കൊച്ചി: സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്ന് സംശയിച്ച സന്ധ്യയോട് മമ്മൂട്ടിയുടെ സ്‌നേഹാന്വേഷണം: 'ഇപ്പോള്‍ എങ്ങനെ ഉണ്ട്?'. നീറുന്ന മുറിവുകള്‍ സമ്മാനിച്ച മണ്ണിടിച്ചിലിന്റെ വേദനയെ അല്പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലില്‍ എഴുന്നേറ്റുനിന്ന് സന്ധ്യ പറഞ്ഞു: 'നടന്നു തുടങ്ങി'. പിന്നെ മമ്മൂട്ടി സന്ധ്യയുടെ കൈപിടിച്ചു. ആ മനസ്സിലെ നീറ്റല്‍ തിരിച്ചറിഞ്ഞ് മമ്മൂട്ടി പറഞ്ഞു: 'ഇനി വീടിന്റേയും സ്ഥലത്തിന്റേയും കാര്യമല്ലേ..അതും നടക്കും...ഉറപ്പ്..' സന്ധ്യയുടെ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം.




കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് കാല്‍ നഷ്ടപ്പെട്ട സന്ധ്യയ്ക്ക് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ ഏര്‍പ്പാടാക്കിയതും കൃത്രിമക്കാല്‍ വെക്കുന്നതിന് വേണ്ട സഹായം ചെയ്തതും മമ്മൂട്ടി ആയിരുന്നു. ചികിത്സയ്ക്കും കൃത്രിമക്കാലിനുമായി 20ലക്ഷം രൂപയോളമാണ് വേണ്ടിവന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയറും രാജഗിരി ആശുപത്രിയും ചേര്‍ന്ന് പൂര്‍ണമായും സൗജന്യമായാണ് സന്ധ്യയ്ക്ക് ചികിത്സയും കൃത്രിമക്കാലും നല്കിയത്.

കൃത്രിമക്കാല്‍ വെച്ചതിന് ശേഷം ആദ്യമായി ഡോക്ടറെ കാണാന്‍ രാജഗിരിയില്‍ എത്തിയതായിരുന്നു സന്ധ്യ. മമ്മൂട്ടിയെ നേരില്‍ കണ്ട് നന്ദി പറയണമെന്ന സന്ധ്യയുടെ ആഗ്രഹം രാജഗിരി ആശുപത്രി അധികൃതരാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികളെ അറിയിച്ചത്. ഷൂട്ടിങ് ആവശ്യത്തിന് കൊച്ചിയില്‍ ആയിരുന്ന മമ്മൂട്ടി തിരക്കുകള്‍ മാറ്റിവെച്ച് സന്ധ്യയെ കാണാനെത്തി. ചികിത്സയുടെ വിവരങ്ങളും ആരോഗ്യസ്ഥിതിയുമെല്ലാം വിശദമായി ചോദിച്ചു മനസ്സിലാക്കിയ മമ്മൂട്ടി സാരിയും, ചെടിയും സമ്മാനിച്ചാണ് സന്ധ്യയെ യാത്രയാക്കിയത്. മണ്ണിടിച്ചില്‍ സര്‍വ്വവും നഷ്ടമായ സന്ധ്യക്ക് സ്ഥലവും വീടും നല്കുന്നതിനുള്ള നടപടികള്‍ ഉടന്‍ എടുക്കാമെന്നും ഉറപ്പുനല്കി. രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ജിജി കുരുട്ടുകുളം, ഹെല്‍ത്ത് കെയര്‍ പൈ്വസ് പ്രസിഡന്റ് ജോസ് പോള്‍, കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഡയറക്ടര്‍മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, റോബര്‍ട്ട് കുര്യാക്കോസ്, സന്ധ്യയുടെ സഹോദരന്‍ സന്ദീപ് എന്നിവരും കൂടെ ഉണ്ടായിരുന്നു.

രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വീഡിയോ കോളില്‍ സന്ധ്യയുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. തുടര്‍ന്നാണ് കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി കൃത്രിമ കാല്‍ വെക്കുന്നതിന് വേണ്ട സഹായം നല്‍കാന്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ മുരളീധരന് മമ്മൂട്ടി നിര്‍ദ്ദേശം നല്കിയത്. ജനുവരി 31ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സന്ധ്യക്ക് കൃത്രിമക്കാല്‍ വെച്ചു. രാജഗിരി ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. ജിജി രാജ് കുളങ്ങര, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഗെലി ഇറ്റെ, ഡോ. പ്രവീണ്‍ എ.ജെ, ഫിസിയോതെറാപ്പി വിഭാഗത്തിലെ ഡോ. വിജയന്‍ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരുടെ വിദഗ്ധ ചികിത്സയിലാണ് സന്ധ്യ വീണ്ടും ചുവടുകള്‍ വെച്ചുതുടങ്ങിയത്.




മണ്ണിടിച്ചിലില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജുവിന് ജീവന്‍ നഷ്ടമായിരുന്നു. തകര്‍ന്ന വീട്ടില്‍ മണിക്കൂറുകളോളം സന്ധ്യ കുടുങ്ങിക്കിടന്നു. രാജഗിരി ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും തടസ്സപ്പെടുകയും അസ്ഥികള്‍ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു. എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ രക്തയോട്ടം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞെങ്കിലും, ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിച്ച വിഷാംശം വര്‍ദ്ധിച്ച് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലാണ് സന്ധ്യയുടെ ഇടത്തേക്കാല്‍ മുട്ടിന് മുകളില്‍ വച്ച് നീക്കം ചെയ്യേണ്ടതായി വന്നത്. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മകനും മരിച്ചതിനാല്‍, നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് സന്ധ്യയ്ക്ക് ഇനിയുള്ള തുണ. കൃത്രിമക്കാലിലൂടെ പരമാവധി വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് സന്ധ്യ മടങ്ങിയത്.



സന്ധ്യയുടെ അതിജീവനത്തിന് കരുത്തേകാന്‍ നല്‍കിയിരിക്കുന്നത് അത്യാധുനിക സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച ഹൈഡ്രോളിക് ആംഗിള്‍ ഫൂട്ടാണ്. അംഗപരിമിതര്‍ക്ക് കൂടുതല്‍ സ്വാഭാവികമായ നടത്തം സാധ്യമാക്കുന്ന കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിത പാദം സ്വാഭാവിക ചലനം സാധ്യമാക്കുന്നു. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഹൈട്രോളിക് സംവിധാനം നടക്കുമ്പോള്‍ മുട്ടിന്റെ ചലനം സുഗമമാക്കുന്നതിനോടൊപ്പം, നിരപ്പല്ലാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ പോലും ശരീരത്തിന്റെ ബാലന്‍സ് കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൃത്രിമക്കാലിന് മാത്രമായി ഏഴര ലക്ഷത്തോളം രൂപയാണ് ചിലവായത്.