കൊച്ചി: നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ മണിയന്‍പിള്ള രാജു കോടതിയെ സമീപിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള ഹര്‍ജി നല്‍കിയത്. ഫോര്‍ട്ടുകൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹര്‍ജി. അതേസമയം, കേസ് പരിഗണിക്കാനായി സെപ്റ്റംബര്‍ ആറിലേക്ക് മാറ്റി.

നടി നല്‍കിയ പരാതിയില്‍ മണിയന്‍ പിള്ള രാജുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റം ചുമത്തിയിരുന്നു. വാതിലില്‍ മുട്ടി എന്നായിരുന്നു മണിയന്‍പിള്ള രാജുവിനെതിരായ നടിയുടെ ആരോപണം. ആരോപണമുന്നയിക്കുന്നത് അവസരവും പണവും കിട്ടാത്തവരാണെന്ന അധിക്ഷേപ പരാമര്‍ശവുമായി മണിയന്‍പിള്ള രാജു രംഗത്തെത്തിയിരുന്നു.

വെളിപ്പെടുത്തലുകള്‍ ഇനിയും ഉണ്ടാകുമെന്നും ഇതിന്റെയൊക്കെ പിന്നില്‍ പണമാണെന്നുമായിരുന്നു മണിയന്‍പിള്ള രാജുവിന്റെ വാദം. ചിലര്‍ അവസരങ്ങള്‍ ലഭിക്കാത്തവരായിരിക്കും. ചിലര്‍ക്ക് പൈസ ആവശ്യമുണ്ടാകും. ഇതില്‍ കൃത്യമായ അന്വേഷണം ആവശ്യമുണ്ട്. തെറ്റ് ചെയ്യാത്ത ആളുകളെയും ചതിയില്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കള്ളപ്പരാതികള്‍ നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു.

ഐപിസി 506, 354 വകുപ്പുകള്‍ പ്രകാരം ഫോര്‍ട്ട് കൊച്ചി പൊലീസാണ് കേസ് എടുത്തത്. ഇതേ നടിയുടെ പരാതിയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിളിനെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. മണിയന്‍പിള്ള രാജു രാത്രി വാതിലില്‍ മുട്ടി എന്നതടക്കമാണ് നടിയുടെ പരാതി എന്നാണ് വിവരം. ഇതേ നടിയുടെ മറ്റൊരു പരാതിയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്. 379 വകുപ്പ് പ്രകാരമാണ് കേസ്. തന്നെ കാറില്‍ കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും വാട്‌സാപ്പില്‍ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്നുമാണ് നടിയുടെ പരാതി.

അതേ സമയം അമ്മയില്‍ അംഗത്വം നല്‍കാം എന്ന് പറഞ്ഞു പീഡിപ്പിച്ചു എന്ന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 376 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അതേ സമയം കൊച്ചിയിലെ നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ മുകേഷ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മയില്‍ അംഗത്വവും ചാന്‍സും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്.

അതേ സമയം നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. മുകേഷിന് പുറമേ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെയും ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ ജയസൂര്യക്കെതിരെ തിരുവനന്തപുരം കെന്ര്‍റോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

മുകേഷ് എം.എല്‍.എ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെ കൊച്ചിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സിനിമ രംഗത്തെ അതിക്രമം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം നേരത്തെ തീരുമാനിച്ചിരുന്നു.