മുംബൈ: ഒരുകാലത്ത് ബോളിവുഡിനെ ത്രസിപ്പിച്ച, തിരക്കേറിയ നടി മമത കുല്‍ക്കര്‍ണി മഹാകുംഭമേളയില്‍ പുണ്യസ്‌നാനം നടത്തി സന്ന്യാസം സ്വീകരിച്ചു. പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പുണ്യസ്‌നാനം നടത്തിയ ശേഷമാണ് കിന്നര്‍ അഖാഡയുടെ സന്യാസദീക്ഷ സ്വീകരിച്ചത്. യാമൈ മമത നന്ദഗിരി എന്ന പേരിലാണ് ഇനി അറിയപ്പെടുകയെന്നും മമത പറഞ്ഞു. പിണ്ഡദാനം നടത്തിയ ശേഷം കിന്നര്‍ അഖാഡ മമതയുടെ പട്ടാഭിഷേക ചടങ്ങുകള്‍ നടത്തുകയായിരുന്നു.

ജനുവരി 24നാണ് മഹാകുംഭത്തിലെ കിന്നര്‍ അഖാഡയിലെത്തി ആചാര്യ മഹാമണ്ഡേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മമത സംഗമത്തിലെ പുണ്യജലത്തില്‍ മുങ്ങിയത്. 52 കാരിയായ മമത രണ്ട് വര്‍ഷമായി കിന്നര്‍ അഖാഡയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. 25 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷമാണ് മമത സന്യാസം സ്വീകരിച്ചത്.

90കളില്‍ ബോളിവുഡില്‍ നിറഞ്ഞുനിന്ന നടിയാണ് മമ്താ കുല്‍ക്കര്‍ണി. 2000ത്തിന്റെ തുടക്കം വരെ ബോളിവുഡില്‍ സജീവമായിരുന്നു. 1991ല്‍ തമിഴ് ചിത്രമായ നന്‍പര്‍കള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറി. പിന്നീട് മേരെ ദില്‍ തേരേ ലിയേ, തിരംഗ എന്നീ ചിത്രങ്ങളിലൂടെ ഹിന്ദിയില്‍ ചുവടുറപ്പിച്ചു. പിന്നീട് കൈനിറയെ ചിത്രങ്ങള്‍. ചന്ദാമാമ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. എന്നാല്‍, വിവാഹത്തിന് പിന്നാലെ, പതിയെ സിനിമകളില്‍ നിന്ന് അപ്രത്യക്ഷമായി.

2016ല്‍ താനെയില്‍ നിന്നും ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ മമത കുല്‍ക്കര്‍ണിയും ഭര്‍ത്താവും അറസ്റ്റിലായതോടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. 2000 കോടിയുടെ ലഹരിമരുന്ന് കേസിലാണ് അറസ്റ്റിലായത്. എന്നാല്‍ കോടതി ഈ കേസ് റദ്ദാക്കി.

ഏറെക്കാലമായി സിനിമാമേഖലയില്‍നിന്നു വിട്ടുനില്‍ക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വര്‍ഷത്തിനുശേഷം ഈ മാസമാദ്യമാണ് മമത ഇന്ത്യയിലെത്തിയത്. മമതയ്ക്കും ഭര്‍ത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റില്‍ റദ്ദാക്കിയിരുന്നു.