മലപ്പുറം: വ്യാജ ഭാഗ്യക്കുറി ടിക്കറ്റുണ്ടാക്കി പാവപ്പെട്ട ലോട്ടറി കച്ചവടക്കാരെ പറ്റിക്കുന്ന സംഘം സജീവം. നറുക്കെടുപ്പ് നടന്ന ഭാഗ്യക്കുറിയുടെ നമ്പര്‍ മനസ്സിലാക്കി തട്ടിപ്പുകാര്‍ അതേനമ്പര്‍ സമാനമായ ഫോണ്ടിലും നിറത്തിലും പ്രിന്റെടുത്ത് മറ്റൊരു ലോട്ടറിയില്‍ ഒട്ടിച്ച് വ്യാജ ടിക്കറ്റുണ്ടാക്കും. അഞ്ചൂറും ആയിരവും സമ്മാനം കിട്ടുന്ന നമ്പരാകും ഇത്. അതിന് ശേഷം സാധാരണ കച്ചവടക്കാരെ ഈ ലോട്ടറി കാണിക്കും. അതിന് ശേഷം ഒരു ലോട്ടറിയും വാങ്ങി ബാക്കി തുകയും കൊണ്ടു പോകും. വ്യാജ ലോട്ടറി ഉണ്ടാക്കുന്ന സംഘം സജീവമായതോടെ സാധാരണക്കാരായ ലോട്ടറി കച്ചവടക്കാര്‍ പ്രതിസന്ധിയിലാണ്.

ഒര്‍ജിനലും ഡ്യൂപ്ലിക്കേറ്റും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല. സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ മാറ്റിയൊട്ടിച്ചുള്ള പണം തട്ടല്‍ വ്യാപകമാകുമ്പോള്‍ ലോട്ടറി വകുപ്പ് ഒന്നും അറിഞ്ഞില്ലെന്ന വണ്ണം അനങ്ങാപാറ നയത്തിലാണ്. നിരവധി സുരക്ഷാ കോഡുകള്‍ ലോട്ടറിയിലുണ്ടെന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ അവകാശ വാദം. എന്നിട്ടും തട്ടിപ്പു നടക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. സാധാരണക്കാരായ ലോട്ടറിക്കാരെ പറ്റിക്കുന്ന ഈ രീതി തുടരുന്നത് ലോട്ടറി വില്‍പ്പനയേയും പ്രതികൂലമായി ബാധിക്കും.

അഞ്ചുവര്‍ഷത്തില്‍ അധികമായി മലപ്പുറം കുന്നുമ്മലില്‍ ലോട്ടറി വില്‍ക്കുന്ന എ.പി. രാമകൃഷ്ണന്‍ ഈ തട്ടിപ്പു സംഘത്തിന്റെ ഇരയാണ്. 'ദിവസവും 50 ടിക്കറ്റ് വിറ്റുകിട്ടുന്ന തുച്ഛമായ തുകയാണ് വരുമാനം. ഭക്ഷണത്തിനും മരുന്നിനുമടക്കം എല്ലാറ്റിനുമുള്ള തുകയാണത്. രണ്ടുതവണയായി അയ്യായിരം രൂപയാണ് തട്ടിപ്പുകാര്‍ കൊണ്ടുപോയത്. ഇതോടെ ജീവിതം പ്രതിസന്ധിയിലാണെന്ന് രാമകൃഷ്ണന്‍ പറയുന്നു. തമിഴ്‌നാട്ടില്‍നിന്നെത്തി 50 വര്‍ഷത്തിലധികമായി മലപ്പുറത്ത് താമസിക്കുന്നയാളാണ് രാമകൃഷ്ണന്‍. ഇദ്ദേഹത്തെ പോലെ ലോട്ടറിയെ ആശ്രയിക്കുന്ന നിരവധി കച്ചവടക്കാരാണ് പ്രതിസന്ധിയിലായത്.

സിസിടിവി ഇല്ലാ സ്ഥലങ്ങളില്‍ നിന്നാണ് ടിക്കറ്റ് കൈമാറുന്നത്. അതുകൊണ്ട് തന്നെ തട്ടിപ്പുകാരെ കണ്ടെത്താനും കഴിയുന്നില്ല. മൊബൈലില്‍ സ്‌കാന്‍ ചെയ്ത ശേഷം സമ്മാനതുക നല്‍കുന്ന രീതി എല്ലാവരും എടുക്കേണ്ടതുണ്ട്. ഈ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ കച്ചവടക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും അധികൃതര്‍ പ്രതികരിച്ചു. പോലീസ് അന്വേഷണത്തിലൂടെ മാഫിയയെ കണ്ടെത്തുകയാണ് അനിവാര്യത. ഇതിന് ഏകോപനത്തോടെയുള്ള അന്വേഷണം കൂടിയേ മതിയാകൂവെന്നാണ് വിലയിരുത്തല്‍.

ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ നിര്‍മിക്കുന്ന ടിക്കറ്റ് കണ്ടാല്‍ വ്യാജനാണെന്ന് തിരിച്ചറിയാനാകില്ല. ടിക്കറ്റ് സ്‌കാനിങ് നടത്തുമ്പോഴോ മാത്രമാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. അപ്പോഴേക്കും ടിക്കറ്റിനുള്ള തുക വാങ്ങി തട്ടിപ്പുകാര്‍ കടന്നുകളഞ്ഞിട്ടുണ്ടാകും. അയ്യായിരം മുതല്‍ താഴോട്ടുള്ള നാലക്കനമ്പറിലാണ് തട്ടിപ്പ് കൂടുതല്‍. ലോട്ടറി നടന്നുവില്‍ക്കുന്നവര്‍, പ്രായമുള്ളവര്‍, അന്ധരായവര്‍ തുടങ്ങിയവരെയാണ് തട്ടിപ്പുകാര്‍ തിരഞ്ഞെടുക്കുന്നത്. ഒരുപോലിരിക്കുന്ന ലോട്ടറി ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്തതും മൊബൈലില്‍ സ്‌കാന്‍ ചെയ്ത് പരിശോധിക്കാനുള്ള സാങ്കേതിക സംവിധാനം ഇല്ലാത്തവരെ കണ്ടെത്തിയാണ് തട്ടിപ്പുകാര്‍ പണമുണ്ടാക്കുന്നത്. കേരളത്തില്‍ ഇത് എല്ലായിടത്തും സജീവമാണ്.

മലപ്പുറത്ത് നിരവധി തട്ടിപ്പുകാരുണ്ട്. ഇത് രാമകൃഷ്ണന്‍ തിരിച്ചറിയുകയും ചെയ്തു. വ്യാജനമ്പര്‍ ടിക്കറ്റ് തട്ടിപ്പിലൂടെ കഴിഞ്ഞദിവസവും രാമാകൃഷ്ണനെ പറ്റിക്കാന്‍ രണ്ടുപേര്‍ ബൈക്കില്‍ എത്തിയിരുന്നു. ആയിരം രൂപ സമ്മാനമുണ്ടെന്നുപറഞ്ഞ് ടിക്കറ്റ് നല്‍കി. സംശയംതോന്നിയ രാമകൃഷ്ണന്‍ മുന്‍ അനുഭവം കൂടിയുള്ളതിനാല്‍ ഫോണെടുത്ത് സ്‌കാന്‍ ചെയ്യാനൊരുങ്ങി. അടുത്തനിമിഷത്തില്‍ തട്ടിപ്പുകാര്‍ ടിക്കറ്റ് തിരിച്ചുവാങ്ങി കീറിയെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നെന്നും രാമകൃഷ്ണന്‍ പറയുന്നു.

കുറച്ചു ദിവസം മുമ്പ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പറിന്റെ 'ഒന്നാം സമ്മാനമടിച്ച ടിക്കറ്റ്' ലോട്ടറി ഡയറക്ടറേറ്റില്‍ ഹാജരാക്കാന്‍ എത്തിയ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. വിശ്വാസ്യതയുള്ള കേരള ലോട്ടറിയുടെ സമ്മാനാര്‍ഹമായ വ്യാജടിക്കറ്റുകള്‍ തയ്യാറാക്കി വില്‍പനനടത്തുന്ന സംഘം കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപകമാണെന്ന പരാതി അധികൃതര്‍ക്കു മുന്നിലുണ്ടായിരുന്നു. പത്ത് കോടിയുടെ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാംസമ്മാനമടിച്ച ടിക്കറ്റ് ഒമ്പതുകോടി നല്‍കിയാല്‍ കൈമാറാമെന്ന വാഗ്ദാനവുമായി ചിലര്‍ പലരെ സമീപിച്ചിരുന്നു. ടിക്കറ്റിന്റെ ഫോട്ടോയും വാട്സാപ്പില്‍ നല്‍കി.

നറുക്കെടുപ്പ് ഫലം പരിശോധിക്കുന്നതിന്റെ വീഡിയോയും അയച്ചുകൊടുത്തു. സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ അതേമാതൃകയിലാണ് ടിക്കറ്റ്. ക്യു ആര്‍ കോഡ് പോലും അതുപോലുണ്ട്. കേരള സര്‍ക്കാര്‍ എന്നതിനുപകരം കേരള 'ഡ'ര്‍ക്കാര്‍ എന്നായി. ഇത് അക്ഷരത്തെക്കുറിച്ച് വ്യക്തമായ ബോധമില്ലാത്തതിനാല്‍ സംഭവിച്ചതാകാമെന്നാണ് അനുമാനം.