തിരുവനന്തുപുരം: സിപിഎം കേരളാ ഘടകത്തിന്റെ പിന്തുണയോടെ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് പൂര്‍ണ പിന്തുണയുമായി എം എ ബേബി. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ എസ്എഫ്‌ഐഒ കേസിലാണ് ബേബി പിന്തുണ പ്രഖ്യാപിച്ചത്. വിഷയം സിപിഎം രാഷ്ട്രീയമായി നേരിടുമെന്നാണ് ബേബി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

വീണ വിജയനെതിരായ കേസ് വ്യക്തിപരമല്ലെന്ന നിലപാടാണ് സിപിഎം ജനറല്‍ സെക്രട്ടറി സ്വീകരിച്ചത്. പാര്‍ട്ടി നേതാവിന്റെ മകളായതു കൊണ്ട് വന്ന കേസാണ് വീണക്കെതിരായാതെന്ന് അദ്ദേഹം പറഞ്ഞു. അതിനാലാണ് ഈ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പറഞ്ഞത്. വീണയുടെ കമ്പനി നടത്തിയത് സുതാര്യമായ ഇടപാടാണെന്നും അദ്ദേഹം വിശദീകരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ലഹരികേസില്‍ അകത്തായപ്പോള്‍ അത് വ്യക്തിപരമായി നേരിടണമെന്ന നിലപാട് സ്വീകരിച്ച സിപിഎമ്മാണ് പിണറായി വിജയന്റെ മകളുടെ കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്.

അതേസമയം എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടിലെ പ്രോസിക്യൂഷന്‍ നടപടികള്‍ തടയാന്‍ ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അടിയന്തര ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് ഗിരീഷ് കഡ്വാലിയയുടെ ബെഞ്ചാണു വിഷയം പരിഗണിക്കുന്നത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണത്തിനെതിരായ പ്രധാനഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കുന്നതു ഹൈക്കോടതി ജൂലൈയിലേക്കു മാറ്റിയിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ്എഫ്‌ഐഒയ്ക്കു പ്രോസിക്യൂഷന് അനുമതി നല്‍കുകയും രണ്ടാം കുറ്റപത്രം സമര്‍പ്പിക്കാന്‍ എസ്എഫ് ഐഒ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണു സിഎംആര്‍എല്‍ അടിയന്തര ഇടപെടല്‍ തേടി വീണ്ടും കോടതിയെ സമീപിച്ചത്.

നേരത്തെ കേസില്‍ അന്വേഷണം തുടരാന്‍ അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതി ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുംവരെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യരുതെന്ന് അന്വേഷണ ഏജന്‍സികളോടു വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. ഏതാനും ദിവസം മുന്‍പു സിഎംആര്‍എല്ലിന്റെ ആദ്യ ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ നിലവിലെ സ്ഥിതി തുടരാനും ജസ്റ്റിസ് ഗിരീഷ് കഡ്വാലിയ നിര്‍ദേശിച്ചിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചതു ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

എസ്എഫ്‌ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ, പ്രോസിക്യൂഷനു കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയോ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കരുതെന്നുമാണു ഹര്‍ജിയിലെ ആവശ്യങ്ങള്‍.

വീണ വിജയനെ പ്രതിചേര്‍ത്ത് എസ്.എഫ്.ഐ.ഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ക്ഷേത്രദര്‍ശന വഴിയിലാണ് വീണ. വീണയെ അറസ്റ്റ് ചെയ്യണമെന്നും, പിണറായി രാജി വയ്ക്കണമെന്നുമൊക്കെ ആവശ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ പ്രതിസന്ധിഘട്ടത്തില്‍ ക്ഷേത്രദര്‍ശനം നടത്തുന്ന വീണ വിജയന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേദിയില്‍ മുഖ്യമന്ത്രിക്കും ഭര്‍ത്താവ് മുഹമ്മദ് റിയാസിനുമൊപ്പം കുടുംബ സമേതമാണ് വീണ വിജയന്‍ എത്തിയത്. ഈ വേളയിലാണ് തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥനയില്‍ വീണ മുഴുകിയത്. അമ്മ കമലക്കൊപ്പമാണ് വീണ വിജയന്‍ തഞ്ചാവൂരിലെ പ്രസിദ്ധമായ ബൃഹദീശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വീണയും സംഘവും ക്ഷേത്രദര്‍ശനം നടത്താന്‍ എത്തിയത്. ഏപ്രില്‍ മൂന്നാം തീയ്യതിയാണ് വീണയെ കേസില്‍ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിന് തൊട്ടടുത്ത ദിവസമായിരുന്നു ക്ഷേത്രദര്‍ശനം.