തൃശൂര്‍: അന്തരിച്ച കോണ്‍ഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തൃശൂര്‍ സ്വദേശി പി പി മാധവന്റെ സംസ്‌കാരം ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഒല്ലൂരിലെ വീട്ടിലെത്തിയാണ് രാഹുല്‍ ഗാന്ധി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്നലെ ആയിരുന്നു അന്ത്യം. രാഹുല്‍ ഗാന്ധി സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും.

അന്തരിച്ച പി പി മാധവന് നെഹ്റു കുടുംബവുമായി ഉണ്ടായിരുന്നത് നാല് പതിറ്റാണ്ടില്‍ ഏറെ നീണ്ട ആത്മബന്ധമായിരുന്നു. ജോലി തേടി രാജ്യ തലസ്ഥാനത്തെത്തിയ പി പി മാധവന്‍ പിന്നീട് നെഹ്‌റു കുടുംബത്തിലെ മൂന്ന് തലമുറകളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി മാറി. 1982 83 കാലഘട്ടം തൃശ്ശൂര്‍ ഒല്ലൂര്‍ തിരുവള്ളക്കാവ് ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പി പി മാധവന്‍ ഡല്‍ഹിയിലെത്തിയത് ജോലി തേടിയാണ്.

ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന സഹോദരന്‍ വഴിയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഒഴിവുണ്ടെന്ന് അറിഞ്ഞറിഞ്ഞു അപേക്ഷിച്ചത്. അഭിമുഖം നടത്തിയത് പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി നേരിട്ട്. 'ഐ തിങ്ക് ദിസ് ബോയ് ഈസ് ഗുഡ്, ടേക്ക് ഹിം' പി പി മാധവനെ കുറിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഫയലില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.




ഇന്ദിരക്ക് ശേഷം രാജീവിന്റെ നിഴലായി, പിന്നീട് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പി പി മാധവ് 10 ജന്‍പഥിലെ നിറ സാന്നിധ്യമായി.ഇന്ദിരയുടെ യുടെയും രാജീവിന്റയും അകാല വിയോഗത്തില്‍ കുടുംബത്തിന്റെ തങ്ങും തണലുമായത് പി പി മാധവനായിരുന്നു.

പരാതികളുമായും സഹായം തേടിയും എത്തുന്നവരെ നിരാശരായി മടക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു അദ്ദേഹം.10 ജന്‍പഥില്‍ ഒരു തവണയെങ്കിലും എത്തിയവരാരും മാധവ് ജിയെ മറക്കില്ല. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പോലും കര്‍മ നിരാധനായിരുന്ന പി പി മാധവന്റ മരണത്തിലൂടെ രാഹുലിനും പ്രിയങ്കക്കും നഷ്ടപ്പെട്ടത് ഒരു കുടുംബാംഗത്തെ തന്നെയാണ്.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വീട്ടില്‍വച്ചു കുഴഞ്ഞുവീണ മാധവനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂര്‍ സ്വദേശിയായ പി.പി.മാധവന്‍ കഴിഞ്ഞ 45 വര്‍ഷമായി നെഹ്‌റു കുടുംബത്തിലെ മൂന്ന് തലമുറകള്‍ക്ക് ഒപ്പമായിരുന്നു. ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി ചെറുശ്ശേരി പട്ടത്ത് മനയ്ക്കല്‍ കുടുംബാംഗമാണ്.

ഇന്നലെ രാത്രി തൃശൂരിലെ ഹയാത്ത് ഹോട്ടലില്‍ എത്തിയ രാഹുല്‍ ഗാന്ധി അവിടെ നിന്നും ഇന്ന് രാവിലെ റോഡ് മാര്‍ഗമാണ് ഒല്ലൂരിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

രാഹുല്‍ ഗാന്ധിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വി എം സുധീരന്‍ തുടങ്ങിയവരും എത്തി. മന്ത്രി കെ രാജനും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

അര നൂറ്റാണ്ടോളം കാലം ഗാന്ധി കുടുംബവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച ആളാണ് മാധവന്‍. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് പി പി മാധവന്‍ അന്തരിച്ചത്.