കണ്ണൂര്‍: പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിക്കെതിരെ പോരിനിറങ്ങിയ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെതിരെ നടപടിയിലേക്ക് സിപിഐഎം. പാര്‍ട്ടിയുടെ ഒരു ഫണ്ടും നഷ്ടമായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന്‍ അറിയിച്ചു. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണന്‍ പറഞ്ഞത്. അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍ അടക്കുള്ളവര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ച് സിപിഎം ഫണ്ട് തട്ടിപ്പ് നടത്തുന്ന പാര്‍ട്ടിയാണെന്ന് കുഞ്ഞിക്കൃഷ്ണന്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് എം.വി.ജയരാജന്‍ പറഞ്ഞു. അതേസമയം കണക്കുകള്‍ അതരിപ്പിക്കുന്നതില്‍ ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടത്തി നടപടികള്‍ ഇതിനോടകം സ്വീകരിച്ചതാണെന്നും ജയരാജന്‍ വ്യക്തമാക്കി.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നു. 2016 ജൂലായ് 11-ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണമാണ് വി.ഉണ്ണിക്കൃഷ്ണന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചത്.

ഇതില്‍ നേരത്തെ തന്നെ നടപടിയെടുത്തിട്ടുണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം പറയുന്നു. 'നേരത്തെ തന്നെ പാര്‍ട്ടി സമഗ്ര അന്വേഷണം നടത്തിയതാണ്. രണ്ട് കമ്മിറ്റികള്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ആരും വ്യക്തിപരമായ ധനാപഹരണം നടത്തിയിട്ടില്ല. പാര്‍ട്ടിയുടെ ഒരു ഫണ്ടും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് കണ്ടെത്തിയത്. യഥാസമയം വരവ് ചെലവ് കണക്ക് പാര്‍ട്ടിയില്‍ കമ്മിറ്റിയില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങുന്നതില്‍ ചില വീഴ്ചകള്‍ സംഭവിച്ചിരുന്നു. അത് കണക്കിലെടുത്താണ് ചില നടപടികള്‍ സ്വീകരിച്ചത്. ധനാപഹരണം ആരും നടത്തിയിട്ടില്ല' എം.വി.ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളാണ് കുഞ്ഞിക്കൃഷ്ണന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പാര്‍ട്ടിക്ക് തെറ്റ് സംഭവിച്ചെങ്കില്‍ തിരുത്താനുള്ള മാര്‍ഗം ഇതല്ല. തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്. എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. കുഞ്ഞിക്കൃഷ്ണനടക്കം കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഘട്ടത്തിലാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഒരു നിലപാട് സ്വീകരിച്ചത്. കുഞ്ഞിക്കൃഷ്ണന്‍ ഒരു വ്യക്തിയാണ്. പാര്‍ട്ടിയുടെ സംഘടനപരമായ രീതി, പാര്‍ട്ടി കമ്മിറ്റി ചര്‍ച്ച ചെയ്ത് നിലപാട് സ്വീകരിച്ച് കഴിഞ്ഞാല്‍ അതിനൊപ്പം നില്‍ക്കുക എന്നതാണ്. അല്ലാതെ മറ്റൊരു നിലപാട് സ്വീകരിക്കാന്‍ പാടില്ല. കുഞ്ഞികൃഷ്ണന്‍ പറയുന്നത് താനൊഴിച്ച് മറ്റെല്ലാവരും കള്ളന്‍മാര്‍ എന്നാണ്. ഒരു ഫണ്ട് തട്ടിപ്പും ഉണ്ടായിട്ടില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

'കെട്ടിട നിര്‍മാണമടക്കമുള്ളതിന്റെ കണക്ക് യഥാസമയം അവതരിപ്പിക്കുന്നതിലാണ് വീഴ്ചയുണ്ടായത്. മധുസൂദനനെ സെക്രട്ടറിയേറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഏരിയാ കമ്മിറ്റി അംഗങ്ങളെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. കോടിയേരിയുടെ പേര് ഇതിലുള്‍പ്പെടുത്തിയത് അങ്ങേയറ്റം തെറ്റായിപ്പോയി' ജയരാജന്‍ പറഞ്ഞു.

കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടിയിലേക്ക് തന്നെ സിപിഐഎം കടന്നേക്കുമെന്നാണ് വിവരം. സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗം നാളെ ചേരുന്നുണ്ട്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, എം.വി. ജയരാജന്‍ എന്നിവര്‍ കമ്മിറ്റിയില്‍ പങ്കെടുക്കും. അതേസമയം, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് നടത്തിയ ഫണ്ട് പിരിവിന്റെ ഉപയോഗിച്ച രസീതുകള്‍ ഇതുവരെ തിരിച്ചുവന്നിട്ടില്ലെന്ന് വി. കുഞ്ഞികൃഷ്ണന്‍ ജയരാജന് മറുപടി നല്‍കി. രസീതുകള്‍ തിരിച്ചുവരാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് പാര്‍ട്ടിക്ക് പണം നഷ്ടപ്പെട്ടിട്ടില്ല എന്ന് നേതൃത്വം പറയുന്നതെന്ന് കുഞ്ഞികൃഷ്ണന്‍ ചോദിച്ചു. സംഘടനാതത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ തിരുത്താനും തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുമുള്ള അധികാരം നേതൃത്വത്തിനാണെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

താന്‍ കോടിയേരിക്കെതിരെ ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ലെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നതിനാല്‍ അദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ അറിയിച്ചിരുന്നുവെന്നും രേഖാമൂലം എഴുതി നല്‍കിയിരുന്നു എന്നുമാണ് പറഞ്ഞതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടത് കോടിയേരി അല്ല, ജില്ലാ നേതൃത്വമാണെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഒരു ഏരിയാ കമ്മിറ്റി മെമ്പറും രണ്ട് ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരും ചേര്‍ന്ന് കഴിഞ്ഞ ദിവസം തനിക്കെതിരെ ഗൂഢാലോചന നടത്തിയതിന്റെ വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും, എന്നാല്‍ ആളുകളെ വെളിപ്പെടുത്തുന്നില്ലെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.