- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ആ നടന്‍ നിവിന്‍ പോളിയാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല; മറ്റുള്ളവര്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് എന്റെ കുറ്റമല്ല; ഞാന്‍ പറഞ്ഞ കാര്യത്തിന് മാത്രമേ എനിക്ക് ഉത്തരവാദിത്തം ഉള്ളൂ; നമുക്ക് പരിഹരിക്കാന്‍ പറ്റാത്ത വിഷയത്തില്‍ സംഘടനയുടെ സഹായം തേടിയാ മതിയല്ലോ; സാന്ദ്രയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ അസൂയയാണ്'; ലിസ്റ്റിന്‍ സ്റ്റീഫന്‍
വലിയ വിവാദത്തിന് തിരികൊളുത്തിയ കാരണക്കാരനായി നടന്‍ നിവിന്‍ പോളിയെയാണ് ചിലര്‍ ലക്ഷ്യമിടുന്നതെങ്കിലും, താന്‍ അത്തരത്തില്‍ ഒരുതിരഞ്ഞെടുപ്പും നടത്തിയിട്ടില്ലെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി. പേരുപറഞ്ഞില്ലെങ്കിലും ചിലര്‍ അതിനായി നിവിനെ തിരഞ്ഞെടുത്തതില്‍ തനിക്ക് നിയന്ത്രണമില്ലെന്നും, പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ തീര്‍ക്കാനാണ് ശ്രമമെന്നും, വേണമെന്ന് എങ്കില്‍ സംഘടനയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാതാവ് സാന്ദ്ര തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ല. സാന്ദ്രയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ അസൂയ കാരണമാണ് ഇത്തരത്തില്‍ സംഘടനയിലെ ഓരോരുത്തരെ ആക്രമിക്കുന്നതെന്നും ലിസ്റ്റിന്‍ പറയുന്നു. 'നടന്റെ പേര് പരസ്യമായി പറയാമായിരുന്നു, പക്ഷേ അങ്ങനെ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല. അതിനു പിന്നില്‍ നിരവധി കാരണം ഉണ്ട്. 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' എന്ന ചിത്രത്തിന്റെ പരിപാടി അവസാനിച്ചപ്പോഴാണ് ഒരുപാട് ചിന്തിച്ച ശേഷം ഈ വിഷയം പങ്കുവെയ്‌ക്കേണ്ടതായി വന്നത്.
വ്യക്തിപരമായ ആശയവിനിമയത്തിലൂടെ, ക്ഷണിച്ചു വിളിച്ചുവരുത്തിയ വ്യക്തിയോടാണ് ഈ പരാമര്‍ശം നടത്തിയത്. അതിനെ അടിസ്ഥാനമാക്കി താനൊരു ലോബിയെന്നാണ് ചിലര്‍ വ്യാഖ്യാനിക്കുന്നത് അനാവശ്യമാണെന്ന് ലിസ്റ്റിന്‍ വ്യക്തമാക്കി. പരാമര്‍ശം ആരെക്കുറിച്ചാണെന്ന് ആ നടനും തന്റെ ടീമംഗങ്ങള്‍ക്കും വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ആ പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ടത് ആ ആളുടെ കൂടി കടമയാണ്. 15 വര്‍ഷമായി ഈ മേഖലയില്‍ വന്നിട്ട്. ഇതുവരെ ഒരു അഭിനേതാവിനെ പൊതു വേദിയില്‍ വിമര്‍ശിച്ച ചരിത്രമില്ലെന്നും, നേരത്തെ ഉണ്ടായ തര്‍ക്കങ്ങള്‍ പോലും പദവി സംരക്ഷിച്ച് ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കിയതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സിനിമ എന്നത് വളരെ സങ്കീര്‍ണമായ പരിപാടി ആണല്ലോ.
ഞാന്‍ ഒരുപാട് സിനിമകള്‍ നിര്‍മ്മിച്ചിട്ടില്ലെങ്കിലും ഈ വിവാദ പരാമര്‍ശം കൃത്യമായി ആരെക്കുറിച്ചാണെന്നു മേഖലയിലെ പലര്‍ക്കും നേരത്തേ തന്നെ മനസ്സിലായിരിക്കാമെന്നു പ്രതീക്ഷിക്കുന്നു. പരസ്യവേദികളിലേക്കു അതു കൊണ്ടുപോകേണ്ടതില്ലെന്നും, വ്യക്തിപരമായ ഇടപെടലുകള്‍ അത്രയും ശ്രദ്ധാകേന്ദ്രമാകേണ്ടതില്ലെന്നുമാണ് ലിസ്റ്റിന്റെ നിലപാട്. 'നിവിന്‍ പോളിയാണ് ആ താരം' എന്ന കാര്യം താനൊരിക്കലും പറഞ്ഞിട്ടില്ലെന്നും, മറ്റുള്ളവര്‍ അതിനേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ തനിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. താനൊഴിഞ്ഞത് വ്യക്തമായ ബോധ്യത്തോടെയാണെന്നും, തനിക്കു ബാധ്യതയുള്ളത് താനാണ് നേരിട്ട് ഉദ്ധരിച്ച കാര്യങ്ങള്‍ക്കായി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ മറ്റ് സിനിമാപദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്നും, ഉണ്ടായാല്‍ പ്രശ്നങ്ങള്‍ തത്സമയം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമം എന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ എന്നു പറയുന്ന വ്യവസായത്തില്‍ നടന്മാര്‍ക്കാണ് ഫാന്‍സ് ഉള്ളത്. നിര്‍മാതാവിന് ഫാന്‍ ഇല്ലല്ലോ. ഞാന്‍ ആരുടെയെങ്കിലും പേര് പറഞ്ഞാല്‍ ആള്‍ക്കാര്‍ കാര്യം അറിയാതെ ഓരോന്ന് എഴുതി വിടും, ആര്‍ടിസ്റ്റിനെ പിന്തുണയ്ക്കാന്‍ ആളുണ്ടാകും അവിടെ ദുര്‍ബലനാകുന്നത് പ്രൊഡ്യൂസര്‍ ആണ്. 150 രൂപ ടിക്കറ്റ് എടുത്തിട്ട് ജയ് വിളിക്കുന്നവര്‍ ആണ് ഫാന്‍സ്, ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്. അവര്‍ക്ക് കാര്യം അറിയില്ലല്ലോ. അവര്‍ ആക്രമിക്കുന്നത് എന്നെ ആയിരിക്കും. കാര്യം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കും, അതിനു കഴിഞ്ഞില്ലെങ്കില്‍ സംഘടനയിലേക്ക് പോകും. നമുക്ക് പറ്റാത്ത സാഹചര്യത്തില്‍ സംഘടനയിലേക്ക് പോയാല്‍ മതിയല്ലോ അതുകൊണ്ടാണ് ഇതുവരെ പോകാത്തത്.
സാന്ദ്ര പറയുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ മറുപടി കൊടുക്കേണ്ട കാര്യമില്ല. സാന്ദ്ര എന്റെ സുഹൃത്ത് ആയിരുന്നു. പക്ഷേ ഇപ്പോള്‍ സാന്ദ്ര എന്തോ നിരാശയില്‍ ഇരുന്ന് ഓരോന്ന് പറയുകയാണ്. കുറെ നാളായി ഇതു തുടങ്ങിയിട്ട്. അസോസിയേഷനിലെ 14 പേര്‍ക്കെതിരെ സാന്ദ്ര കേസ് കൊടുത്തു, നാലുപേര്‍ക്കെതിരെ ഇപ്പോള്‍ കേസ് ഉണ്ട്. എന്നെയും പ്രതി ചേര്‍ത്തിരുന്നു ഇപ്പോള്‍ ആ പട്ടികയില്‍ ഞാന്‍ ഇല്ല. അവര്‍ പറഞ്ഞ കാര്യങ്ങളെ ഞാന്‍ സപ്പോര്‍ട്ട് ചെയ്തില്ല, ഞാനും അവരുടെ ലോബിയില്‍ ആണ് എന്നുപറഞ്ഞ് സാന്ദ്ര ആരോപണം ഉന്നയിക്കുകയാണ്. സിനിമകള്‍ ചെയ്യുന്നത് എന്റെ കഴിവല്ലേ, അതില്‍ കുശുമ്പ് പറഞ്ഞിട്ട് എന്തുകാര്യം, ഇവര്‍ക്കും ചെയ്യാമല്ലോ. ഞാന്‍ ഒരു ധനികനൊന്നും അല്ല പടിപടിയായി ഉയര്‍ന്നു വന്ന ആളാണ്. ഞാന്‍ പല കാര്യങ്ങളും ചെയ്യും,
ഞാന്‍ തെറ്റ് ചെയ്യുന്നുണ്ടോ ഒരാളെ വിഷമിപ്പിക്കുന്നുണ്ടോ എന്നല്ലേ നോക്കേണ്ടത്. ഞാന്‍ ഒരു ബിസിനസ്സുകാരന്‍ ആണ്, എല്ലാവരും പണം ആവശ്യം വരുമ്പോള്‍ പലരുടെ കയ്യില്‍ നിന്നും വാങ്ങും കൊടുക്കും എല്ലാവരും അങ്ങനെ അല്ലേ. വട്ടിപ്പലിശ എന്നു പറയുന്നത് എന്താണെന്ന് എനിക്കറിയില്ല, പണം ചെന്നൈയില്‍ നിന്നൊക്കെ വാങ്ങാറുണ്ട് തിരിച്ചു കൊടുക്കാറുണ്ട്. ഇതൊന്നും ഒളിച്ചു വച്ച് ചെയ്യുന്നതല്ലോ. എനിക്ക് ജിഎസ്ടി റെയ്ഡ് ഒക്കെ വന്നതല്ലേ, എല്ലാം ഒഫിഷ്യല്‍ ആയ കാര്യമല്ലേ, അതിനു ഇങ്ങനെ പറയാന്‍ എന്താണ്. ഞങ്ങളുടെ അസോസിയേഷനിലെ പലരെയും ഇങ്ങനെ തേജോവധം ചെയ്തുകൊണ്ടിരിക്കുകയാണ് ഇവര്‍. ഒരു സ്ത്രീ ആണെന്ന പരിഗണന കൊടുത്താണ് ആരും മിണ്ടാതെ ഇരിക്കുന്നത്.
ആന്റോ ജോസഫ്, ബി. രാഗേഷ്, ഇവര്‍ക്കൊക്കെ കുടുംബം ഉള്ളതാണ്. ബി. ഉണ്ണികൃഷ്ണന്‍ സിയാദ് കോക്കര്‍ തുടങ്ങിയവര്‍ എല്ലാ കാര്യത്തിലും പ്രതികരിക്കുന്നതാണ്, ഇവരുടെ കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല, ഒരു സ്ത്രീ ആണെന്ന പരിഗണന കൊടുത്ത് എല്ലാവരും മിണ്ടാതെ ഇരിക്കുകയാണ്. അവര്‍ അവര്‍ക്കിഷ്ടമുള്ള കാര്യം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനൊക്കെ ഒരു ലിമിറ്റ് ഉണ്ട്. ഞാന്‍ കഷ്ടപ്പെട്ട് പ്രോജക്റ്റ് ഉണ്ടാക്കും ചിലപ്പോ പൈസ കടം വാങ്ങും, അതിന് എന്താണ് കുഴപ്പം. അതില്‍ കണ്ണുകടി ഉണ്ടായിട്ട് കാര്യമില്ല. ഇവര്‍ക്കും അതൊക്കെ ചെയ്യാമല്ലോ. ചുമ്മാ ചൊറിഞ്ഞുകൊണ്ട് ഇരുന്നിട്ട് കാര്യമില്ല, മാര്‍ക്കറ്റില്‍ ഇറങ്ങി പണം ഇറക്കി ചെയ്യണം. സാന്ദ്ര സ്വന്തം പൈസക്കാണോ എല്ലാം ചെയ്തിരിക്കുന്നത്? എന്തെല്ലാം കേസുകള്‍ അസോസിയേഷനില്‍ കിടപ്പുണ്ട്.
സാന്ദ്രയെ പിന്തുണച്ച് ഇന്‍ഡസ്ട്രിയില്‍ ഉള്ള കുറേപ്പേര്‍ വന്നിട്ടുണ്ട് അവര്‍ക്കൊന്നും ഒരു പ്രശ്‌നവും ഇല്ലാത്തവരാണോ. ബിസിനസ് ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ഓരോ പ്രശ്‌നം വരും. സാന്ദ്ര തോമസ് ലൈസന്‍സ് കിട്ടിയതുപോലെ ഏതു കാര്യത്തിലും പ്രതികരിക്കുകയാണ്. സാന്ദ്രാ തോമസ് ഇവിടുത്തെ ആരാണ്? ഞാനും ഇവിടുത്തെ ആരും അല്ല. അവര്‍ അവരെ തന്നെ തെളിയിക്കട്ടെ. ഒരു വിഷയം വരുമ്പോള്‍ സാന്ദ്രാ തോമസ് ഇങ്ങനെ പറഞ്ഞു എന്ന് ടൈറ്റില്‍ ഇട്ടു പ്രചരിപ്പിക്കുകയാണ്.
ലിസ്റ്റിന്റെ ഭാഷയില്‍ ധാര്‍ഷ്ട്യം ഉണ്ട് എന്ന് സാന്ദ്ര പറയുന്നു. എനിക്ക് എന്ത് ധാര്‍ഷ്ട്യം ആണുള്ളത് ? എന്റെ വാട്‌സാപ്പ് ഡിപ്പിയില്‍ യേശു ക്രിസ്തുവിന്റെ ഫോട്ടോ ആണ് ഉള്ളത്. ധാര്‍ഷ്ട്യത്തിന്റെ അടയാളമാണോ അത്? ഞാന്‍ ഒരു കാര്യം പറയാനുണ്ടെന്ന് അതിനു മുന്നേ പറഞ്ഞിട്ടുണ്ട്, ആ ഒരു കാര്യമാണ് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതെങ്ങനെയാണ് ധാര്‍ഷ്ട്യം ആകുന്നത്. ആളുകള്‍ക്ക് എന്തും പറയാം എന്ന ധാരണ തെറ്റാണ്. ഞങ്ങളൊക്കെ കഷ്ടപ്പെട്ട് ടെന്‍ഷന്‍ അടിച്ച് ജീവിക്കുന്നവരാണ്. ഒരു പടം ഇറങ്ങുമ്പോള്‍ അറിയാം, എന്തെല്ലാം ടെന്‍ഷനാണ്. നമ്മള്‍ വീടും സ്ഥാപനങ്ങളും ഒകെ എഴുതി കൊടുത്തിട്ടാണ് പടം ചെയ്യുന്നത്.''ലിസ്റ്റിന്റെ വാക്കുകള്‍.