- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'മീഡിയ വളച്ചൊടിക്കുന്നതില്‍ വിഷമമുണ്ട്; വേടനെ എനിക്ക് സത്യത്തില്‍ അറിഞ്ഞുകൂടാ; ഫേസ്ബുക്കില്‍ ചില ഭാഗങ്ങള്‍ കണ്ടിട്ടുണ്ട്; നല്ല ജനപ്രീതിയുള്ള ഗായകന്‍; നല്ലതുവരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു': ട്രോളുകളോട് പ്രതികരിച്ച് എം ജി ശ്രീകുമാര്‍
ട്രോളുകളോട് പ്രതികരിച്ച് എം ജി ശ്രീകുമാര്‍
തിരുവനന്തപുരം: റാപ്പര്‍ വേടനെ അറിയില്ലെന്ന് പറഞ്ഞ ഗായകന്‍ എം ജി ശ്രീകുമാറിന് എതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഞ്ചാവു കേസില്‍ വേടന്‍ അറസ്റ്റിലായതിനെ തുടര്‍ന്നു എം.ജി ശ്രീകുമാര്‍ നടത്തിയ പ്രതികരണമാണ് വിവാദമായത്. വേടന്റെ ആരാധകര്‍ ശ്രീകുമാറിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.
'ഇനി വേടനെ അറിഞ്ഞോളും', 'വേടനെ ഞങ്ങള്‍ക്കറിയാം അതുമതി', 'വേടനെ അറിയില്ലെങ്കില്‍ അഭിപ്രായം പറയുന്നത് എന്തിനാണ്' എന്നിങ്ങനെയായിരുന്നു കമന്റുകള്‍. തന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എംജി ശ്രീകുമാര്‍ രംഗത്തെത്തി. താന്‍ പറഞ്ഞതിനെ വളച്ചൊടിക്കുന്നതില്‍ വിഷമമുണ്ടെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞു. ഗാനരചയിതാവായ മൃദുലാ ദേവി എസിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരിക്കുകയായിരുന്നു ഗായകന്‍.
'താങ്കള്‍ക്ക് വേടനെ അറിയില്ലെങ്കിലും വേടന്‍ താങ്കളെ അറിയും. ഗായകനായ ശ്രീകുമാറിനേക്കാള്‍ കൂടുതലായി, മാലിന്യം കായലില്‍ വലിച്ചെറിഞ്ഞു കളഞ്ഞിട്ട് വീട്ടിലെ ജോലിക്കാരിയുടെ തലയില്‍ വച്ചുകെട്ടിയ താങ്കളെപ്പോലെയുള്ളവരുടെ അറിവില്ലായ്മ അവന്റെ പാട്ടിലെ മുഖ്യവിഷയമാണ്'- എന്നായിരുന്നു മൃദുല ദേവിയുടെ കുറിപ്പ്. ഇതിന്റെ കമന്റിലായിരുന്നു എംജി ശ്രീകുമാര്‍ വിശദീകരിച്ചത്.
'ഞാന്‍ എംജി, ഒരു ചാനല്‍ എന്നെ വിളിച്ച് ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകര്‍ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന്, മറുപടിയായി, എന്റെ സ്വന്തം കാര്യം മാത്രമാണ് മറുപടി പറഞ്ഞത്. അത് മീഡിയ വളച്ചൊടിക്കുന്നതില്‍ വിഷമം ഉണ്ട്. വേടനെ (ഹിരണ്‍ ദാസ് മുരളി) എനിക്ക് സത്യത്തില്‍ അറിഞ്ഞുകൂടാ. പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫേസ്ബുക്കില്‍ ചില ഭാഗങ്ങള്‍ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകന്‍. നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിനും, ബാന്‍ഡിനും എല്ലാ നന്മകളും നേരുന്നു.സ്‌നേഹപൂര്‍വ്വം. എം ജി'- എന്നാണ് ഗായകന്‍ പ്രതികരിച്ചത്.
കേസിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ എം.ജി. ശ്രീകുമാറിന്റെ പ്രതികരണം വന്നത്. 'വേടനെ അറിയില്ല. കഴിഞ്ഞ 45 വര്‍ഷമായിട്ട് ഞാന്‍ ഇവിടെയുണ്ട്. കേരളത്തില്‍ പാട്ട് പാടാന്‍ പോകാത്ത സ്ഥലങ്ങളില്ല. എന്റെ ലഹരി എന്നത് ഞാന്‍ പാടുമ്പോള്‍ ജനങ്ങള്‍ കൈയ്യടിക്കുമ്പോള്‍ കിട്ടുന്ന ലഹരിയാണ്. സംഗീതം മാത്രമാണ് എന്റെ ലഹരി. മറ്റ് ലഹരികളൊന്നും ഉപയോഗിക്കാറില്ല', എന്നായിരുന്നു എം.ജി ശ്രീകുമാറിന്റെ പ്രതികരണം.