- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഡയാലിസിസ് സെന്ററിലെ മലിനജലം സമീപത്തെ ജലസ്രോതസ്സുകളിലേക്ക് ഒഴുകുന്നു; കുടിവെള്ളം മലിനമായതോടെ പ്രദേശവാസികൾ പ്രതിസന്ധിയിൽ; ഡയാലിസിസ് സെന്റിന് പ്രവർത്തന അനുമതി നൽകിയത് മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാതെ; ജില്ലാ കളക്ടർ ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരമായില്ല; 100 ദിവസം പിന്നിട്ട് അനിശ്ചിതകാല സമരം
കാസർകോട്: മുട്ടത്തൊടി ബാരിക്കാട് ഡയാലിസിസ് സെന്ററിലെ മലിനജലം സമീപത്തെ കിണറുകളിലേക്കും ശുദ്ധജലസ്രോതസ്സുകളിലേക്കും ഒഴുകി കുടിവെള്ളം മലിനമാകുന്നതിന് നടപടി ആവശ്യപ്പെട്ട് നടക്കുന്ന അനിശ്ചിതകാല സമരം 100 ദിവസം പിന്നിടുമ്പോഴും കണ്ണ് തുറക്കാതെ അധികാരികൾ. ബാരിക്കാട് കർമസമിതിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ജില്ലാ കളക്ടർ ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചിട്ടില്ല. മലിനജലം ഒഴുകിയെത്തി സമീപത്തെ ജുമാ മസ്ജിദിലെയും പരിസര വീടുകളിലെയും കിണറുകൾ മലിനമാകുന്നതോടെ വലിയ പ്രതിസന്ധിയാണ് പ്രദേശവാസികൾ നേരിടുന്നത്.
പ്രദേശവാസികളുടെ പരാതിയിൽ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഉത്തരവിട്ടിരുന്നു. സമരം ഡയാലിസിസ് ചെയ്യനെത്തുന്നവര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും സംഭവത്തില്‍ അധികൃതര്‍ ഇടപെടണമെന്നുള്ള ആവശ്യവും ശക്തമാണ്. ഒന്നരവർഷം മുൻപ് തുടങ്ങിയ ഡയാലിസിസ് കേന്ദ്രത്തിൽനിന്നുള്ള മലിനജലമാണ് കിണറുകളിലേക്ക് എത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാതെ ഡയാലിസിസ് സെന്റർ പ്രവർത്തിക്കാൻ ഇടയാക്കിയത് അധികൃതരുടെ കടുത്ത അനാസ്ഥയാണെന്നും വിമർശനമുണ്ട്.
വർഷങ്ങളായി കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറുകളിലെ വെള്ളത്തിന് നിറവ്യത്യാസവും രുചിവ്യത്യാസവും മണവും വന്നതോടെയാണ് ജല അതോറിറ്റിയുടെ ലാബിൽ പരിശോധിച്ചത്. പരിശോധനയിൽ കിണർവെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നത്തിനിടയാക്കുമെന്ന് വ്യക്തമായി. കിണറുകളിലെ വെള്ളം മലിനമായതോടെ കുടിക്കാൻ പോലും വെള്ളം പ്രദേശവാസികൾ പണം നൽകി വാങ്ങേണ്ട അവസ്ഥയാണുള്ളത്. ആവശ്യമായ പരിശോധന നടത്താതെ ഡയാലിസിസ് സെന്ററിന് പ്രവർത്തനാനുമതി നൽകിയ നടപടികൾ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കർമസമിതിയുടെ സമരത്തെത്തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ ഉൾപ്പെടെ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കർമസമിതിയുടെ പരാതി ശരിയാണെന്ന് തെളിഞ്ഞിരുന്നു. ഡയാലിസിസ് സെന്ററിലെ രോഗികളുമായി രാവിലെ എഡിഎം പി അഖിൽ കലക്ടറേറ്റിൽ ചർച്ച നടത്തിയിരുന്നു. അതുവരെ ഡയാലിസിസ് സെൻറർ സർക്കാറിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താനും ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. മലിനീകരണം നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ജില്ലാ ശുചിത്വമിഷന് ചുമതലപ്പെടുത്തി. എന്നാൽ ചർച്ച നടന്ന് ഒരു മാസം പിന്നിട്ടിട്ടും ശുചീകരണ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.