തിരുവനന്തപുരം: ഒരേ ദിവസം തന്നെ സംസ്ഥാന - ദേശീയ ചലചിത്ര അവാര്‍ഡ് പ്രഖ്യാപനമെന്ന അപൂര്‍വ്വതയ്ക്കാണ് ഇന്ന് മലയാള സിനിമാ മേഖല സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രണ്ട് അവാര്‍ഡുകളിലും മികച്ച നടനുള്ള അന്തിമ പോരാട്ടത്തില്‍ മമ്മൂട്ടിയുടെ പേര് ഉണ്ടെന്നുള്ളതായിരുന്നു. സംസ്ഥാന പുരസ്‌കാരത്തില്‍ കാതലും കണ്ണൂര്‍ സ്‌ക്വാഡും 2022 ലെ ദേശീയ പുരസ്‌കാരത്തില്‍ റോഷാക്കും നന്‍പകല്‍ നേരത്ത് മയക്കവുമായിരുന്നു മമ്മുട്ടിയുടെ സിനിമകളായി പറയപ്പെട്ടിരുന്നത്.

സംസ്ഥാന പുരസ്‌കാരത്തില്‍ പൃഥ്വിരാജ് പുരസ്‌കാരത്തിന് അര്‍ഹനായപ്പോള്‍ ദേശീയ തലത്തില്‍ ഋഷഭ് ഷെട്ടിക്കായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം.രണ്ടിടത്തും മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിക്കാതെ വന്നപ്പോള്‍ പ്രഖ്യാപനത്തിനെതിരെ ഫാന്‍സും സിനിമാ പ്രേമികളും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി ദേശീയ ചലചിത്ര പുരസ്‌കാരത്തിന്റെ സൗത്ത് ജൂറി അംഗം കൂടിയായ പത്മകുമാര്‍ രംഗത്ത് വന്നത്. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ദേശീയ പുരസ്‌കാരത്തിനായി അയച്ചിട്ടില്ലെന്നാണ് തെന്നിന്ത്യന്‍ സിനിമ ജൂറി അംഗം കൂടിയായിരുന്ന പത്മകുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ആരാണ് അയക്കാതിരുന്നതെന്നും എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നുമാണ് പത്മകുമാര്‍ പറയുന്നത്.കേന്ദ്ര സര്‍ക്കാര്‍ മനഃപൂര്‍വം മമ്മൂട്ടിക്ക് അവാര്‍ഡ് നല്‍കിയില്ലെന്ന തരത്തില്‍ പല പ്രചരണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അവ തെറ്റാണെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

'2022ല്‍ കേരളത്തില്‍ നിന്നും സൗത്തില്‍ നിന്നും അയച്ച സിനിമകളുടെ ലിസ്റ്റ് മമ്മൂട്ടിയുടെ ഒരു സിനിമയും ഇല്ല.'നന്‍പകല്‍ നേരത്ത് മയക്കം' മാത്രമല്ല, മമ്മൂട്ടിയുടെ ഒരു സിനിമയും നാഷണല്‍ അവാര്‍ഡിന് അയച്ചിട്ടില്ല. ഇത് ആരാണ് അയക്കാതിരുന്നത്. സിനിമാ അയക്കാതിരുന്നിട്ട് മുന്‍വിധിയോടുകൂടി ആരൊക്കെയോ ഇരുന്ന് വ്യാജമായ വാര്‍ത്ത പടച്ചുവിടുകയാ'ണെന്ന് പത്മകുമാര്‍ പറഞ്ഞു.
ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഒരുവിധത്തിലുള്ള രാഷ്ട്രീയ ഇടപെടലും നടന്നിട്ടില്ല. മമ്മൂട്ടിയുടെ ഒരു സിനിമ പോലും ദേശീയ ചലച്ചിത്ര അവാര്‍ഡിനായി അയച്ചിട്ടില്ല.

മമ്മൂട്ടിക്ക് അവാര്‍ഡ് നല്‍കിയില്ലെന്ന് പറഞ്ഞ് പലരും അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. 'നന്‍പകല്‍ നേരത്ത് മയക്കം' പോലുള്ള സിനിമകള്‍ ദേശീയ അവാര്‍ഡിനായി അപേക്ഷിക്കണമായിരുന്നു.mനാഷണല്‍ അവാര്‍ഡ് മമ്മൂട്ടിക്ക് ബിജെപി കൊടുത്തില്ലെന്ന് പറയുന്നത് തെറ്റാണ്. മമ്മൂട്ടിയുടെ ഒരു സിനിമ പോലും ദേശീയ അവാര്‍ഡിനായി അപേക്ഷിക്കാത്തതില്‍ എനിക്ക് വിഷമം ഉണ്ട്. 'നന്‍പകല്‍ നേരത്ത് മയക്കം' പോലുള്ള സിനിമ ദേശീയ അവാര്‍ഡിന് അയക്കാത്തത് മോശമായി പോയി. വലിയ ഒരു അവസരമാണ് അതിലൂടെ മലയാളത്തിന് നഷ്ടമായത്', - പത്മകുമാര്‍ വ്യക്തമാക്കി.

ദേശീയ പുരസ്‌കാരത്തിനായി മമ്മൂട്ടിയും റിഷഭ് ഷെട്ടിയും കടുത്ത പോരാട്ടമാണ് നടത്തുന്നതെന്നായിരുന്നു പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഒടുവില്‍ വരെ പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുഞ്ചാക്കോ ബോബനും ഒരു ബംഗാളി നടനും മാത്രമാണ് ഋഷഭിനൊപ്പം അവസാന റൗണ്ട് വരെ ഉണ്ടായിരുന്നത്. അവാര്‍ഡ് പ്രഖ്യാപനം നടന്നപ്പോള്‍ റിഷഭ് ഷെട്ടിയായിരുന്നു മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. കാന്താരായിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം.