- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇരുള് മൂടിയ ഗുഹയില്‍ 150 മീറ്റര്‍ ഉള്ളിലേക്ക് നടന്നാല്‍ മുകളില്‍ ഒരു വലിയ ദ്വാരം; പ്രകാശം ഉള്ളിലേക്ക് പതിക്കുന്ന സവിശേഷത; ചിലയിടത്ത് മുട്ടില്‍ ഇഴഞ്ഞുനീങ്ങണം; 'ലോക'യിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ പയ്യാവൂരിലെ കുഞ്ഞിപ്പറമ്പ് ഗുഹ കാണാന്‍ ജനപ്രവാഹം
'ലോക'യിലൂടെ തരംഗമായി മാറിയ കുഞ്ഞിപ്പറമ്പ് ഗുഹ കാണാന്‍ ജനപ്രവാഹം
കണ്ണൂര്‍ : ഓണത്തിന് തീയേറ്ററിലെത്തി ബോക്‌സ് ഓഫിസ് തൂക്കിയെടുത്ത് വമ്പന്‍ ഹിറ്റായ 'ലോക ചാപ്റ്റര്‍ വണ്‍-'സിനിമയിലൂടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് പയ്യാവൂരിലെ കുഞ്ഞിപ്പറമ്പ് ഗുഹ. ഈ ഗുഹ കാണുന്നതിനും ചിത്രീകരിക്കുന്നതിനുമായി പയ്യാവൂരിലേക്ക് യൂട്യൂബര്‍മാരുടെയും വ്‌ളോഗര്‍മാരുടെയും വിനോദസഞ്ചാരികളുടെയും പ്രവാഹമാണിപ്പോള്‍.
ലോക സിനിമയിലെ നായികയായ കല്യാണി പ്രിയദര്‍ശന് സൂപ്പര്‍ പവര്‍ കിട്ടുന്ന ഗുഹ സിനിമയില്‍ കണ്ട ഏതൊരു പ്രേക്ഷകന്റെയും മനസില്‍ ഇടം നേടിയതാണ്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂരിലെ കുഞ്ഞിപ്പറമ്പിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സിനിമയിലെ ഫ്‌ലാഷ് ബാക്ക് സീനിലാണ് ഗുഹയുടെ ഉള്‍വശം കാണിക്കുന്നത്.
എറണാകുളത്തെ മറ്റൊരു ഗുഹയിലും ഈ സീനിന്റെ ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പയ്യാവൂരിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. ിനോദസഞ്ചാരികള്‍ക്ക് അത്രയൊന്നും പരിചിതമല്ലാത്ത കുഞ്ഞിപ്പറമ്പ് ഗുഹ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലും സിനിമാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. നേരത്തേ 'കുമാരി' എന്ന സിനിമയും ഇവിടെ ഷൂട്ട് ചെയ്തിരുന്നു.
പയ്യാവൂര്‍ സ്വദേശി പി.ഉമ്മറിന്റെ സ്ഥലത്തുള്ള ഈ ഗുഹയ്ക്ക് ഏകദേശം 500 മീറ്റര്‍ നീളമുണ്ട്. പ്രകൃതിദത്തമായി രൂപപ്പെട്ട ഗുഹയാണിത്. ശരാശരി അഞ്ചു മുതല്‍ 15 മീറ്റര്‍ വരെ ഉയരമുണ്ട്. വീതി ഏകദേശം 10 മീറ്ററുണ്ടാകും. ഗുഹയുടെ ചില ഭാഗങ്ങളില്‍ ഉയരം ഒരു മീറ്റര്‍ വരെ കുറയും. ചിലയിടത്ത് 15 മീറ്റര്‍ വരെയുണ്ടാകും. ഒരു മീറ്റര്‍ ഉയരമുള്ളിടത്ത് മുട്ടില്‍ ഇഴഞ്ഞു വേണം പോകാന്‍.
ഇരുട്ട് മൂടിയ ഗുഹയില്‍ ഏകദേശം 150 മീറ്റര്‍ ഉള്ളിലേക്ക് നടന്നാല്‍ മുകളില്‍ ഒരു വലിയ ദ്വാരം കാണാം. അതില്‍ നിന്ന് പ്രകാശം ഉള്ളിലേക്ക് പതിക്കുന്നതാണ് ഇവിടത്തെ പ്രത്യേകത. ഈ സിനിമയിലൂടെ ഗുഹ ജനങ്ങളില്‍ പരിചിതമായതോടെ ഇന്‍സ്റ്റഗ്രാം റീലുകളിലും സഞ്ചാരികളുടെ വ്‌ലോഗിലും കുഞ്ഞിപ്പറമ്പ് ഗുഹ ഇടംപിടിച്ചിട്ടുണ്ട്.
കുന്നത്തൂര്‍ മുത്തപ്പന്‍ മടപ്പുര ആരുഢ സ്ഥാനവും കാഞ്ഞിരക്കൊല്ലിയും ശശിപ്പാറയും പൈതല്‍ മലയുമൊക്കെ സഞ്ചാരികളിലും തീര്‍ത്ഥാടകരിലും നവ്യാനുഭവം പകരുന്ന മലയോര പ്രദേശമാണ് പയ്യാവൂര്‍. മലയാള ചലച്ചിത്ര രംഗത്ത് വന്‍ ഹിറ്റടിച്ച ബിജു മേനോന്‍ ചിത്രം വെള്ളിമൂങ്ങ ചിത്രീകരിച്ചത് കണ്ണൂര്‍ ജില്ലയിലെ മറ്റൊരു മലയോര പ്രദേശമായ ആലക്കോട് നിന്നാണ്.