- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മണിയാശാനെ ഇനി ഇതിന്റെ പേരില്‍ ഡാമൊന്നും തുറന്നുവിടരുത്'; വിവാദ പരാമര്‍ശത്തിന് പിന്നാലെ ട്രോളുകളില്‍ നിറഞ്ഞ് എം എം മണി; 'എന്നാലും നമ്മളെങ്ങനെ തോറ്റു'വെന്ന് ചോദിച്ച് കാലത്തിനിപ്പുറവും കുമാരപിള്ള സഖാവ്; 'അദ്ഭുത വിജയത്തില്‍ എന്നാലും ഇതെന്ത് മറിമായ'മെന്ന ചോദ്യവുമായി ചിരിപടര്‍ത്തി വി ഡി സതീശനും; ട്രോളില്‍ നിറയുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍
ട്രോളില്‍ നിറയുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍
തിരുവനന്തപുരം: മുന്‍കാലങ്ങളിലെപ്പോലെ തെരഞ്ഞെടുപ്പില്‍ മാത്രമല്ല ജനങ്ങള്‍ ഭരണാധികാരികള്‍ക്ക് എതിരെയുള്ള തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് മറിച്ച് ട്രോളുകളും ഇന്ന് ജനങ്ങള്‍ക്ക് അതിനുള്ള ഉപാധിയാണ്. വിമര്‍ശനത്തിനും പരിഹാസത്തിനും മാത്രമല്ല ട്രോളുകള്‍ ഉപയോഗിക്കുന്നത്. ആളുകളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കുവാനും വരെ ഇന്ന് ട്രോളുകള്‍ ഉപയോഗിക്കുന്നു. അത്തരത്തില്‍ ട്രോളിന്റെ എല്ലാ വൈവിധ്യങ്ങളും കണ്ട ദിവസമായിരുന്നു ഇന്ന്. അപ്രതീക്ഷിത തെരഞ്ഞെടുപ്പ് പരാജയത്തിലും ആദ്യഘട്ടത്തില്‍ എല്‍ഡിഎഫിന് അധികം ട്രോളുകള്‍ നേരിടേണ്ടി വന്നില്ല. പക്ഷെ എം എം മണിയുടെ വിവാദ പരാമര്‍ശം വന്നതോടെ കഥ മാറി. ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഇന്ന് ഏറ്റുവാങ്ങിയത് മുന്‍ വൈദ്യുതി മന്ത്രി തന്നെ ആകും.
വിവാദപരാമര്‍ശം നടത്തിയ എംഎം മണിയുടെ പോസ്റ്റിനുതാഴെ പലരും കമന്റിട്ടതും ട്രോളുകളാക്കിയതും തോറ്റതോ തോറ്റു, ഇതിന്റെ പേരില്‍, ഡാം തുറന്നുവിടരുതെന്ന കമന്റുകളാണ്. സര്‍ക്കാറിന്റെ സഹായങ്ങള്‍ കൈപ്പറ്റി ജനങ്ങള്‍ പിന്തുണച്ചില്ല എന്ന വിവാദ പരാമര്‍ശമാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്. എന്റെമ്മ ചുട്ടൊരു വെള്ളേപ്പം മുട്ടേം കൂട്ടി തട്ടീട്ട് ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന ഹാസ്യസംഭാഷണവും മണിയാശാനെ ട്രോളാന്‍ പലരും ഉപയോഗിക്കുന്നുണ്ട്. കാലത്തിനിപ്പുറവും മാറ്റമില്ലാതെ തോല്‍വിയുടെ കാരണമന്വേഷിച്ച് നടക്കുന്ന കുമാരപിള്ള സഖാവ് ഈ പരാജയത്തിലും ട്രോളായെത്തി. എന്നാലും നമ്മളെങ്ങനെ തോറ്റുവെന്ന സന്ദേശത്തിലെ ശങ്കരാടിയുടെ സംഭാഷണം ഉള്‍പ്പെടുത്തിയാണ് പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും ട്രോളുന്നത്.
'താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്' എന്ന് തുടങ്ങുന്ന പോസ്റ്റുകള്‍ ധാരാളമെത്തി.കഴിഞ്ഞ രണ്ടാഴ്ചയായി ഫോണിന്റെ ഗാലറിയില്‍ പൊടിപിടിച്ചു കിടന്ന സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് ഇന്ന് ജീവന്‍ വച്ചു.'ഇത്തവണ നമ്മള്‍ തൂക്കും', 'ഭൂരിപക്ഷം ആയിരം കടന്നില്ലെങ്കില്‍ മൊട്ടയടിക്കും' എന്നൊക്കെ വെല്ലുവിളിച്ചവരെ തിരഞ്ഞുപിടിച്ച് 'എയറില്‍' കയറ്റുകയാണ് എതിരാളികള്‍. ഇതോടെ വോട്ടിങ് മെഷീനുകള്‍ തുറന്നപ്പോള്‍ നാട് അക്ഷരാര്‍ത്ഥത്തില്‍ രണ്ടു തരം യുദ്ധങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു.ഒന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ കണക്കിലെ കളിയും മറ്റൊന്ന് ഫേസ്ബുക്കിലും വാട്സാപ്പിലും നടക്കുന്ന 'സ്‌ക്രീന്‍ഷോട്ട് യുദ്ധ'ത്തിനും.
ഇന്നലെ വരെ തീപ്പൊരി പോസ്റ്റ് ഇട്ടവര്‍ ഇന്ന് ശാന്തരാണ്. 'ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികം', 'ജനവിധി മാനിക്കുന്നു' തുടങ്ങിയ വമ്പന്‍ തത്വചിന്തകളുമായി ഇവര്‍ കളം വിടുന്നു. സ്‌ക്രീന്‍ഷോട്ട് ആക്രമണം ഭയന്ന് ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്ത്, വാട്സാപ് ഡിപി മാറ്റി അണ്ടര്‍ഗ്രൗണ്ടില്‍ പോയവരുമുണ്ട്. എന്തായാലും ഇന്ന് ജയിച്ചവന്റെ ദിവസമാണ്, ഒപ്പം പഴയ കണക്കുകള്‍ തീര്‍ക്കാന്‍ കാത്തിരുന്ന ട്രോളന്മാരുടെയും. തോറ്റവര്‍ക്ക് ഇനി അടുത്ത തിരഞ്ഞെടുപ്പ് വരെ ഈ സ്‌ക്രീന്‍ഷോട്ടുകള്‍ കണ്ട് നെടുവീര്‍പ്പിടാം, അല്ലെങ്കില്‍ പ്രൊഫൈല്‍ ലോക്ക് ചെയ്ത് സമാധാനമായി ഉറങ്ങാം!
അതുപോലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വരുന്നത് കഴിഞ്ഞ തവണത്തെ മേയര്‍ ആയിരുന്ന ആര്യ രാജേന്ദ്രന്‍ ആണ്.
ആര്യയുടെ ഭരണത്തിലെ പോരായ്മകളാണ് ബിജെപിക്ക് അനുകൂലമായത് എന്ന് ഇടത്പാളയത്തില്‍ നിന്ന് തന്നെ വിമര്‍ശമുയര്‍ന്നിട്ടുണ്ട്. ആര്യ രാജേന്ദ്രനെയും ട്രോളന്മാര്‍ വെറുതെ വിട്ടില്ല. വര്‍ഷങ്ങളായി ബിജെപി ശ്രമിച്ചിട്ട് നടക്കാത്ത കാര്യം അഞ്ചുവര്‍ഷം കൊണ്ട് സാധിപ്പിച്ചെടുത്ത ആര്യക്ക് അഭിനന്ദനങ്ങള്‍,ബിജെപിയുടെ ഒന്നാമത്തെ ഏജന്റ് എന്നിങ്ങനെ പോകുന്നു ആര്യക്കെതിരെയുള്ള വിമര്‍ശനങ്ങള്‍.
ഇവര്‍ക്കൊക്കെ പരാജയത്തിലാണ് ട്രോള്‍ ഏറ്റുവാങ്ങേണ്ടിവന്നതെങ്കില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിജയത്തിലാണ് ട്രോളിലെ താരമായത്. അത്ഭുത വിജയത്തിന് പിന്നാലെ ഇതെന്ത് മറിമായം എനിക്കുവട്ടായതോ അതോ നാട്ടുകാര്‍ക്ക് മൊത്തം വട്ടായതോ എന്ന മായാവി സിനിമയിലെ സലീംകുമാറിന്റെ സംഭാഷണമാണ് സതീശന് ട്രോളായെത്തിയത്.
ഇവിടെ ട്രോളുകള്‍ പിറന്നത് പരാജയത്തിന് മുന്നെ.. രക്ഷയില്ലാതെ മായാ വി
പലര്‍ക്കും പരാജയത്തിന് ശേഷമാണ് ട്രോളുകള്‍ ഉണ്ടായതെങ്കില്‍ കൂത്താട്ടുകുളം നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മായ വിയുടെ കാര്യം അതായിരുന്നില്ല. ഇലക്ഷന് മുന്നെ തന്നെ ട്രോളുകളില്‍ നിറഞ്ഞ സ്ഥാനാര്‍ത്ഥിയായിരന്നു മായാ വി.മറ്റൊരര്‍ത്ഥത്തില്‍ മായയുടെ പ്രചരണം പോലും ട്രോളുകളിലൂടെയായിരുന്നു.പക്ഷെ ഈ ട്രോളുകളൊന്നും മായയുടെ കാര്യത്തില്‍ ഫലം കണ്ടില്ല.'മായാവി' മത്സരിക്കുന്നു എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ മായ വൈറലായിരുന്നെങ്കിലും എടയാര്‍ വെസ്റ്റ് വാര്‍ഡിലെ ജനങ്ങള്‍ യുഡിഎഫിനെയാണ് തെരഞ്ഞെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി ഭാസ്‌കരനാണ് വിജയിച്ചത്.
ടി വി ഷോയായ 'ഒരു ചിരി ഇരുചിരി ബംബര്‍ ചിരി' എന്ന പരിപാടിയിലൂടെയാണ് മായ ശ്രദ്ധേയയായത്. അമ്മയുടെ പേരായ വാസന്തിയുടെ ആദ്യ അക്ഷരം മായാവി' തന്റെ പേരിനോട് ചേര്‍ത്തിരുന്നു. അങ്ങനെ 'മായാവി' എന്നാക്കിയ പേരിനെ പ്രശസ്ത കോമിക് കഥാപാത്രമായ 'മായാവി'യോട് ഉപമിച്ച് നിരവധി ട്രോളുകള്‍ വന്നിരുന്നു. മമ്മൂട്ടി നായകനായെത്തിയ മായാവി സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളും ഉപയോഗിച്ചുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.
മായാ വി. വാസന്തി എന്ന അമ്മയുടെ പേരിന്റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേര്‍ത്തതോടെയാണു 'മായാ വി' ആയത്. ചെറുപ്പത്തില്‍ ബാലരമയിലെ മായാവി കഥാപാത്രം എന്ന നിലയിലാണു കൂട്ടുകാര്‍ മായാവി എന്നു വിളിച്ചിരുന്നത്.സ്ഥാനാര്‍ഥിത്വത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലെല്ലാം മായയുടെ ട്രോളുകള്‍ നിറഞ്ഞിരുന്നു. മമ്മൂട്ടി നായകനായ 'മായാവി' സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചായിരുന്നു ട്രോളുകള്‍. 'ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു... എന്നാലും കൊന്നിട്ട് പോടെയ്' എന്നായിരുന്നു ട്രോളര്‍മാര്‍ക്ക് മറുപടിയായി മായാ വി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ്.




