തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമ സംഘടനയിൽ തർക്കം അതിരൂക്ഷമാവുകയാണ്. സിനിമാ മേഖല ജൂണ്‍ 1 മുതല്‍ നിശ്ചലമാവുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. നിർമാതാക്കളുടെ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാറിന്‍റെ പ്രഖ്യാപനം. സുരേഷ് കുമാറിനെതിരെ വന്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് ആന്‍റണി പെരുമ്പാവൂരും രംഗത്തെത്തിയിരിന്നു. അടുത്ത് ഇറങ്ങാൻ പോകുന്ന എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ചും സുരേഷ് കുമാര്‍ വിമര്‍ശനസ്വരത്തോടെ സംസാരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയുമായാണ് ആന്‍റണി രംഗത്ത് വന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'എമ്പുരാന്‍' വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതിനിടയിലാണ് സിനിമ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഇപ്പോൾ വിവാദം മുറുകിയിരിക്കുന്നത്. ആദ്യഭാഗമായ ലൂസിഫർ മലയാള സിനിമ ഇൻഡസ്ട്രയിൽ വൻ വിജയമാണ് നേടിക്കൊടുത്തത്. ഒരാഴ്ച കൊണ്ട് തന്നെ സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു. അതിനുശേഷം രണ്ടാം ഭാഗമായ 'എമ്പുരാന്‍' ഇറങ്ങാൻ പോകുന്നുവെന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ആരാധകർ എല്ലാം ഒന്നടങ്കം കാത്തിരിപ്പിലായിരുന്നു.

'എമ്പുരാന്‍' എന്ന മലയാള സിനിമയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മോഹന്‍ലാല്‍ ആരാധകർ ഉള്ളത്. ഇപ്പോൾ പ്രഖ്യാപിച്ച സിനിമ സമരം എമ്പുരാനെ ഏത് രീതിയിൽ ബാധിക്കുമെന്നുള്ളത് ഇനി നോക്കി കാണണം. മാർച്ച് 27 ന് ആണ് 'എമ്പുരാന്‍' റിലീസ് തീരുമാനിച്ചിരിക്കുന്നത്. അതിനുമുന്നെ തന്നെ വിവാദത്തിന് പരിഹാരം കണ്ടെത്തിയിലെങ്കിൽ മലയാള സിനിമയുടെ അവസ്ഥ വളരെ ഗുരുതരമാകും. ഇനി പ്രൊഡ്യൂസര്‍മാരുടെ സംഘടനയെ 'ഖുറേഷി അബ്രഹാം' എങ്ങനെ പിടിക്കുമെന്നാണ് ആരാധകർ ഒന്നടങ്കം ഉറ്റുനോക്കുന്നത്. ഇനി സാങ്കേതിക പ്രവര്‍ത്തകരുടെ നിലപാട് നിര്‍ണ്ണായകമാകും.

അതേസമയം, സമരനിര്‍ണ്ണയം ഒരാളുടെ മാത്രം തീരുമാനം അല്ലെന്നും, സംഘടനകളുടെ കൂട്ടായ തീരുമാനം ആണെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. 'ആന്റണി സംഘടനാ യോഗങ്ങളില്‍ പങ്കെടുക്കാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിറ്റുകള്‍ പരിശോധിച്ചാല്‍ സത്യം മനസ്സിലാക്കാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തി. 'ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ സിനിമ നിര്‍മ്മിച്ച ആളാണ്. ഞാന്‍ ഒരു മണ്ടന്‍ അല്ല. തമാശ കളിക്കാന്‍ അല്ല സംഘടന. 'എമ്പുരാന്‍' സിനിമയുടെ ബജറ്റിനെ കുറിച്ച് ഞാന്‍ പറഞ്ഞത് ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയായിരുന്നു. അതു പിന്‍വലിക്കണമെങ്കില്‍ പിന്‍വലിക്കാം. എങ്കിലും സമരവുമായി മുന്നോട്ട് പോകുമെന്നും' സുരേഷ് കുമാര്‍ പറഞ്ഞു. മലയാള സിനിമാ മേഖലയിലെ രൂക്ഷ ഭിന്നിപ്പിന്റെ സൂചനയാണ് ഇതെല്ലാം. മലയാള സിനിമയെ രക്ഷിക്കാന്‍ ഒരു നാഥന്‍ മുമ്പോട്ട് വരുമോ എന്നതാണ് ഉയരുന്ന ചോദ്യം. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലിന് പോലും സാധ്യത ഏറെയാണ്.

സുരേഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്കും അനാവശ്യ ആശങ്കക്കും ഇടയാക്കുന്നതാണെന്നും, സംഘടനയെ പ്രതിനിധീകരിക്കുമ്പോള്‍ ഭൂരിപക്ഷ അഭിപ്രായം മാത്രം അവതരിപ്പിക്കണമെന്നുമാണ് ആന്റണി പെരുമ്പാവൂര്‍ വിമര്‍ശിച്ചിരുന്നു. മോഹന്‍ലാലിന്റെ അതിവിശ്വസ്തനാണ് ആന്റണി. സുരേഷ് കുമാര്‍ ഏറ്റവും അടുപ്പമുണ്ടായിരുന്ന കൂട്ടുകാരനും. മോഹന്‍ലാലിനെ സിനിമയിലേക്ക് എത്തിച്ചതില്‍ പങ്കുള്ള പ്രധാനി. അമ്മയ്ക്ക് നാഥിനില്ലെന്ന പരാമര്‍ശത്തോടെയാണ് സുരേഷ് കുമാറിനെതിരെ നടന്മാരുടെ ഇടയില്‍ വികാരമുണ്ടാകുന്നത്. മുമ്പ് ലിബര്‍ട്ടി ബഷീറിനായിരുന്നു സിനിമയില്‍ മുന്‍തൂക്കം. എക്‌സിബിറ്റേഴ്‌സ് സംഘടനയെ പൂര്‍ണ്ണമായും നിയന്ത്രിച്ചത് ലിബര്‍ട്ടി ബഷീറായിരുന്നു.

അന്ന് ദിലീപും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് പുതിയ സംഘടനയിലൂടെ നേതൃത്വം ഏറ്റെടുത്തു. മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സുരേഷ് കുമാറിലേക്ക് നിര്‍മ്മാതാക്കളുടെ സംഘടനയും എത്തി. എന്നാല്‍ ഇപ്പോള്‍ ഇവിടെ വീണ്ടും പ്രതിസന്ധിയുണ്ടാകുന്നു. നടന്മാരില്‍ ബഹുഭൂരിഭാഗവും ആന്റണി പെരുമ്പാവൂരിനൊപ്പമാണ്. ആന്റണിയുടെ വിമര്‍ശന പോസ്റ്റിന് പൃഥ്വിരാജും ഉണ്ണി മുകുന്ദനും അജു വര്‍ഗ്ഗീസും ഷെയര്‍ ചെയ്യുകയും ചെയ്തു. അതായത് മോഹന്‍ലാലിന്റെ അടുത്ത അനുയായിയുടെ നീക്കത്തെ പ്രമുഖ താരങ്ങള്‍ പിന്തുണയ്ക്കുന്നു. ചേരി തിരിവിന്റെ സന്ദേശം നല്‍കാനാണ് ഈ ഷെയറിംഗ് എന്നും വ്യക്തം. അതിനിടെ സുരേഷ് കുമാറിനെ പിന്തുണയ്ക്കുന്നവരും സജീവ ചര്‍ച്ചയുമായി എത്തുന്നു. ചെമ്പന്‍ വിനോദും ആന്റണി പെരുമ്പാവൂരിനെ പിന്തുണയ്ക്കുന്നു.

മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്നും പല നിര്‍മാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നായിരുന്നു കഴിഞ്ഞ ദിവസം ജി സുരേഷ് കുമാര്‍ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവര്‍ക്കില്ല എന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഇതിന് പ്രതികരണവുമായിട്ടാണ് ആന്റണി പെരുമ്പാവൂര്‍ എത്തിയത്. തിയേറ്ററുകള്‍ അടച്ചിടുകയും സിനിമകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികള്‍ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനില്‍ക്കുന്നത്. അത് സംഘടനയില്‍ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്.

അതല്ല, മറ്റേതെങ്കിലും സംഘനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കില്‍ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാള്‍ കാണിക്കണമെന്നും ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാം ഓക്കേ അല്ലേ അണ്ണാ? എന്നാണ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് മോഹന്‍ലാല്‍ നായകനായി എത്തുന്ന എമ്പുരാന്റെ സംവിധായകന്‍ കൂടിയാണ് പൃഥ്വിരാജ്.