- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യമന്ത്രി വീണ ജോർജ് ഇതൊന്നും കാണുന്നില്ലേ? കൃത്യം 12 മണി കഴിഞ്ഞാൽ ലോക്കൽ ഒ പി ക്ലോസ് ചെയ്ത് ഡോക്ടർമാർ സ്ഥലംവിടും; ദുരെ ദിക്കിൽ നിന്ന് വരുന്നവർക്ക് ചികിത്സ കിട്ടുന്നത് ലോട്ടറി അടിക്കുന്നത് പോലെ; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ രോഗികൾ നിരാശരായി മടങ്ങുന്നത് പതിവ് കാഴ്ച
കോഴിക്കോട്: മഴക്കാലം ആരംഭിച്ചത് മുതൽ സംസ്ഥാനത്ത് എല്ലാ സർക്കാർ ആശുപത്രികളും വൈറൽ പനി ബാധിച്ചു ചികിത്സ തേടിയെത്തുന്നവരെ കൊണ്ട് നിറയുന്ന അവസ്ഥയാണ്. രോഗവുമായി മെഡിക്കൽ കോളജിലേക്കു എത്തുന്നവർ ആദ്യം ലോക്കൽ ഒ പിയിലാണ് ചികിത്സ തേടേണ്ടത്. ആശുപത്രിയുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവരാണെങ്കിൽ മെഡിക്കൽ ഓഫിസറുടെ റെഫറൽ ലെറ്ററുമായി വരുന്നവർക്കുമാണ് ഇവിടെ ചികിത്സ ലഭ്യമാക്കുന്നത്.
ദൂര ദിക്കിൽ നിന്നെല്ലാം പനിക്ക് അശേഷം കുറവില്ലാതെ ക്ഷീണിച്ച് തളർന്നാണ് റെഫറൽ ലെറ്ററുമായി മെഡിക്കൽ കോളജിലേക്കു പലരും എത്തുന്നത്. പനിക്കൊപ്പം ശസ്ത്രക്രിയ വേണ്ടവരും മറ്റു ഗുരുതരമായ രോഗാവസ്ഥയിലുള്ളവരുമെല്ലാം രോഗികളിൽ ഉൾപ്പെടും. എന്നാൽ ഇവിടെ പ്രവർത്തിക്കുന്ന ലോക്കൽ ഒ പിയിലെ ഡോക്ടറെ കണ്ട ശേഷമേ രോഗികൾക്ക് മെഡിക്കൽ കോളജ് ഒ പി യിലെ വിദഗ്ധ ഡോക്ടർമാരുടെ അടുത്തേക്ക് ചികിത്സ തേടി എത്താൻ സാധിക്കൂ.
രാവിലെ ഒൻപത് മണി മുതൽ ഉച്ച 12 വരെയാണ് ലോക്കൽ ഒ പിയുടെ പ്രവർത്തന സമയം. ഒ പി ടിക്കറ്റിനായി ദീർഘനേരം കാത്തിരുന്ന് അത് കരസ്ഥമാക്കി ഡോക്ടറെ കാണാനുള്ള നീണ്ട ക്യൂവിൽ ഇടംപിടിച്ച് മണിക്കൂറുകളോളം കാത്തുനിൽക്കുമ്പോഴേക്കും ഒ പി സമയം അവസാനിച്ചെന്നും ഇനി വേണ്ടവർക്ക് എമർജൻസിയിലെത്തി ഡോക്ടറെ കാണാമെന്നും അറിയിപ്പ് ലഭിക്കും. രാവിലെ എട്ടരക്കും ഒൻപതിനുമെല്ലാം എത്തി അവശരായ രോഗികൾക്കും ഒപ്പം വരുന്നവർക്കുമാണ് ഈ ഗതികേട്.
കൃത്യം 12 മണി കഴിഞ്ഞതും ഒ പി ക്ലോസ് ചെയ്ത് ഡോക്ടർമാർ പോയതായി രോഗികളായി എത്തുന്നവർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടർമാരോട് ആരാഞ്ഞപ്പോൾ തങ്ങൾക്കു മുകളിൽനിന്നു കിട്ടിയ നിർദ്ദേശം 12 വരെ ലോക്കൽ ഒ പിയിൽ രോഗികളെ പരിശോധിച്ചാൽ മതിയെന്നതാണെന്ന മറുപടിയായിരുന്നു. രോഗം സങ്കീർണമായി ഹെൽത്ത് സെന്ററുകളിൽനിന്നും താലൂക്ക്, ജില്ലാ ആശുപത്രികളിൽനിന്നുമെല്ലാം റെഫർ ചെയ്ത് എത്തുന്ന ഗുരുതര രോഗികളാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. മെഡിക്കൽ കോളജിൽ രോഗങ്ങളുമായി എത്തുന്നവരിൽ 90 ശതമാനവും പാവപ്പെട്ടവരാണ്. എന്തെങ്കിലും നിലക്ക് ചികിത്സാ ചെലവ് താങ്ങാൻ സാധിക്കുന്നവർ ഇവിടേക്കു വരില്ലെന്നത് നൂറു ശതമാനം ഉറപ്പാണ്.
വയനാട്ടിൽനിന്നും മലപ്പുറത്തുനിന്നുമെല്ലാം എത്തുന്ന പല രോഗികളും പലരോടും യാത്രാ ചെലവിനുള്ള പണംവരെ കടംവാങ്ങിയാണ് ചികിത്സക്കായി എത്തുന്നതെന്നതാണ് യാഥാർഥ്യം. രോഗവുമായി എത്തിയാൽ ലോട്ടറിയെടുത്തതുപോലുള്ള അവസ്ഥയാണ്. ഭാഗ്യമുണ്ടെങ്കിൽ ചികിത്സ ലഭിക്കുമെന്ന സ്ഥിതി. ലോക്കൽ ഒ പിയുടെ സമയം മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന സാധാരണ ഒ പികൾ പോലെ ഒന്നര രണ്ടു മണിയെന്നു നിജപ്പെടുത്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
എല്ലായിടത്തുമെന്നപോലെ രാവിലെ 12 വരെയോ മറ്റോ ഒ പി ചീട്ട് നൽകുകയും നൽകിയ മുഴുവൻ രോഗികളെയും ഡോക്ടർമാർ പരിശോധിക്കുന്ന അവസ്ഥയും ഉണ്ടായാൽ ഈ ദുരിതത്തിന് അറുതിയാവും. കോഴിക്കോട്ടെ മെഡിക്കൽ കോളജ് എന്നാൽ ജില്ലയുടെ മാത്രമാല്ല; വയനാട്, മലപ്പുറം, കർണാടകയുടെ ഭാഗമായ കുടക്, തമിഴ്നാടിന്റെ അതിർത്തി പ്രദേശമായ ഗൂഡല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽനിന്നെല്ലാം ധാരാളം രോഗികൾ ഇവിടേക്കു വരുന്നുണ്ട്.
ഗുരുതരമായ രോഗമോ, അപകടമോ അല്ലാത്ത എന്തു അസുഖമായി എത്തിയാലും ലോക്കൽ ഒ പിയിൽ ചികിത്സ തേടിയ ശേഷം കൂടുതൽ ചികിത്സ ആവശ്യമുള്ള കേസുകളാണെന്ന് പരിശോധിച്ച ഡോക്ടർമാർ വിധിച്ചാൽ മാത്രമാണ് സ്പെഷലിസ്റ്റ് വിഭാഗങ്ങളുടെ ഒ പി കളായ സർജറി, മെഡിസിൻ, ഓർത്തോ, ഇ എൻ ടി, ഗ്യാസ്ട്രോ തുടങ്ങിയ മെഡിക്കൽ ഒ പി കളിലേക്കു ചികിത്സക്കായി റെഫർ ചെയ്യൂ.
ലോക്കൽ ഒ പി 12 മണിക്ക് അവസാനിച്ചാൽ അവശേഷിക്കുന്ന നൂറു കണക്കിന് രോഗികൾ പിന്നെ അത്യാഹിത വിഭാഗത്തെ ആശ്രയിക്കണം.
കോവിഡ് കൂടിയ അവസരത്തിൽ അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരും പനിക്കായി പ്രത്യേക വിഭാഗവുമെല്ലാം പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം നിർത്തിയിരിക്കയാണ്. ലോക്കൽ ഒ പിയിൽ നിന്നു ചികിത്സ ലഭിക്കാതെ അത്യാഹിത വിഭാഗത്തിലേക്കു ചെല്ലുന്നതോടെ അവിടുത്തെ അപകടങ്ങളുമായി ബന്ധപ്പെട്ട രോഗികളും അതുണ്ടാക്കുന്ന തിരക്കുമെല്ലാം കാരണം ദീർഘനേരം കാത്തുനിന്നു ചികിത്സ ലഭിക്കാതെ വീണ്ടും അടുത്ത ദിവസം രോഗികൾ ലോക്കൽ ഒ പിയിലേക്കു എത്തേണ്ടുന്ന ദുരന്തമാണ് ദിനേന കോഴിക്കോട് മെഡിക്കൽ കോളജിൽ അരങ്ങേറുന്നത്.
പൊതു അവദി ദിനങ്ങളായ ഞായറാഴ്ചയുടെ തലെ ദിവസമോ മറ്റോ എത്തിയാൽ രോഗാവസ്ഥയുമായി രണ്ടു ദിവസം അശങ്കകളോടെ കഴിഞ്ഞു കൂടേണ്ട അവസ്ഥയിലാണ് ചികിത്സക്കായി എത്തുന്നവർ. ലോക്കൽ ഒ പിയിൽ അഞ്ചോ ആറോ ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാനുള്ള സംവിധാനം ഉണ്ടെങ്കിലും അധികവും രണ്ടു ഡോക്ടരമാരെല്ലാമാണ് കാണാറ്.
ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കാനും ഒ പി ചീട്ട് നൽകുന്ന മുഴുവൻ രോഗികൾക്കും ചകിത്സ ഉറപ്പാക്കുകയും ചെയ്താൽ മെഡിക്കൽ കോളജെന്ന സാധാരണക്കാരന്റെ ആശാ കേന്ദ്രം ആ പദത്തിന്റെ അർഥം നിലനിർത്തുന്ന നിലയിലേക്കു ഉയരും. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കാലങ്ങളായി രോഗികളുടെയും ഒപ്പം വരുന്നവരുടെയും അഭ്യർത്ഥന.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്