ലണ്ടന്‍: കേരളത്തില്‍ നിന്നും രക്ഷപെടാന്‍ എങ്ങനെയും പ്ലസ് ടു വരെ നാട്ടില്‍ പഠിച്ച ശേഷം പിന്നീട് നഴ്‌സിംഗിന് എവിടെ പ്രവേശനം ലഭിച്ചാലും ചേരുക എന്നതാണ് കഴിഞ്ഞ പത്തുവര്‍ഷമായി തുടരുന്ന ട്രെന്റ്. കാരണം ഏവരുടെയും ലക്ഷ്യം യുകെയാണ്. നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ വിമാന ടിക്കറ്റും താമസവും വീട്ടു ചിലവും വരെ നല്‍കി ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞാണ് കോവിഡിന് ശേഷം ഉള്ള പ്രതിസന്ധി തരണം ചെയ്യാന്‍ യുവ നഴ്സുമാരെ തേടി ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും എത്തിയ എന്‍എച്ച്എസ് യുകെ തയ്യാറായത്. ഈ ട്രെന്റ് ശക്തമായതോടെ കേരളത്തില്‍ എഞ്ചിനീയറിംഗ് കോഴ്സുകള്‍ പോലും പഠിക്കാന്‍ ചെറുപ്പക്കാരെ കിട്ടാതായി എന്ന അവസ്ഥയായി. നഴ്സിംഗ് മെറിറ്റ് വിഭാഗത്തില്‍ പ്രവേശനം ലഭിക്കാന്‍ 99 ശതമാനം വരെ മാര്‍ക്ക് പ്ലസ് ടുവിന് വേണം എന്നായപ്പോള്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ 70 ശതമാനം മാര്‍ക്കില്‍ പാസായവരെ പോലും കിട്ടാതായി.

എന്നാല്‍ മാറിയ സാഹചര്യങ്ങളില്‍ മിടുക്കരായ കുട്ടികളും നഴ്സിംഗ് പഠിച്ച ശേഷം വിദേശ അവസരം തേടി നാട്ടില്‍ കാത്തിരിക്കണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. കാരണം ഏറ്റവും കൂടുതല്‍ വിദേശ നഴ്സുമാരെ എടുത്തിരുന്ന എന്‍എച്ച്എസ് യുകെ കടുത്ത സാമ്പത്തിക ബാധ്യത മൂലം വിദേശ നഴ്സിംഗ് റിക്രൂട്ട്‌മെന്റ് ഏകദേശം ഒരു വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ബജറ്റില്‍ 20 ബില്യണ്‍ എന്ന കൂറ്റന്‍ തുക ഒരു അഗാധ ഗര്‍ത്തം പോലെ ബാധ്യതയായി ചാന്‍സലറെ തുറിച്ചു നോക്കിയതോടെ എന്‍എച്ച്എസ് അടക്കമുള്ള അവശ്യ സേവന വിഭാഗങ്ങള്‍ക്കുള്ള ബജറ്റിലും കനത്ത തിരിച്ചടി ഉണ്ടാകും എന്ന സാഹചര്യമാണ് വിദേശ നഴ്സുമാരുടെ റിക്രൂട്ട്‌മെന്റിനും തിരിച്ചടിയായത്. യുകെയിലെ ഒരു ട്രസ്റ്റിന് പോലും വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഫണ്ടില്ല എന്ന അവസ്ഥയാണ്. വിദേശ നഴ്‌സ് റിക്രൂട്‌മെന്റ് വിഭാഗം ജീവനക്കാരെ പോലും മറ്റു തസ്തികളിലേക്ക് നിയമിച്ചു പ്രതിസന്ധിയില്‍ സ്വന്തം ജീവനക്കാരെ കൈവിടാതെ നോക്കുകയാണ് പല ട്രസ്റ്റുകളും.

വന്നേലും വേഗത്തില്‍ പോയെ..

മലയാള സിനിമയിലെ പാട്ടിന്റെ ഈണം പോലെയാണ് അടുത്തിടെ യുകെയില്‍ എത്തിയ വിദേശ നഴ്സുമാരുടെ കാര്യമെന്ന് കളിയായും കാര്യമായും പറയാം. ആയിരക്കണക്കിനു പൗണ്ട് ചിലവാക്കി എത്തിക്കുന്ന വിദേശ നഴ്സുമാര്‍ യുകെയിലെ സാഹചര്യം പിടിക്കാതെ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന്റെ വേഗത കൂടുന്നു എന്ന കണക്കുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. യുകെയില്‍ 2024 ഡിസംബര്‍ വരെയുള്ള കണക്കില്‍ എന്‍എംസി രജിസ്റ്ററില്‍ രണ്ടു ലക്ഷം വിദേശ നഴ്സുമാര്‍ എന്ന കണക്ക് തികഞ്ഞിരിക്കുകയാണ്. ഇതോടെ ഇംഗ്ലണ്ടിലെ ആകെ നഴ്സിംഗ് വര്‍ക്ക് ഫോഴ്സിന്റെ 23.8 ശതമാനവും വിദേശ വംശജ നഴ്സുമാര്‍ ആയി മാറിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ആദ്യ ആറു മാസത്തെ കണക്കുകള്‍ ലഭിക്കുമ്പോള്‍ തൊട്ടു തലേ വര്‍ഷത്തെ നഴ്സുമാരുടെ ഒഴുക്കിന് ഏറെക്കുറെ ശമനം വന്നിരിക്കുന്നു എന്ന സൂചനയാണ് കിട്ടുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 16.6 ശതമാനം കുറവ് വിദേശ നഴ്സുമാരാണ് 2024 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയത്തു യുകെയില്‍ എത്തിയത്. ഏറ്റവും കൂടുതല്‍ റിക്രൂട്‌മെന്റുകള്‍ നടക്കുന്ന മാസങ്ങള്‍ കൂടിയാണിത്. എന്നാല്‍ ഇതേ മാസത്തെ കണക്കുകളില്‍ എന്‍എംസി രജിസ്റ്ററില്‍ നിന്നും കൊഴിഞ്ഞു പോയ വിദേശ നഴ്സുമാരുടെ എണ്ണം 33 ശതമാനമാണ്. ഇതില്‍ നല്ല പങ്കും മലയാളികള്‍ ആകാനുള്ള സാധ്യതയും ഏറെയാണ്. മൊത്തം നഴ്സുമാരുടെ കണക്കിലും ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്ന ട്രെന്‍ഡ് തന്നെയാണ് കാണിക്കുന്നത്.

ഇങ്ങനെ കൂടു മാറുക എന്ന ലക്ഷ്യം കയ്യില്‍ പിടിച്ചു തന്നെയാണ് ഒരു പങ്കു മലയാളി നഴ്സുമാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യുകെയില്‍ എത്തിയത് എന്നത് പകല്‍ പോലെ തെളിച്ചമുള്ള വാസ്തവം ആയിരുന്നു. യുകെയില്‍ ആവശ്യമായ മണിക്കൂറുകള്‍ മാത്രം ജോലി ചെയ്ത ശേഷം അവരില്‍ നല്ല പങ്കും ആസ്ട്രേലിയ, ന്യുസിലാന്‍ഡ് എന്നിവിടങ്ങളിലേക്ക് ചേക്കേറുക ആയിരുന്നു ചിലരെങ്കിലും അതാതു രാജ്യങ്ങളില്‍ എത്തിയിട്ട് മാത്രം എന്‍എച്ച്എസിനെ വിവരം അറിയിക്കാനുള്ള അതി മിടുക്കും കാട്ടി എന്നത് ചെറിയ കാര്യമല്ല. പക്ഷെ ഫലത്തില്‍ സംഭവിച്ചത് ഈ ഒഴുക്ക് ക്രമാതീതം ആയതോടെ ഫണ്ട് നിലച്ചു പോയ എന്‍എച്ച്എസിനെ കൂടുതല്‍ ആളിനെ എത്തിക്കാന്‍ പോലും മാര്‍ഗം ഇല്ലാതായി പോകുക ആയിരുന്നു.

ഒരു രാജ്യത്തെത്തി വേര് പിടിച്ചവര്‍ കൂടുതല്‍ സുഖ സൗകര്യം ഉള്ള നാട് തേടിയതും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒക്കെ ഒപ്പം ജീവിക്കാന്‍ ഉള്ള വ്യഗ്രതയില്‍ കുടിയേറ്റ വേഗത കൂട്ടിയപ്പോള്‍ ലോകമെങ്ങും ഇപ്പോള്‍ കുടിയേറ്റക്കാരോട് നോ പറയാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത് ഏറ്റവും അധികം ബാധിക്കുന്നതും മലയാളികളെ തന്നെയാണ്. കേരളത്തില്‍ നിന്നുള്ള വിവിധ രംഗങ്ങളിലെ പ്രൊഫഷണലുകളുടെ കുടിയേറ്റത്തിനു താത്കാലികമായി ചെറിയൊരു ബ്രേക്ക് സംഭവിക്കുകയാണ് എന്ന ട്രെന്റ് ഇപ്പോള്‍ തന്നെ രൂപമെടുത്തു കഴിഞ്ഞു.

പതിനായിരങ്ങള്‍ ഫീസ് വാങ്ങിയിരുന്ന ഭാഷ പരിശീലന കോഴ്സുകള്‍ സൗജന്യമായി തുടങ്ങിയ കാഴ്ച തന്നെ വസ്തുതകള്‍ പറയുമ്പോള്‍

രണ്ടു വര്‍ഷം മുന്‍പ് വരെ യുകെയില്‍ പോകാനും ജര്‍മനിയില്‍ പോകാനും ഇംഗ്ലീഷും ജര്‍മനും പഠിക്കാനുള്ള കേന്ദ്രങ്ങളുടെ ബോര്‍ഡുകള്‍ മാത്രമേ എവിടെയും കാണുവാന്‍ സാധിക്കുമായിരുന്നുള്ളൂ. വലിയ നഗരങ്ങളില്‍ മാത്രം കണ്ടിരുന്ന അത്തരം കേന്ദ്രങ്ങള്‍ പഞ്ചായത്തുകള്‍ വരെ നിറഞ്ഞതോടെ പകല്‍ മാത്രമല്ല ഈവനിംഗ്, രാത്രികാല കോഴ്സുകള്‍ വരെ സജീവമായി. എന്നിട്ടും പലയിടത്തും ഒരു സീറ്റു പോലും ഒഴിവില്ലാതായി. ചില കേന്ദ്രങ്ങളില്‍ അന്‍പതിനായിരം രൂപ വരെ ആയിരുന്നു ഏതാനും മാസത്തേക്കുള്ള കോഴ്സിന് നിരക്ക്. ആ സമയത്തിനുള്ളില്‍ പാസാകാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും ഫീസ് നല്‍കണം.

ഒരു ഘട്ടത്തില്‍ കേരളത്തിലെ സ്വാശ്രയ കോളേജുകളേക്കാള്‍ വരുമാനം സൃഷ്ടിക്കുന്നവയായി മാറി ഇത്തരം ലൊട്ടുലൊടുക്ക് പരിശീലന കേന്ദ്രങ്ങള്‍. ഉദ്യോഗാര്‍ത്ഥികള്‍ കടല്‍ത്തീര പോലെ ആര്‍ത്തലച്ചപ്പോള്‍ വമ്പന്‍ കെട്ടിടങ്ങള്‍ മൊത്തത്തില്‍ ഇത്തരം പരിശീലന കേന്ദ്രങ്ങളായി മാറി. യോഗ്യതയുള്ളവരെ പരിശീലകര്‍ ആയി കിട്ടാതായപ്പോള്‍ ആര്‍ക്കും പരിശീലകന്‍ ആകാം എന്ന നിലയിലുമായി. ഒരു ബാച്ചിലെ മുഴുവന്‍ പേരും പരാജയപ്പെട്ടാലും ആരും അതിനെ ചോദ്യം ചെയ്യാനില്ലാതായി. വിവിധ മൊഡ്യുളുകള്‍ പാസാകുന്നവരുടെ ഫോട്ടോകള്‍ പഴയ പാരലല്‍ കോളേജിനെ ഓര്‍മ്മിപ്പിക്കും പോലെ നാടാകെ നിറയാനും തുടങ്ങി. ഇതോടെ പാസാകാതെ പോയവര്‍ തങ്ങളുടെ കുഴപ്പം കൊണ്ടാണ് എന്ന ചിന്തയില്‍ കോഴ്സിന് ചേര്‍ന്ന കാര്യം പോലും രഹസ്യമാക്കി. ഇങ്ങനെ വിദേശ റിക്രൂട്മെന്റിന്റെ പേരില്‍ അല്‍പം മിടുക്കും സമര്‍ത്ഥ്യവും ഉള്ളവര്‍ പോലും ലക്ഷക്കണക്കിന് രൂപ കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ സ്വന്തമാക്കിയ കാലമാണ് കേരളത്തില്‍ കടന്നു പോയത്.

കേരളത്തില്‍ ഈ ബിസിനസ് പച്ച പിടിക്കുന്നത് ശ്രദ്ധിച്ച യുകെയിലെത്തിയ ന്യു ജെന്‍ സംഘങ്ങള്‍ക്കും ഇത് കൊള്ളാവുന്ന പരിപാടി ആണെന്ന ബോധം ഉണ്ടായതു പെട്ടെന്നാണ്. ഉടനെ യുകെയിലും കെയര്‍ ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ട് നാളെ നഴ്‌സാക്കി തരാം എന്ന മട്ടില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പരസ്യങ്ങള്‍ നിറയുക ആയിരുന്നു. ഭാഷ പരിശീലനം മാത്രമല്ല സ്‌കോര്‍ കയ്യില്‍ ഉള്ളവര്‍ക്ക് എന്‍എച്ച്എസ് പരിശീലന പദ്ധതിയുടെ ഭാഗമായ ഓസ്‌കി ട്രെയിനിങ് സെന്ററുകള്‍ പോലും യുകെയില്‍ തുടങ്ങിയ വിരുതരും കുറവല്ല. ചിലരെങ്കിലും നഴ്സിംഗ് ജോലി രാജി വച്ച് തന്നെ ഈ രംഗത്തേക്ക് ചാടി ഇറങ്ങുക ആയിരുന്നു. എന്നാല്‍ തങ്ങള്‍ പറയുന്നത് പോലെ എന്‍എച്ച്എസ് നഴ്സുമാരെ റിക്രൂട് ചെയ്യുന്നുണ്ടോ എന്ന് തിരക്കാന്‍ മാത്രം മറന്നു പോയ ഇക്കൂട്ടരുടെ കഞ്ഞിയിലേക്കും ഇപ്പോള്‍ റിക്രൂട്‌മെന്റ് നിലച്ചതോടെ മണ്ണ് വീണെന്ന സൂചനയാണ് കിട്ടി തുടങ്ങുന്നത്.

യുകെയില്‍ ഒരവസരം തുറന്നു കിട്ടിയപ്പോഴൊക്കെ അത് വിറ്റു കാശാക്കാന്‍ വ്യഗ്രത കാട്ടിയ മലയാളി ബുദ്ധിക്കുള്ള തിരിച്ചടി കൂടിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന നഴ്‌സ് റിക്രൂട്‌മെന്റ് നിരോധനത്തിന് തുല്യമായ സാഹചര്യം. ഇതിനൊപ്പം ഇന്ത്യയില്‍ നിന്നും സ്വന്തമാക്കിയ ഐഇഎല്‍ടിഎസ് യോഗ്യത ടെസ്റ്റ് വ്യാജം ആണെന്ന സംശയത്തില്‍ എന്‍എംസി കണ്ടെത്തിയ നൂറുകണക്കിന് മലയാളി നഴ്സുമാരുടെ പട്ടിക ഔദ്യോഗിക തലത്തില്‍ ചര്‍ച്ച ആയി മാറിയ സാഹചര്യം ഇപ്പോഴും ഗൗരവത്തോടെ തന്നെയാണ് എന്‍എംസി കാണുന്നത്. ഏതെങ്കിലും കാലത്തു വീണ്ടും നഴ്സിംഗ് റിക്രൂട്‌മെന്റ് ആരംഭിച്ചാലും പഴയതു പോലെ അതിവേഗം യുകെയിലേക്ക് കയറി വരാം എന്ന സാഹചര്യത്തിന് നിശ്ചയമായും കടിഞ്ഞാണ്‍ വീഴും എന്നുറപ്പാണ്.

ഭാഷാ ടെസ്റ്റും പാസായി എന്‍എച്ച്എസ് അഭിമുഖവും നടത്തി ഇപ്പോള്‍ ഓഫര്‍ ലെറ്റര്‍ വരും എന്ന് കരുതി കാത്തിരിക്കുന്ന ആയിരത്തിലേറെ മലയാളി ചെറുപ്പക്കാര്‍ക്ക് ഒരു പക്ഷെ തങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതിയ യുകെയിലെ നഴ്സിംഗ് ജോലി ലഭിക്കാന്‍ സാധ്യതയില്ല എന്ന സൂചനയും കൂടിയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പലരുടെയും ഐഇഎല്‍ടിഎസ് പാസായ യോഗ്യത സമയം കാലഹരണപ്പെടുന്നതോടെ വീണ്ടും റിക്രൂട്‌മെന്റ് ആരംഭിക്കുന്നത് കാത്തിരിക്കേണ്ട ഗതികേടിലാണ് ഈ നഴ്സുമാര്‍. തങ്ങള്‍ക്ക് എന്‍എച്ച്എസുമായി കണക്ട് ചെയ്യാന്‍ സഹായിച്ച റിക്രൂട്ടിങ് ഏജന്‍സികളെ തുടര്‍ച്ചയായി ബന്ധപ്പെട്ട ഈ നഴ്സുമാരോട് മറ്റു രാജ്യങ്ങള്‍ കൂടി ശ്രമിക്കൂ എന്ന അവസാന ഉപദേശമാണ് ഏജന്‍സികളും നല്‍കിയിരിക്കുന്നത്. കാര്യങ്ങള്‍ ഇത്രയും സങ്കീര്‍ണമായ നിലയില്‍ യുകെയിലേക്കുള്ള മലയാളി നഴ്സുമാരുടെ വരവിന് അടുത്തകാലത്തൊന്നും പഴയ ഒഴുക്ക് തിരികെ ലഭിക്കില്ല എന്ന് ഉറപ്പാവുകയാണ്.