- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികൃതരോട് വഴക്ക് കൂടി നില്‍ക്കാന്‍ വയ്യ; പൊലീസും ഭരണകൂടവും സഹകരിക്കുന്നില്ല; അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു; തിരച്ചില്‍ നിര്‍ത്തി ഷിരൂരില്‍ നിന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ മടങ്ങുന്നു
അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് പറഞ്ഞു
ഷിരൂര്‍: മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള ഷിരൂരില്‍ തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ. വെള്ളത്തില്‍ മുങ്ങിയുള്ള തിരച്ചിലിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് മല്‍പെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മല്‍പെ അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
കാര്‍വാര്‍ എസ്.പി നാരായണ മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജര്‍ കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നുമടക്കം ആരോപിച്ചാണ് മാല്‍പെ ദൗത്യം അവസാനിപ്പിച്ചത്. പൊലീസ് താന്‍ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാല്‍ മടങ്ങുകയാണെന്നും ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പ്രതികരിച്ചു. അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞു. തെരച്ചില്‍ വിവരങ്ങള്‍ ആരോടും പറയരുതെന്നാണ് ആവശ്യപ്പെടുന്നത്. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാല്‍ മാത്രമേ വരൂവെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി.
മോശമായ ഫോണ്‍ സംഭാഷണം തന്റെ സംഘത്തിലുള്ളവരും കേട്ടു. നീ വലിയ ഹീറോ ആകേണ്ട എന്നതരത്തില്‍ സംസാരിച്ചുവെന്നാണ് ഈശ്വര്‍ മാല്‍പെ പറയുന്നത്. ഒരു പൈസപോലും വാങ്ങാതെ തിരച്ചിലിനിറങ്ങുന്നത് ഹീറോ ആകാന്‍ വേണ്ടിയല്ല. അതിനാല്‍ ഹീറോ ആകാനില്ല ഞാന്‍ പോകുകയാണെന്ന് അധികൃതരോട് പറഞ്ഞു. ഡ്രജ്ഡര്‍ കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനമല്ല ഉണ്ടായത്. 15 ദിവസം ദൗത്യത്തിന്റെ ഭാഗമായതിനാല്‍ ഏത് സ്ഥലത്ത് തിരച്ചില്‍ നടത്തണമെന്ന ധാരണയുണ്ട്. അതിന് തടസംനിന്നാല്‍ വലിയ ബുദ്ധിമുട്ടാണ്. തത്കാലം വീട്ടിലേക്ക് പോകുന്നു. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. അര്‍ജുന്റെ അമ്മ അടക്കമുള്ളവരോട് മാപ്പു പറയുന്നു - ഈശ്വര്‍ മാല്‍പെ പറഞ്ഞു. എംഎല്‍എ മാത്രമാണ് പിന്തുണ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡ്രജര്‍ ഉപയോഗിച്ച് മണ്ണുനീക്കി പരിശോധന നടക്കുമ്പോള്‍ അതിന് സമീപത്തായി വെള്ളത്തില്‍ മുങ്ങി പരിശോധന നടത്താനാവില്ലെന്നായിരുന്നു പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്. അതുകൂടാതെ ഡ്രജര്‍ എത്തിച്ച ഗോവയിലെ കമ്പനി ഒരു ഡ്രൈവറെയും ഷിരൂരിലെത്തിച്ചിരുന്നു.
സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള സംവിധാനങ്ങള്‍ മാത്രം അര്‍ജുന്‍ ഉള്‍പ്പെടെ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയാല്‍ മതിയെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് മല്‍പെയുടെ മടക്കം. ഷിരൂര്‍ ജില്ലാ ഭരണകൂടവും അര്‍ജുന്റെ കുടുംബത്തിനുവേണ്ടി തിരച്ചിലിന് ഇറങ്ങിയ മല്‍പെയുടെ സംഘവും തമ്മില്‍ തുടക്കത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.
ഉടുപ്പി സ്വദേശിയായ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അര്‍ജുന്‍ ദൌത്യത്തില്‍ സ്വമേധയാ പങ്കാളിയായതാണ്. ഇന്നലെയും ഇന്നും നദിയിലേക്ക് ഇറങ്ങിയ മാല്‍പെയാണ് അര്‍ജുന്റെ ലോറിയിലെ മരങ്ങളടക്കം കണ്ടെത്തിയത്. മറ്റൊരു ലോറിയുടെ ഭാഗവും സ്‌കൂട്ടറും നദിക്കടിയില്‍ നിന്നും കണ്ടെടുത്തിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടവും പൊലീസും സഹകരിക്കുന്നില്ലെന്നാണ് ഈശ്വര്‍ മാല്‍പെ തുറന്നടിക്കുന്നത്.
വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചതാണ് ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചതെന്ന് മാല്‍പെ ആരോപിച്ചു. ഇനി ഷിരൂരിലേക്ക് തിരിച്ചുവരുന്നില്ല. ഇന്ന് ഒരു സ്‌കൂട്ടര്‍ നദിയില്‍ കണ്ടെത്തിയിരുന്നു. അത് പുറത്തേക്ക് എടുത്തു കഴിഞ്ഞു. അതിനൊപ്പം അര്‍ജുന്റെ ലോറിയില്‍ നിന്നുളള തടിക്കഷ്ണങ്ങളും കണ്ടെത്തി. നദിക്കടിയില്‍ നിന്നും ഇനിയും വണ്ടി കിട്ടുമെന്ന് കരുതുന്നു. അര്‍ജുന്റെ കുടുംബത്തിന് വാക്ക് നല്‍കിയിരുന്നു. പക്ഷേ മടങ്ങുകയാണ്. അധികൃതരോട് വഴക്ക് കൂടി നില്‍ക്കാന്‍ വയ്യ. അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. വഴക്ക് കൂടി ദൗത്യം നിര്‍വഹിക്കാന്‍ ആകില്ലെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി.
മണ്ണിടിച്ചിലില്‍ കാണാതായ ലോറിയുടെ ഭാഗങ്ങള്‍ ശനിയാഴ്ച ഗംഗാവലി പുഴയില്‍ നടന്ന തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഇവ പുറത്തെടുത്ത് പരിശോധിച്ചതില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ഭാഗങ്ങളല്ലെന്ന് ഉടമ മനാഫ് വ്യക്തമാക്കിയിരുന്നു. ഒമ്പതുമണിക്കൂര്‍നീണ്ട തിരച്ചിലിനിടെ രണ്ടു ടയറുകളും ലോറിയുടെ ചില ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഡ്രെഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വീണ്ടും പുനരാരംഭിച്ചിരുന്നു.
മുങ്ങല്‍വിദഗ്ധനായ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസവും തിരച്ചില്‍ നടന്നത്. എട്ടുതവണയിലേറെ മുങ്ങിയ മാല്‍പെ ആദ്യം ടയറുകളും പിന്നീട് ലോറിയുടെ ഭാഗങ്ങളും കണ്ടെത്തി. ഇവ ഡ്രെഡ്ജറിലെ ക്രെയിനുപയോഗിച്ച് ഉയര്‍ത്തി പുറത്തെടുത്തു. സ്റ്റിയറിങ്ങും ക്ലച്ചും രണ്ടു ടയറിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. നാവികസേന നിര്‍ദേശിച്ച മൂന്നു പ്രധാന പോയിന്റുകളിലാണ് തിരച്ചില്‍ നടത്തിയത്. കാര്‍വാറില്‍നിന്നെത്തിച്ച ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് തിരച്ചില്‍. മാല്‍പെ മുങ്ങിനടത്തിയ തിരച്ചിലിന്റെ വീഡിയോകള്‍ അദ്ദേഹംതന്നെ ചിത്രീകരിക്കുകയും അത് അര്‍ജുന്റെ ബന്ധുക്കളെയും ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെയും കാണിക്കുകയുംചെയ്തു. അര്‍ജുന്റെ സഹോദരി അഞ്ജുവും ഭര്‍ത്താവ് ജിതിനും ലോറി ഉടമ മനാഫും സ്ഥലത്തുണ്ട്.