കോഴിക്കോട്: കേരളത്തിലെ ക്വാറികളില്‍ നല്ലൊരു ശതമാനവും അനധികൃതമെന്ന് പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍. എത്ര ക്വാറി പ്രവര്‍ത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകളില്ലെന്നും വലിയ റിസോര്‍ട്ടുകള്‍ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ചൂരല്‍മല, മുണ്ടക്കൈ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്ക് അയച്ച വീഡിയോ സന്ദേശത്തിലായിരുന്നു മാധവ് ഗാഡ്ഗിലിന്റെ പരാമര്‍ശങ്ങള്‍.

കേരളത്തിലെ ക്വാറികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരിസ്ഥിതി ചൂഷണത്തെക്കുറിച്ചും വിമര്‍ശിച്ച മാധവ് ഗാഡ്ഗില്‍ വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് 25,000 രൂപ നല്‍കുമെന്നും അറിയിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ അടക്കം മുന്‍പ് ഉണ്ടായ ഇത്തരം പ്രകൃതിദുരന്തങ്ങളില്‍ പുനരധിവാസം കൃത്യമായി ഉണ്ടായിട്ടില്ല.കേരളത്തിലെ ക്വാറികളില്‍ നല്ലൊരു ശതമാനവും അനധികൃതമാണ്. എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകളും ഇല്ലെന്നും മാധവ് ഗാഡ്ഗില്‍ ആരോപിച്ചു.

പരിസ്ഥിതി സംരക്ഷണത്തില്‍ ആഗോള തലത്തില്‍ ഇന്ത്യയുടെത് മോശം റാങ്കിങാണ്. ഇതില്‍ മാറ്റമുണ്ടാകണം. കേരളത്തില്‍ ഉള്‍പ്പെടെ മൈനിങ് ജോലികള്‍ തദ്ദേശീയരെ ഏല്‍പ്പിക്കണം. കേരളത്തിലെ 85ശതമാനം ക്വാറികളും അനധികൃതമാണ്. ക്വാറികള്‍ മുഴുവനും സര്‍ക്കാര്‍ ഏറ്റെടുക്കണം. കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എല്‍പ്പിക്കണം.

വലിയ റിസോര്‍ട്ടുകള്‍ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുകയാണ്. വയനാട്ടില്‍ ഉള്‍പ്പെടെ ഇതിന്റെ ആഘാതമുണ്ട്. വയനാട്ടില്‍ ഗോവ മോഡലില്‍ ഹോം സ്റ്റേ ടൂറിസം നടപ്പാക്കണം. തേയില തോട്ടങ്ങള്‍ ലേബേര്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റികള്‍ ഏറ്റെടുക്കണമെന്നും ഗാഡ്ഗില്‍ പറഞ്ഞു. അതിനിടെ മാധവ് ഗാഡിഗിലിനെ പിന്തുണച്ചു സിപിഐ മന്ത്രിമാര്‍ അടക്കം രംഗത്തുവരുന്നുണ്ട്.

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ഉള്‍ക്കൊളളാവുന്ന കാര്യങ്ങള്‍ അംഗീകരിക്കുക തന്നെ വേണമെന്ന് പി പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു. പശ്ചിമഘട്ട മേഖലയിലുണ്ടായ ദുരന്തങ്ങളുടെ അനുഭവത്തില്‍ നിന്നുകൊണ്ടുവേണം ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളെ സമീപിക്കാന്‍. റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയ നടപടികള്‍ സ്വീകരിക്കാത്തത് കൊണ്ടാണോ ദുരന്തങ്ങള്‍ ഉണ്ടാകുന്നതെന്ന് പരിശോധിക്കണമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗിലിന്റെ റപ്പോര്‍ട്ട് പ്രസക്തമെന്ന് ചൂണ്ടിക്കാട്ടുകയാണ് മന്ത്രി പി പ്രസാദ്. പശ്ചിമഘട്ട മേഖലിയിലെ ഭൂവിനിയോഗം സംബന്ധിച്ച് പുതിയ ആലോചനകള്‍ ആവശ്യപ്പെടുന്ന സാഹചര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും പി പ്രസാദ് ചൂണ്ടിക്കാട്ടി.