കവന്‍ട്രി: എംടി എഴുതിയ അനേകം മലയാള സിനിമകള്‍ കാലത്തെ അതിജീവിച്ചു മലയാളികളുടെ മനസുകളില്‍ നിത്യ വിസ്മയങ്ങളായിക്കഴിഞ്ഞ അനുഭൂതിയാണ്. വടക്കന്‍ വീരഗാഥ മുതല്‍ അമ്പതു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ നിര്‍മാല്യം വരെ കണക്കെടുത്താലും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് നിത്യ വസന്തം നല്‍കാന്‍ കഥകളും നോവലുകളും സിനിമയും ഒക്കെ ഒന്നിനൊന്നായി മലയാളികള്‍ക്ക് മുന്‍പില്‍ കൂട്ടു നില്‍ക്കുമ്പോള്‍ അക്കൂട്ടത്തില്‍ ഒരു സിനിമ അദ്ദേഹത്തിന്റെ മരണത്തില്‍ പോലും ഇഴചേര്‍ന്നു കൂടെ നില്‍ക്കുകയാണ്



മൂന്ന് പതിറ്റാണ്ട് മുന്‍പ് എംടി തിരക്കഥയെഴുതിയ സുകൃതമാണ് ആ സിനിമ. അദ്ദേഹത്തിന്റെ മരണത്തിലും സുകൃതം അന്വര്‍ത്ഥമായി മാറുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രം ബ്ലഡ് കാന്‍സര്‍ ബാധിതനായ ജേര്‍ണലിസ്റ്റ് രവിശങ്കര്‍ അസുഖ ബാധിതനായി ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്ന സൂചന നല്‍കി മരണത്തെ മുഖാമുഖം കാണുമ്പോള്‍ അദ്ദേഹം മരണമുറപ്പിച്ചു എന്ന ചിന്തയില്‍ പത്ര ഓഫീസില്‍ അദ്ദേഹത്തിന്റെ മരണവേളയില്‍ പ്രസിദ്ധീകരിക്കാനുള്ള അനുസ്മരണ ലേഖനം തയ്യാറാവുകയാണ്.



എന്നാല്‍ വിധിയെ തോല്‍പ്പിച്ച് രവിശങ്കര്‍ ജീവിതത്തിലേക്കു മടങ്ങി എത്തുകയും തിരികെ ജോലിയില്‍ കയറുമ്പോള്‍ ആദ്യ ദിവസം തന്നെ മേശവലിപ്പില്‍ കാണുന്നത് തന്നെക്കുറിച്ചു പ്രസിദ്ധീകരിക്കാന്‍ തയ്യാറായ അനുസ്മരണ കുറിപ്പാണ്. താനടക്കം ലോകത്തെ എല്ലാ മാധ്യമ പ്രവര്‍ത്തകരും ചെയ്യുന്ന കാര്യം ആണിതെങ്കിലും സ്വന്തം മരണ വാര്‍ത്ത തയ്യാറായിക്കിടക്കുന്നത് കാണേണ്ടി വന്ന രവിശങ്കര്‍ ഉള്ളുലഞ്ഞു പോകുകയാണ്.



ആ കാഴ്ച അദ്ദേഹത്തിന്റെ ചിന്തകളില്‍ വഴി തിരിവാകുകയും സിനിമയുടെ ഗതിയില്‍ നിര്‍ണായകം ആകുകയും ചെയ്യുന്നത് സുകൃതത്തിന്റെ കാഴ്ചക്കാര്‍ ഒരിക്കലും മറക്കില്ല. ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യം താര്‍ക്കിക വിഷയം ആണെങ്കിലും എംബാര്‍ഗൊ എന്ന ലേബല്‍ ഒട്ടിച്ചു ഇങ്ങനെ വൈകി പ്രസിദ്ധീകരിക്കേണ്ടതും എന്നാല്‍ മുന്‍കൂട്ടി തയ്യാറാക്കുന്നതുമായ വാര്‍ത്തകള്‍ മാധ്യമ ലോകത്തെ പതിവ് കാഴ്ചയാണ്.




പ്രശസ്തരായവരെ കുറിച്ചെല്ലാം ഓര്‍മ്മക്കുറിപ്പുകളും ജീവചരിത്രവും തയ്യാറാക്കി വയ്ക്കുന്ന പത്ര ഓഫീസുകളില്‍ സ്വന്തം എഡിറ്റര്‍മാരുടെയും പത്ര ഉടമകളുടെയും വരെ ഇത്തരത്തില്‍ മരിക്കുമ്പോള്‍ കൊടുക്കാനുള്ള അനുസ്മരണ കുറിപ്പുകള്‍ തയ്യാറാക്കുന്നത് സാധാരണമാണ്. ഇപ്പോള്‍ എം ടി മരിച്ചു കിടക്കുമ്പോള്‍ മലയാളത്തിലെ എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിക്കാനായി മുന്‍കൂട്ടി തയ്യാറാക്കിയ ഇത്തരം അനേകം കുറിപ്പുകള്‍ വെളിച്ചം കാണാനാകാതെ അകാല മരണത്തിലേക്ക് പോകുന്ന അപൂര്‍വ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. കാരണം ഇന്നലത്തെ ക്രിസ്മസ് അവധി മൂലം ഇന്ന് പത്രങ്ങള്‍ക്കും അവധിയാണ്.




വിധി ഒരുക്കിയ ഈ നിഗൂഢത മറികടന്നു പത്രങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുമ്പോഴേക്ക് എംടിയുടെ ചിതയും എരിഞ്ഞടങ്ങിയിരിക്കും. മാത്രമല്ല ഔപചാരിക പൊതു സന്ദര്‍ശനം ഒന്നും ആവശ്യമില്ല എന്ന് എംടി പറഞ്ഞിട്ടുള്ളതിനാല്‍ ഏറെക്കുറെ സ്വകാര്യമായ നിലയിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാവുക. അവിടെയും സെന്‍സേഷണല്‍ റിപ്പോര്‍ട്ടിംഗിനുള്ള അവസരം മാധ്യമങ്ങള്‍ക്ക് നഷ്ടമാകുകയാണ്.




വളരെക്കാലം പത്രാധിപര്‍ കൂടിയായിരുന്ന എംടിയുടെ നഷ്ടം അവസാനമായി വാര്‍ത്തകളില്‍ അച്ചടിക്കാനുള്ള അവസരം പോലും കാലം മലയാള മാധ്യമങ്ങള്‍ക്ക് നിഷേധിക്കുകയാണ് എന്ന് ചുരുക്കം. മരണത്തിന്റെ പിറ്റേന്ന് വാര്‍ത്ത മൂല്യമുള്ള ലേഖനങ്ങള്‍ ഇനി വൈകി പ്രസിദ്ധീകരിക്കുന്നതും അനൗചിത്യം ആയിരിക്കും. ഇങ്ങനെയാണ് സുകൃതത്തിലെ നായകനായ രവിശങ്കറിനെ പോലെ മരണത്തിലും എംടി മാധ്യമ ലോകത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നത്. ഇതും അപ്പൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരനുഭവമായി മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും.




യുകെ മലയാളികള്‍ക്ക് വേണ്ടി പ്രണാമങ്ങള്‍ നേര്‍ന്നു ശ്രുതി യുകെ

അതിനിടെ എംടി ഓര്‍മയായി യുകെ മലയാളികളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പതിനൊന്നു വര്‍ഷം യുകെയിലെ ഏറ്റവും പ്രശസ്തമായ കലാ സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ വാര്‍ഷികത്തില്‍ അദ്ദേഹം മുഖ്യാതിഥി ആയി എത്തിയതാണ് ഓര്‍മ്മിക്കപ്പെടുന്നത്. കേരളത്തിലെ തലമുതിര്‍ന്ന സാഹിത്യ സാംസ്‌കാരിക നായകരെ യുകെയില്‍ എത്തിച്ചിട്ടുള്ള ഏക സംഘടനയും ശ്രുതിയാണ്. ഒഎന്‍വി കുറിപ്പും അക്കിത്തവും എംടി വാസുദേവന്‍ നായരും എം മുകുന്ദനും അടക്കമുള്ള മലയാളത്തിന്റെ മഹാപ്രതിഭകള്‍ ഒക്കെ വന്ന് ചേര്‍ന്നിട്ടുള്ളത് ശ്രുതി യുകെയുടെ വേദിയില്‍ മാത്രമാണ്. ഓരോ സാഹിത്യ നായകരും എത്തുമ്പോള്‍ അവര്‍ക്കായി പ്രണാമം അര്‍പ്പിക്കുന്നത് അവരവരുടെ കൃതികളെ ആസ്പദമാക്കിയുള്ള നാടകവും നൃത്തശില്‍പവും ഒക്കെ അണിയിച്ചൊരുക്കിയാണ് എന്നതും പ്രത്യേകതയാണ്.



ഇപ്പോള്‍ എംടി യുകെയില്‍ വന്ന 2013ലെ വാര്‍ഷിക യോഗത്തിന്റെ ഓര്‍മ്മകളാണ് ശ്രുതിയുടെ അന്നത്തെ നടത്തിപ്പുകാരായിരുന്നവരും എംടിയുടെ സന്ദര്‍ശനത്തിന്റെ ചുമതലക്കാരും ആയിരുന്ന ലണ്ടനിലെ അരുണ്‍ പിള്ള, മാഞ്ചസ്റ്ററിലെ പ്രൊഫ. തങ്കം അരുണ്‍, മധു, ജയകൃഷ്ണന്‍ എന്നിവരൊക്കെ. എംടിയുടെ മരണവാര്‍ത്ത എത്തിയതോടെ ശ്രുതിയുടെ വാര്‍ഷിക ചടങ്ങ് ഓര്‍മ്മയില്‍ എത്തിയ ബ്രിട്ടീഷ് മലയാളി വാര്‍ത്ത വിഭാഗത്തില്‍ നിന്നും ശ്രുതി ഭാരവാഹികളെ ബന്ധപ്പെട്ടപ്പോള്‍ രാത്രി വൈകിയാണെങ്കിലും അനുഭവക്കുറിപ്പുകളും അന്നത്തെ ചിത്രങ്ങളും ഒക്കെ തപ്പിയെടുത്തു ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്കായി നല്‍കിയത് തങ്കം അരുണും മധുവും ചേര്‍ന്നാണ്.



തങ്കം അരുണിന്റെ കുറിപ്പ്

എന്റെ ഓര്‍മയില്‍ പെട്ടെന്ന് വരുന്നതു കുറഞ്ഞ വാക്കുകള്‍ കൊണ്ട് കൂടുതല്‍ അടയാളപ്പെടുത്തുന്ന എംടിയുടെ കഴിവാണ്. നിര്‍മാല്യത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ചപ്പോള്‍ ഇപ്പോളത്തെ ലോകത്തു ഇത്രയെങ്കിലും ചെയ്യാന്‍ കഴിയുന്നതിലുള്ള ആശ്വാസം അദ്ദേഹം മറച്ചു വച്ചില്ല. ശ്രുതിയെ പറ്റിയും ശ്രുതി അംഗങ്ങളുടെ ഭാഷയോടും സംസ്‌കാരത്തോടുമുള്ള സമര്‍പ്പണ ബോധത്തെയും കുറിച്ച് അദ്ദേഹം വിദേശത്തെ മലയാളി സംഘടനകളെ കുറിച്ച് അടുപ്പമുള്ളവരോടു സംസാരിക്കുമ്പോള്‍ പറഞ്ഞിരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മകള്‍ അശ്വതിയെ കണ്ടപ്പോള്‍ ശ്രുതിയുടെ വാര്‍ഷികത്തില്‍ വന്നതിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. ശ്രുതിയുടെ മുഖമുദ്ര ആയി മാറിയ ശ്രുതിരേഖ എന്ന വാര്‍ഷിക പ്രസിദ്ധീകരണത്തിന്റെ ആദ്യ ലക്കം അദ്ദേഹത്തെ കൊണ്ട് പ്രകാശനം ചെയ്യാന്‍ സാധിച്ചതിലും സന്തോഷം.



അരുണ്‍ ഇടച്ചിനേത്തിന്റെ കുറിപ്പ്

ഞാന്‍ അംഗമായി രണ്ടു വര്‍ഷത്തിനിടെയാണ് എംടിയുടെ ശ്രുതി വാര്‍ഷിക പരിപാടിയിലേക്കുള്ള വരവ്. ശ്രുതിയുടെ വാര്‍ഷിക പ്രസിദ്ധീകരണമായ ശ്രുതിരേഖയുടെ ആദ്യ ലക്കത്തിന്റെ പ്രകാശനം അദ്ദേഹമാണെന്ന് ചെയ്തത്. അന്ന് പ്രസാദക കമ്മറ്റിയില്‍ അംഗമായിരുന്ന ഞാന്‍ ശ്രുതിരേഖയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ സ്വാഭാവികമായും ഉത്കണ്ഠയോടെ കാത്തിരുന്നു. കേട്ടും വായിച്ചുമറിഞ്ഞിരുന്ന അദ്ദേഹത്തിന്റെ മൗനം നേരിട്ട് അനുഭവിക്കാനാണ് പക്ഷേ അന്നവസരം കിട്ടിയത്. മധുച്ചേട്ടനോടൊപ്പം (ജയകൃഷ്ണന്‍) അദ്ദേഹവുമായി അഭിമുഖം നടത്തിയത് പെട്ടെന്നോര്‍ത്തെടുക്കുമ്പോള്‍ മൗനത്തിന്റെ മത്തുരുകി വാചാലനായ എംടിയെ അരികെക്കണ്ടത് മനസ്സില്‍ നിറയുന്നു. അദ്ദേഹത്തി ന്റെ മുഖ്യപ്രസംഗം ശ്വാസമടക്കിയാണ് കേട്ടത്. സ്വന്തം അനുഭവങ്ങളും കാഴ്ച്ചകളും അടിസ്ഥാനപ്പെടുത്തി എഴുതണമെന്ന് യുകെയിലെ ശ്രുതിയിലെ സാഹിത്യകുതുകികളെ അദ്ദേഹം ഓര്‍മ്മപ്പെടുത്തി.



'അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ എനിക്കിഷ്ടം ഞാനറിയുന്ന നിളാനദിയാണ്' എന്ന അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വരളുന്ന നിളയുടെ ചിത്രത്തിന് അടിക്കുറിപ്പായി ആദ്യ ശ്രുതിരേഖയുടെ പുറംചട്ടയില്‍ കൊടുക്കാന്‍ നേരത്തെ തിരഞ്ഞെടുടുത്തത് യാദ്യശ്ചികമെങ്കിലും പ്രസക്തമായിത്തോന്നിയിരിക്കും അദ്ദേഹത്തിന് എന്ന് വേണം കരുതാന്‍ - അരുണ്‍ ഇടച്ചിനേത്ത്