- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇടിച്ചത് എന്റെ വണ്ടിയില്‍; നിര്‍ത്താതെ പോയത് ഭാര്യ തനിച്ചായതിനാല്‍; ചിക്കുന്‍ ഗുനിയ ഉള്ള രാജു ട്രിവാന്‍ഡ്രം ക്ലബ്ബില്‍ എന്തിന് പോയി? ശ്രീറാമിനെ തോല്‍പ്പിച്ച അതിബുദ്ധിയില്‍ മദ്യപാന പരിശോധന ആവിയായി; മണിയന്‍പിള്ള രാജുവിന്റെ പ്രതികരണങ്ങള്‍ പച്ചക്കള്ളമെന്ന് സംശയം; ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഇന്നലെ രാത്രി പോയവരെല്ലാം ചിക്കന്‍ ഗുനിയ ടെസ്റ്റ് നടത്തണം!

തിരുവനന്തപുരം: നിയമത്തിന്റെ പഴുതുകള്‍ക്കിടയിലൂടെ വഴുതിമാറാന്‍ അതിബുദ്ധിമാനായ ഒരു തിരക്കഥാകൃത്തിന്റെ തന്ത്രവുമായി നടന്‍ മണിയന്‍പിള്ള രാജു നടത്തിയ നീക്കങ്ങള്‍ പുറത്ത്. വഴുതക്കാട് സുബ്രഹ്‌മണ്യം ഹാളിന് മുന്നില്‍ വെച്ച് രണ്ട് യുവാക്കളെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പാഞ്ഞ താരം, കൃത്യം 11 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങി. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയുന്ന ആ 'എട്ടു മണിക്കൂര്‍' എന്ന നിര്‍ണ്ണായക സമയം ഒളിവിലിരുന്ന് തള്ളിനീക്കിയ താരത്തിന് പിന്നില്‍ ഒരു അതിബുദ്ധിമാന്റെ ഉപദേശമുണ്ടായിരുന്നുവെന്നാണ് സൂചന. ഇതോടെ മദ്യപിച്ചു വാഹനം ഓടിച്ചു എന്ന കുറ്റം ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാതെ പോലീസ് വെട്ടിലായിരിക്കുകയാണ്.
താരത്തിന്റെ പുതിയ പ്രതികരണത്തില്‍ വലിയ അസ്വാഭാവികതയാണ് നിഴലിക്കുന്നത്. തനിക്ക് ചിക്കുന്‍ ഗുനിയ ആണെന്നും അതുകൊണ്ടാണ് രാത്രി സ്റ്റേഷനില്‍ വരാതിരുന്നതെന്നുമാണ് രാജുവിന്റെ മൊഴി. എന്നാല്‍ ചിക്കുന്‍ ഗുനിയ ബാധിച്ച് അവശനായ ഒരാള്‍ രാത്രി ട്രിവാന്‍ഡ്രം ക്ലബ്ബിലെ പൊതുപരിപാടിയില്‍ സംബന്ധിക്കാന്‍ പോയത് എങ്ങനെയെന്ന ചോദ്യത്തിന് മറുപടിയില്ല. താന്‍ ഭയന്നുപോയെന്നും സുഹൃത്തുക്കളെ വിളിച്ച് ആംബുലന്‍സ് ഏര്‍പ്പാടാക്കാന്‍ പറഞ്ഞിരുന്നുവെന്നുമാണ് രാജു പറയുന്നത്. പരിക്കേറ്റ നിവേദിതിനെയും സൂരജിനെയും രക്തം വാര്‍ന്ന നിലയില്‍ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ശേഷം സുഹൃത്തിനെ വിളിച്ചു എന്ന് പറയുന്നത് കൊലപാതക ശ്രമത്തിന് തുല്യമായ കുറ്റമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചിക്കന്‍ ഗുനിയ പടരുന്ന രോഗമാണ്. അതുകൊണ്ട് തന്നെ ഇത്തരം രോഗമുള്ളവര്‍ പൊതു സ്ഥലത്ത് വരാന്‍ പാടില്ല. ഇത് തെറ്റിച്ചതും നിയമപരമായി കുറ്റകരണമാണ്.
അപകടം നടന്നയുടന്‍ താരം ഒരു ഉന്നതനെ ബന്ധപ്പെട്ടതായും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് തടിതപ്പിയതെന്നുമാണ് ലഭിക്കുന്ന വിവരം. രാത്രി താരത്തിന്റെ വീട്ടിലെത്തിയ പോലീസിനോട് രാജു അവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ രാജു വീട്ടില്‍ ഉണ്ടായിരുന്നിട്ടും മ്യൂസിയം പോലീസ് പിടികൂടിയില്ലെന്ന ആക്ഷേപം ശക്തമാണ്. കൃത്യം 11 മണിക്കൂര്‍ കഴിഞ്ഞ് മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താരം സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തുന്നതിന് മുന്‍പ് തന്നെ സ്വകാര്യ പരിശോധന നടത്തി മദ്യം ഇല്ലെന്ന് ഉറപ്പുവരുത്തിയതായും സംശയമുണ്ട്.
ഭയം കാരണമാണ് നിര്‍ത്താതെ പോയതെന്നും വീട്ടില്‍ ഭാര്യ ഒറ്റയ്ക്കായിരുന്നുവെന്നുമുള്ള വൈകാരിക വാദങ്ങള്‍ നിരത്തി രക്ഷപ്പെടാനാണ് ശ്രമം. പരിക്കേറ്റവരുടെ നട്ടെല്ലും കാലും തകര്‍ന്ന അപകടത്തില്‍ കേവലം 'അപകടകരമായി വാഹനമോടിച്ചു' എന്ന വകുപ്പ് മാത്രം ചുമത്തി കേസ് ഒതുക്കിത്തീര്‍ക്കാനാണ് നീക്കം. സാധാരണക്കാരനാണെങ്കില്‍ അപ്പോള്‍ തന്നെ അകത്താകുമായിരുന്ന കേസില്‍, പണവും സ്വാധീനവുമുള്ള താരം നിയമത്തെ വെല്ലുവിളിച്ച് ചിരിച്ചുകൊണ്ട് പുറത്തിറങ്ങി നടക്കുന്നത് പോലീസിനും നാണക്കേടായി മാറിയിരിക്കുകയാണ്. ''അപ്പോഴത്തെ സാഹചര്യത്തില്‍ ഞാന്‍ ഭയന്നു പോയി. ബൈക്ക് എന്റെ വണ്ടിയില്‍ വന്ന് ഇടിക്കുകയായിരുന്നു. അത് സിസിടിവിയില്‍ കാണാം. അപ്പോള്‍തന്നെ സുഹൃത്തുക്കളെ വിളിച്ച് ഒരു അപകടം നടന്നിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞു. ആംബുലന്‍സ് ഏര്‍പ്പാടാക്കാനും പറഞ്ഞാണ് പോയത്. തുടര്‍ന്ന് സ്റ്റേഷനില്‍ വിളിച്ച് രാവിലെ വന്നോളാം എന്ന് പറഞ്ഞു. സുഖമില്ലാത്തത് കൊണ്ടാണ് പോയത്. ചിക്കുന്‍ ഗുനിയ ഉണ്ട്. വീട്ടില്‍ ഭാര്യ ഒറ്റയ്ക്കാണ്'' മണിയന്‍ പിള്ള രാജു പ്രതികരിച്ചു.
അതേസമയം മണിയന്‍ പിള്ള രാജുവിനെ കഴിഞ്ഞ ദിവസം രാത്രി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇന്ന് രാവിലെ ഹാജാരാകമെന്ന് അദ്ദേഹം അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. പോലീസിന്റെ ഈ നടപടികളിലും ദുരൂഹതയാണ് ഉള്ളത്. ട്രിവാന്‍ഡ്രം ക്ലബില്‍ കഴിഞ്ഞ ദിവസം വന്നവര്‍ക്കെല്ലാം ചിക്കന്‍ ഗുനിയ ഭയം നല്‍കുന്നതാണ് മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം.


