- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം, സുജാത പറയുന്നിടത്ത് അടക്കണം'; മൃതദേഹം സംസ്കരിക്കണമെന്ന് എം എം ലോറന്‍സ് പറയുന്ന വീഡിയോയുമായി വാര്‍ത്താസമ്മേളനം നടത്തി മകള്‍ സുജാത; മൃതദേഹം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കി
'സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം
കൊച്ചി: 'സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം, സുജാത പറയുന്നിടത്ത് അടക്കണം'. അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ് അന്ത്യാഭിലാഷമായി പറഞ്ഞ വീഡിയോയുമായി ഒടുവില്‍ വാര്‍ത്തസമ്മേളനം നടത്തി മകള്‍ സുജാത. സംസ്‌കാരത്തെ കുറിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ് പറഞ്ഞ വീഡിയോ ലഭിച്ചെന്നാണ് മകളുടെ അവകാശവാദം. ഈവീഡിയോ സംബന്ധിച്ച് നേരത്തെ മകള്‍ ആശാ ലോറന്‍സും മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മകള്‍ സുജാത എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തിലും വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോ തെളിവായി എടുത്ത് ഹൈക്കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കി.
2022 ഫെബ്രുവരിയില്‍ 25 ന് എം.എം ലോറന്‍സ് സംസാരിച്ച വീഡിയോയാണ് സമര്‍പ്പിച്ചത്. മെഡിക്കല്‍ കോളജില്‍ നടന്ന ഹിയറിങ്ങിലും തന്റെ അഭിപ്രായം പറഞ്ഞിരുന്നു. പക്ഷേ തെളിവില്ലാത്തതിനാല്‍ അവര്‍ സ്വീകരിച്ചില്ലെന്നും സുജാത പറഞ്ഞു. മൃതദേഹം സംസ്‌കരിക്കുന്നതിനെ കുറിച്ച് വീഡിയോയിലെ ഉള്ളടക്കം ഇങ്ങനെയാണ്. സ്വര്‍ഗത്തില്‍ പോകണമെന്നും യേശുവിനെ കാണണം എന്നും മക്കള്‍ പറയുന്നിടത്ത് അടക്കണമെന്നും വീഡിയോയില്‍ എം എം ലോറന്‍സ് പറയുന്നുണ്ട് എന്നാണ് മകള്‍ സുജാതയുടെ അവകാശ വാദം.
ഹൈക്കോടതിയില്‍ വീഡിയോ കൈമാറി. പുനഃ പരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും മകള്‍ സുജാത പറഞ്ഞു. തങ്ങളോട് ചോദിക്കാതെയാണ് മൃതദേഹം വൈദ്യ പഠനത്തിന് കൈമാറാനുള്ള തീരുമാനം പാര്‍ട്ടി എടുത്തതെന്നും സുജാത പറഞ്ഞു.
മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കാനുള്ള സഹോദരന്‍ എല്‍.എല്‍. സജീവന്റെ തീരുമാനത്തെയാണ് ഇവര്‍ ചോദ്യം ചെയ്തത്. മൃതദേഹം പഠനത്തിന് വിട്ടു നല്‍കണമെന്ന് മരണത്തിന് മുമ്പ് പിതാവ് പറഞ്ഞിരുന്നെന്നാണ് സജീവന്‍ വാദിച്ചത്. ഇതിന് സാക്ഷികളെയും ഹാജരാക്കിയിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ കോടതി മദ്ധ്യസ്ഥനായി നിയോഗിച്ചെങ്കിലും ചര്‍ച്ച പരാജയമായിരുന്നു.
2024 സെപ്റ്റംബറിലായിരുന്നു എം എം ലോറന്‍സ് വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവേ മരണപ്പെട്ടത്. 1946-ല്‍ പതിനേഴാം വയസിലാണ് ലോറന്‍സ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ച് എറണാകുളത്ത് തൊഴിലാളി വര്‍ഗ പ്രസ്ഥാനം കെട്ടിപ്പടുത്തതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് അദ്ദേഹം. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരില്‍ ഒരാളുമായിരുന്നു.
എറണാകുളം ജില്ലയില്‍ സിപിഐഎമ്മില്‍ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. 1967 മുതല്‍ 1978 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1964 മുതല്‍ 1998 വരെ സിപിഎം സംസ്ഥാന സമിതി അംഗവും 1978 മുതല്‍ 1998 വരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 1986 മുതല്‍ 1998 വരെ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. 1986 മുതല്‍ 1998 വരെ എല്‍ഡിഎഫ് കണ്‍വീനറായും അദ്ദേഹം പ്രവര്‍ത്തിച്ചു.