- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടന്‍ കുടിയേറ്റ വിരുദ്ധ സമരത്തെ ശക്തമായി നേരിടുമെന്ന് ഒടുവില്‍ കീര്‍ സ്റ്റാര്‍മറുടെ പ്രസ്താവന; അമേരിക്കയില്‍ നിന്നും ഓസ്ട്രേലിയ വഴി ബ്രിട്ടനില്‍ എത്തിയ സമരത്തെ കയ്യും കെട്ടി കണ്ടു നില്‍ക്കില്ലെന്ന സൂചന നല്‍കിയത് കാര്യങ്ങള്‍ കൈവിടാതിരിക്കാന്‍; കൂടുതല്‍ കര്‍ക്കശ കുടിയേറ്റ നിയമങ്ങള്‍ക്ക് സാധ്യത; സമരക്കാര്‍ വിശപ്പടക്കാന്‍ ആശ്രയിച്ചത് ഇന്ത്യന്‍ തട്ടുകടകളും ഉള്ളി ബജിയും
ബ്രിട്ടന്‍ കുടിയേറ്റ വിരുദ്ധ സമരത്തെ ശക്തമായി നേരിടുമെന്ന് കീര്‍ സ്റ്റാര്‍മറുടെ പ്രസ്താവന
ലണ്ടന്‍: ലണ്ടന്‍ നഗരത്തെ ശ്വാസം മുട്ടിച്ച ഒരു ലക്ഷത്തിലേറെ പേര് അണിനിരന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭ റാലിക്ക് മണിക്കൂറുകള്‍ക്ക് ശേഷം ഒടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രതികരണവുമായി രംഗത്ത്. ഏതു വിധേയേനെയും സമ്മര്‍ദ്ദവും ആയി എത്തുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തെ എതിര്‍ത്ത് തോല്‍പ്പിക്കും എന്നാണ് സ്റ്റാര്‍മര്‍ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ രാഷ്ട്രീയം കളിക്കാന്‍ ഇറങ്ങിയ ലോക കോടീശ്വരന്‍ എലോണ്‍ മസ്‌ക് വിഡിയോ ലിങ്കിലൂടെപങ്കെടുത്ത റാലി എന്ന നിലയില്‍ ഇപ്പോള്‍ അതിന്റെ ഉദ്ദേശ ലക്ഷ്യം പോലും ചോദ്യം ചെയ്യപ്പെടുകയാണ്.
പ്രത്യേകിച്ചും ഡൂ ഓര്‍ ഡൈ എന്നൊക്കെ വികാരഭരിതമായ മുദ്രാവാക്യവും ആയി എത്തിയ എലോണ്‍ മസ്‌ക് ആവശ്യപ്പെട്ടത് ബ്രിട്ടീഷ് സര്‍ക്കാരിനെ തൂത്തെറിയുക എന്ന പ്രകോപനം കൂടിയാണ്. ഒരു വര്‍ഷം മുന്‍പ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് അധികാരത്തിലേറിയ ലേബര്‍ സര്‍ക്കാരിനോട് യുകെയിലെ പ്രതിപക്ഷം ആയ കണ്‍സര്‍വേറ്റീവുകള്‍ പോലും പറയാത്ത ആവശ്യമാണ് ഇപ്പോള്‍ എലോണ്‍ മസ്‌ക് ഉയര്‍ത്തിയിരിക്കുന്നത്.
കുടിയേറ്റക്കാര്‍ക്ക് യഥാര്‍ത്ഥ ബ്രിട്ടീഷുകാരേക്കാള്‍ അവകാശങ്ങളും പരിഗണനയും കിട്ടുന്നത് കണ്ടുനില്‍ക്കാന്‍ ആകില്ലെന്നാണ് റാലിയുടെ സംഘാടകനും പ്രധാന വലതു വംശീയവാദിയും ആയി അറിയപ്പെടുന്ന ടോമി റോബിന്‍സണ്‍ റാലിയെ അഭിസംബോധന ചെയ്തു പറഞ്ഞത്. ബ്രിട്ടനിലേക്ക് അക്രമം കടന്നുവരികയാണ്, നിങ്ങള്‍ ഒന്നുകില്‍ അതിനെതിരെ പോരാടുക അല്ലെങ്കില്‍ സ്വയം മരിക്കാന്‍ തയ്യാറാകുക തുടങ്ങി അത്യന്തം പ്രകോപനകരമായ വാക്കുകളാണ് എലോണ്‍ മസ്‌ക് റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിച്ചത്. അടുത്ത നാലുവര്‍ഷത്തേക്ക് പുതിയ സര്‍ക്കാരിനായി കാത്തിരിക്കാനാകില്ലെന്നും അത് വലിയ നീണ്ട കാലയളവ് ആണെന്നും വരെ എലോണ്‍ മസ്‌ക് പറഞ്ഞു വച്ചതോടെ അയാളുടെ ഉദ്ദേശം തന്നെ എന്ത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ബ്രിട്ടീഷ് പാര്‍ലിമെന്റ് തന്നെ പിരിച്ചു വിടണം എന്നാണ് അയാള്‍ ഒരു ഘട്ടത്തില്‍ ആവശ്യപ്പെട്ടത്. മുന്‍പും എലോണ്‍ മസ്‌ക് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടല്‍ നടത്തിയിട്ടുണ്ട്. കുപ്രസിദ്ധമായ ഗ്രൂമിങ് ഗാങ് സംഭവത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട് 2023 നടപ്പാക്കുമ്പോളാണ് മസ്‌ക് അത് ഫ്രീ സ്പീച്ച് തടസപ്പെടുത്തുന്ന ബില്‍ ആണെന്ന് വാദിച്ചു രംഗത്ത് വന്നത്. ബ്രിട്ടനില്‍ വംശീയ പാര്‍ട്ടിയായി ഉയര്‍ന്നു വന്ന റീഫോം യുകെയ്ക്ക് ഫണ്ട് എത്തിയത് എലോണ്‍ മസ്‌ക് വഴിയാണെന്ന ഊഹങ്ങള്‍ ഇപ്പോള്‍ ഒരിക്കല്‍ കൂടി ശക്തിപ്പെടുകയാണ്. എന്നാല്‍ നൈജല്‍ ഫരാജുമായി ഇടയ്ക്ക് തെന്നിയ മസ്‌ക് ഇപ്പോള്‍ കൂട്ട് പിടിച്ചിരിക്കുന്നത് വംശീയവാദിയായ ടോമി റോബിന്‍സണിനെയാണ്. അമേരിക്കയില്‍ ചാര്‍ളി കിര്‍ക് കൊല്ലപ്പെട്ടത് പരാമര്‍ശിച്ചു ലോകമെങ്ങും ഇടതു പക്ഷം എന്നാല്‍ കൊലയാളികള്‍ കൂടിയാണ് എന്ന കടന്ന പ്രയോഗത്തിനും എലോണ്‍ മസ്‌ക് തയ്യാറാകുക ആയിരുന്നു.
അതിനിടെ ശനിയാഴ്ച നടന്ന കൂറ്റന്‍ റാലിയില്‍ ഭക്ഷണം കിട്ടാതെ വിഷമിച്ച ആയിരങ്ങള്‍ക്ക് ആശ്രയമായി മാറിയത് ലണ്ടന്‍ നഗരത്തിലെ ഇന്ത്യന്‍ തട്ടുകടകള്‍ ആണെന്നത് വലിയ തമാശയായി മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. തട്ടുകടകളില്‍ എത്തിയവര്‍ ഉള്ളിവട അടക്കം രുചികരമായ ഭക്ഷണം അകത്താക്കിയാണ് കുടിയേറ്റ വിരുദ്ധ റാലിയിലേക്ക് നീങ്ങിയത്. സൗത്ത് ബാങ്ക് സെന്റര്‍ പ്രദേശത്തു എത്തിയ സമരക്കാര്‍ക്ക് വിശന്നപ്പോള്‍ നാന്‍ വ്രാപ്, ബിരിയാണി, സമോസ, മസാല കറികള്‍, ഉള്ളി ബജി എന്നിവയൊക്കെ സ്വാദോടെ അകത്താക്കുന്ന വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കുടിയേറ്റക്കാരെ പൂര്‍ണമായും ഒഴിവാക്കി ലോകത്ത് ഒരിടത്തും സാധാരണ ജീവിതം സാധ്യമാകില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഇത്തരം കാഴ്ചകളിലൂടെ സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വാദം.
കുടിയേറ്റ വിരുദ്ധ സമരത്തില്‍ എലോണ്‍ മസ്‌കിന്റെ റോള്‍ എന്ത്?
ഇതോടെ അപകടം വരുന്ന വഴി വേറെയാണ് എന്ന തിരിച്ചറിവോടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ കടുത്ത ഭാഷയില്‍ സംസാരിക്കാന്‍ തയ്യാറായത്. അമേരിക്കയില്‍ ട്രംപ് അനുകൂലികള്‍ എലോണ്‍ മാസ്‌കിന്റെ ആശീര്‍വാദത്തോടെ നടത്തിയ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗത്തും ഒരു ട്രെന്‍ഡാണ്. കഴിഞ്ഞ ആഴ്ചയാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാരെ പ്രത്യേകിച്ച് പേരെടുത്തു പറഞ്ഞു കൂറ്റന്‍ റാലി നടത്തി തദ്ദേശീയര്‍ വെല്ലുവിളിച്ചത്. കാനഡ, ന്യുസിലാന്‍ഡ് എന്നിവിടങ്ങളിലും സമാനമായ വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയതും അടുത്ത നാളുകളിലാണ്.
ഇതോടെ ഓരോ രാജ്യത്തും ഇത്തരം റാലികള്‍ക്ക് ആവശ്യമായ കൂറ്റന്‍ ഫണ്ടിന്റെ ഉറവിടവും ചോദ്യം ചെയ്യപ്പെട്ടേക്കും. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് കാറ്റുപോലെ പടരുന്ന സമരങ്ങളുടെ പിന്നില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ഗൂഢാലോചന പോലും ഭാവിയില്‍ ഉയര്‍ന്നു വരാം. ഇന്ത്യയില്‍ കര്‍ഷക റാലി നടന്ന സമയത്തു ബ്രിട്ടനില്‍ നിന്നും കാനഡയില്‍ നിന്നും ഫണ്ട് ഒഴുകി എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ പരാമര്‍ശം ഉണ്ടായത് ഇതിനോട് കൂട്ടിച്ചേര്‍ത്തു വായിക്കേണ്ട ഘടകവുമാണ്. ആറ് ഉപഭൂഖണ്ഡങ്ങളിലായി ചുരുങ്ങിയത് 18 രാജ്യങ്ങളില്‍ എങ്കിലും തീവ്ര വലതു പക്ഷ നീക്കം നടത്തുവാന്‍ ശ്രദ്ധ നല്‍കുകയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി എലണ്‍ മസ്‌ക്. ഇത് പല രാജ്യങ്ങളിലും വിഭാഗീയതയുടെ വേരുപടലം പടരാന്‍ കാരണമാകും എന്നത് ഇതിനകം വ്യക്തമായിട്ടുണ്ട്.
ലണ്ടനില്‍ എലണ്‍ മാസ്‌കിന്റെ താല്‍പര്യം എന്ത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പതാകകള്‍ ഉയര്‍ത്തി കുടിയേറ്റ വിരുദ്ധ സമരം നയിക്കാന്‍ ലണ്ടനില്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലേക്ക് കീര്‍ സ്റ്റാര്‍മര്‍ നീങ്ങിയിരിക്കുന്നത്. തന്റെ കണ്മുന്നില്‍ എത്തി തന്റെ സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ എലോണ്‍ മസ്‌ക് നടത്തിയ ശ്രമം സ്റ്റാര്‍മറിനെ പ്രകോപിപ്പിച്ചിരിക്കും എന്ന് വ്യക്തമാണ്. കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടണം എന്ന മുദ്രാവാക്യം എലണ്‍ മസ്‌ക് ഉയര്‍ത്തിയതും തീര്‍ത്തും നിഷ്‌കളങ്കമായിരിക്കില്ല എന്ന വിലയിരുത്തലാണ് ഇപ്പോള്‍ പ്രധാനമായും പുറത്തു വരുന്നത്.
ഡ്യൂട്ടിയില്‍ ഉള്ള പൊലീസുകാരെ സമരത്തിന്റെ പേരില്‍ ആക്രമിക്കുന്ന സ്ഥിതി ഒരു കാരണവശാലും അനുവദിക്കിലെന്നു സ്റ്റാര്‍മര്‍ പറഞ്ഞു കഴിഞ്ഞു. തീവ്ര വലതു ചിന്താഗതിക്കാരായ വംശീയ വാദികള്‍ക്ക് മുന്നില്‍ മുട്ട് വളയ്ക്കാന്‍ തന്റെ സര്‍ക്കാരിനെ കിട്ടില്ല എന്ന് സ്റ്റാര്‍മര്‍ പറഞ്ഞതും കഴിഞ്ഞ ദിവസം ഉയര്‍ന്ന മുദ്രാവാക്യങ്ങളുടെ വെളിച്ചത്തിലാണ്. എലോണ്‍ മസ്‌കിന്റെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന സാമൂഹ്യ മാധ്യമം എക്‌സില്‍ തന്നെയാണ് കീര്‍ സ്റ്റാര്‍മര്‍ ഈ നിലപാടുകള്‍ തുറന്നടിച്ചതും.
ലോകമെങ്ങും പടരുന്ന അശാന്തിയുടെ സമരങ്ങള്‍
ഇന്ത്യയിലും ചൈനയിലും ഒഴിച്ച് പല ഏഷ്യന്‍ രാജ്യങ്ങളിലും സര്‍ക്കാരുകളെ ശിഥിലമാക്കുന്ന സമരങ്ങള്‍ തുടര്‍ച്ചയായ കാഴ്ച ആയതും ലോകമിപ്പോള്‍ ശ്രദ്ധിക്കുകയാണ്. കഴിഞ്ഞ ആഴ്ച നേപ്പാളില്‍ നടന്ന വമ്പന്‍ യുവജന പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ വീണപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളാണ് സമരത്തില്‍ ആയുധമായി മാറിയത് എന്ന ആരോപണവും വിദേശ ശക്തികളുടെ കടന്നു കയറ്റമായും വ്യാഖ്യാനിക്കപ്പെടും.
കുടിയേറ്റ നിരക്ക് ശക്തമായപ്പോള്‍ ഏറ്റവും വേഗത്തില്‍ അതിനു എതിരെ നടപടിയെടുത്ത രാജ്യം കൂടിയാണ് ബ്രിട്ടന്‍. എങ്കിലും അനധികൃതമായി കടല്‍ കടന്നു എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ നിസ്സഹായമായി മാറുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഇത്തരം കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് അടക്കമുള്ള നടപടികള്‍ക്ക് വേഗം കൂട്ടാന്‍ അന്നത്തെ പ്രധാനമന്ത്രി ഋഷി സുനക് ശ്രമിച്ചെങ്കിലും അന്ന് പ്രതിപക്ഷം ആയിരുന്ന ലേബറില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല എന്നതും വസ്തുതയാണ്.
പൊതു സമൂഹം തിരിച്ചറിഞ്ഞിട്ടില്ലാത്ത രാഷ്ട്രീയ മാനങ്ങള്‍ കുടിയേറ്റ വിരുദ്ധ സമരങ്ങളുടെ അണിയറയില്‍ ഉണ്ടെന്നതിന്റെ സൂചന കൂടിയായി സ്റ്റാര്‍മറിന്റെ പ്രതികരണത്തിന് അമേരിക്കന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. അമേരിക്കയുടെ പങ്കാളി എന്ന നിലയില്‍ അറിയപ്പെടുന്ന ബ്രിട്ടനില്‍ ഇത്തരം ഒരു പ്രക്ഷോഭത്തില്‍ എലോണ്‍ മസ്‌കിന്റെ സാന്നിധ്യം പല ചോദ്യങ്ങള്‍ക്കും തുടക്കമിടുകയാണ്.