ്വപ്നം. ബിടെകും എം.ഇയും പഠിച്ചതു തന്നെ കഷ്ടപ്പാടിന്റെ നെല്ലിപ്പടികളില്‍ ഇരുന്നു കൊണ്ടാണ്.

ഡല്‍ഹിയിലെ ജീവിതം ചെലവേറിയതാണ്. കോച്ചിംഗിനും പണം വേണം. ഡയരക്്ഷന്‍ എന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ നീതു സിംഗിന്റെ കനിവു കൊണ്ട്, ഫീസ് മൂന്നിലൊന്നായി കുറഞ്ഞു. മുപ്പതിനായിരം രൂപ പതിനായിരമായി. പകരം സ്ഥാപനത്തിന്റെ സല്‍പേര് ഉയര്‍ത്തിത്തരാം എന്നായിരുന്നു രാജമാണിക്യത്തിന്റെ വാഗ്ദാനം. (പ്രിലിംസില്‍ ജ്യോഗ്രഫിയില്‍ നാഷണല്‍ ടോപ്പറായി ആ വാക്ക് രാജമാണിക്യം പാലിച്ചു), നാലായിരം വരെയുള്ള വാടക 1200 രുപയായി കുറക്കാന്‍ വീട്ടുടമ രഘുബീര്‍ സിംഗും മകന്‍ അമര്‍ജിത് സിംഗും കരുണ കാണിച്ചു. അടുത്തു ചായക്കട നടത്തുന്ന നേപ്പാളിക്കാരന്‍ രാമുഭായ് ചായയും കടിയും പലപ്പോഴും സൗജന്യമായി നല്‍കി. അതുകൊണ്ടൊന്നും കാര്യം മുന്നോട്ടു പോകില്ല.

ഒരു നേരമെങ്കിലും ആഹാരം കഴിക്കണം. അച്ഛന്‍ അയക്കുന്ന രണ്ടായിരം രൂപയില്‍ 1200 രൂപ വാടക ഇനത്തില്‍ പോകും. നീതു സിംഗിന്റെ ഫീസ് പതിനായിരം രൂപയാണെങ്കിലും ചേച്ചി അയച്ചു കൊടുത്ത അയ്യായിരം രൂപ മാത്രമേ അടച്ചിട്ടുള്ളൂ. ബാക്കി കൊടുക്കണം. ഇപ്പോള്‍ ഒരു നേരം മാത്രമാണ് ആഹാരം. ചില ദവിസങ്ങളില്‍ ഉച്ച ഭക്ഷണം രണ്ട് ഭാഗമാക്കി പാതി, രാത്രി കഴിച്ചു. അള്‍സര്‍ ഉള്‍പ്പെടെ ഉദര രോഗങ്ങള്‍ അലട്ടാന്‍ തുടങ്ങി.

അവിടെയാണ് രാജമാണിക്യത്തിന്റെ സുഹൃത്തുക്കള്‍ പ്രത്യക്ഷപ്പെടുന്നത്. എന്‍ജിനീയറിംഗ് പഠന കാലത്തെ സഹപാഠികളായ വൈത്തിയും മുരളീ കൃഷ്ണനും സെന്തില്‍ പാണ്ഡ്യനും ധനപാലനും. രാജമാണിക്യം എന്ന കുചേലനെ കുബേരനാക്കാന്‍ കൂട്ടു നിന്ന പങ്കാളികള്‍. അവര്‍ മാസത്തില്‍ 500 രൂപ വീതം അയച്ചു കൊടുത്തു. എന്‍ജിനീയറിംഗ് പഠന കാലത്തും രാജമാണിക്യത്തിന് താങ്ങും തണലുമായവര്‍. അവരുടെ പണം കിട്ടിത്തുടങ്ങിയപ്പോഴാണ് രാജമാണിക്യം രണ്ട് നേരം ആഹാരം കഴിക്കാന്‍ തുടങ്ങിയത്. ആദ്യ രണ്ട് ശ്രമത്തില്‍ പരാജയപ്പെട്ടപ്പോഴും പിന്തുണയും പ്രോത്സാഹനവും നല്‍കി അവര്‍ കൂടെ നിന്നു. പങ്കാളീ.. പോയി പടി ഡാ എന്ന ആ പങ്കാളികളുടെ ഊക്കപ്പടിത്തുകള്‍ രാജമാണിക്യത്തിന് പുതിയ ഊറ്റവും ഊര്‍ജവുമായി.

മൂന്നു വര്‍ഷത്തെ കഠിന പ്രയത്‌നത്തിന് ഒടുവില്‍, മൂന്നാം ശ്രമത്തില്‍ ആ കഠിനാധ്വാനിയും ഉല്‍ക്കര്‍ഷേച്ഛുവുമായ ചെറുപ്പക്കാരന്‍ എം.ജി. രാജമാണിക്യം ഐ.എ.എസ് ആയി. ജന്മം കൊണ്ട് തമിഴനെങ്കിലും കര്‍മം കൊണ്ട് കേരളീയനായി. ഈ കഥയാണ് 'അന്‍ബോട് രാജമാണിക്യം' എന്ന പുസ്തകം പറയുന്നത്.