മലപ്പുറം: ഇടതു മുന്നണി സര്‍ക്കാറിന്റ ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ സഖാക്കളെ സര്‍ക്കാര്‍ തസ്തികകളില്‍ തിരുകു കയറ്റാന്‍ ശ്രമം തുടരുകയാണ്. തുഞ്ചത്തെഴുത്തച്ഛന്റെ പേരിലുള്ള മലയാളം സര്‍വകലാശാലയില്‍ സിപിഎമ്മിന്റെ നിയമന 'കുംഭമേള' നടക്കുന്നു എന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. സര്‍ക്കാരിന്റെ അവസാന മാസങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ യഥേഷ്ടം നിയമിക്കുകയാണ്. സിപിഎം നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് ചട്ട വിരുദ്ധമായി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു എന്നുമാണ് യൂത്ത് ലീഗ് അടക്കമുള്ളവര്‍ ഉയര്‍ത്തുന്ന ആരോപണം.

പരീക്ഷകളും അഭിമുഖങ്ങളുമെല്ലാം പ്രഹസനമാക്കി കൊണ്ടാണ് ഇഷ്ടക്കാരെ മാത്രം സര്‍വകലാശാലകളില്‍ തിരുകി കയറ്റുന്നത്. 250 പേര്‍ അപേക്ഷിച്ച് പരീഷയും അഭിമുഖവും അറ്റന്റ് ചെയ്തെങ്കിലും റാങ്ക്ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നതെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരോ ബന്ധപ്പെട്ടവരോ ആണ്. മാത്രമല്ല, നിലവല്‍ ഡെയ്ലി വെയ്ജിലുള്ള എട്ട് സിപിഎം പ്രവര്‍ത്തകര്‍ അതേപടി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് ആരോപണം.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലെ മൂന്ന് സെക്ഷനിലേക്കു നടന്ന നിയമനത്തില്‍ നിലവില്‍ സര്‍വകലാശാലയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിയുള്ള പാര്‍ട്ടിക്കാരെയുള്‍പ്പടെ ഉയര്‍ന്ന റാങ്ക് നല്‍കിയാണ് നിയമനം നടത്തിയിരിക്കുന്നത്. ഈ നിയമനത്തിനാകട്ടെ 250 ഓളം പേരെ വച്ച് പരീക്ഷാ നാടകം നടത്തുകയും പിന്നീട് അഭിമുഖവും നടത്തിയാണ് നേരത്തെ പറഞ്ഞുറപ്പിച്ചവര്‍ക്ക് നിയമനം നല്‍കിയത് എന്നാണ് ആരോപണം.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, അസിറ്റന്റ് ഫിനാന്‍സ്, അസിറ്റന്റ് ഐക്യുഎസി എന്നീ തസ്തികകള്‍ക്കു പുറമെ അറ്റന്റര്‍ പോസ്റ്റിലേക്കും പരീക്ഷയും അഭിമുഖ നാടകവും നടത്തി സിപിഎം പ്രവര്‍ത്തകരെ തിരുകിക്കയറ്റാനുള്ള ഒരുക്കത്തിലാണ്. നിലവില്‍ യൂണിവേഴ്സിറ്റിയില്‍ ഡെയ്ലി വെയ്ജില്‍ ജോലി ചെയ്യുന്ന പാര്‍ട്ടി നേതാക്കള്‍ വരെ പുതിയ അറ്റന്റര്‍ പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയതായാണ് വിവരം. പുറത്തുവന്ന റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചവരില്‍ എസ്.എഫ്.ഐ ജില്ലാ -സംസ്ഥാന നേതാക്കളാണെന്നതാണ് ആക്ഷേപം.

കൂടാതെ ഈയിടെ വിരമിച്ച സിപിഎം എംപ്ലോയീസ് യൂണിയന്‍ നേതാക്കള്‍ക്കു വേണ്ടി പ്രത്യേകം സൃഷ്ടിച്ച സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്കും നിയമനത്തിനായി യൂണിവേഴ്സിറ്റി വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. വിസിയുടെ ഒത്താശയോടെയോ വിസിയെ തെറ്റിദ്ധരിപ്പിച്ചോ ആണ് ഈ നിയമന കുംഭമേള അരങ്ങേറുന്നതെന്നാണ് യൂത്ത് ലീഗ് ഉന്നയിക്കുന്ന ആരോപണം.

സംഭവത്തെ കുറിച്ച് വൈസ്ചാന്‍സിലര്‍ ഡോ.സി.ആര്‍ പ്രസാദ് ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. സിപിഎം നേതാക്കളുടെ ബന്ധുക്കളും ഇഷ്ടക്കാരുമാണ് പുറത്തുവന്ന റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. അറ്റന്റര്‍, സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് വരും ദിവസങ്ങളില്‍ ഇനിയും നിയമനങ്ങള്‍ നടക്കാനിരിക്കുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു ഉദ്യോഗാര്‍ത്ഥി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിന്‍മേല്‍ സര്‍വകലാശാലക്കെതിരെ അന്വേഷണം നടന്നു വരികയാണ്. ഈ അന്വേഷണം സര്‍വകലാശാല അധികൃതര്‍ അതീവ രഹസ്യമായാണ് വച്ചിട്ടുള്ളത്. നേരത്തെ പറഞ്ഞുറപ്പിച്ചതു പ്രകാരം നിയമനം നടത്തുന്നതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സര്‍വകലാശാലയിലെത്തി അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പരാതി നല്‍കി പ്രതിഷേധം സംഘടിപ്പിക്കാനിരിക്കുകയാണ്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സിപിഎം നേതാവിന്റെ ഭാര്യയെ പരീക്ഷാ ഭവനിലേക്ക് നിയമിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പും നിയമനവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങള്‍ സര്‍വകലാശാലക്ക് എതിരെ ഉയര്‍ന്നിരുന്നു. സര്‍വകലാശാലയുടെ ഭരണ നിര്‍വഹണ സമിതിയായ സെനറ്റില്‍ നിന്നും സ്ഥലം എംഎല്‍എയെ മാറ്റി സിപിഎം നേതാക്കളെ മാത്രം ഉള്‍കൊള്ളിച്ചത് ഏറെ വിവാദമായിരുന്നു. ക്യാമ്പസിലെ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ച് സ്വകാര്യ വ്യക്തിക്ക് മറിച്ചു വിറ്റ സംഭവത്തിലും മലയാള സര്‍വകലാശാലക്കെതിരെ അന്വേഷം നടക്കുന്നുണ്ട്.

മലയാള ഭാഷയുടെ സമുദ്ധരണത്തിനും ഗവേഷണത്തിനുമായി രൂപം നല്‍കിയ ഭാഷാപിതാവിന്റെ പേരിലുള്ള സര്‍വകാലാശാല രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പാക്കാനുള്ള ഒരു മോസ്‌കോ കോളനി മാത്രം ആയി മലയാള സര്‍വകലാശാല മാറിയിരിക്കുന്നു. ഇടതുപക്ഷം പത്ത് വര്‍ഷം ഭരിച്ചിട്ടും സ്വന്തം ഭൂമി പോലും കണ്ടെത്താന്‍ സാധിക്കാത്ത നിലയിലാണ്. കണ്ടെത്തിയ ഭൂമിയില്‍ രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി തറക്കല്ലിട്ടെങ്കിലും നിര്‍മ്മാണത്തിന് ഒരു കല്ലു പോലും ഇടാന്‍ സാധിച്ചിട്ടില്ല. ചതുപ്പ് ഭൂമിയില്‍ സര്‍വ്വകലാശാലക്ക് നിര്‍മ്മാണ യോഗ്യമല്ലെന്നാണ് കണ്ടെത്തല്‍.

ഈ ഭൂമിയുടെ പിറകിലും പാര്‍ട്ടിക്കാരും പാര്‍ട്ടിയുടെ സ്വന്തം റിയല്‍ എസ്റ്റേറ്റുകാരും കോടികള്‍ അടിച്ചുമാറ്റി എന്ന ആരോപണം നിലനില്‍ക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സിപിഎമ്മും സര്‍ക്കാരും മലയാള സര്‍വകലാശാലയുടെ പേരില്‍ കോടികളുടെ ഭൂമി ഇടപാടും പാര്‍ട്ടി നേതാക്കള്‍ക്ക് പിന്‍വാതില്‍ നിയമനവും നടത്തിയെന്നത് വ്യക്തമാണ്. ഇതിനിടെയാണ് സര്‍ക്കാരിന്റെ അവസാന മാസങ്ങളില്‍ ധൃതിപ്പെട്ട് കൃത്രിമ പോസ്റ്റുകള്‍ വരെ ഉണ്ടാക്കി നിയമ 'കുംഭമേള' അരങ്ങേറുന്നത്. സംഭവത്തില്‍ വിസിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസും രംഗത്തുണ്ട്.