തിരുവനന്തപുരം: നടി മിനു മുനീര്‍ ആരോപണവുമായി രംഗത്ത് എത്തിയതിന് പിന്നാലെ മലയാള സിനിമാ മേഖലയില്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി നടന്‍ മണിയന്‍പിള്ള രാജു. പല വെളിപ്പെടുത്തലുകളും ഇനിയും ഉണ്ടാകും. അതിന്റെ പിന്നില്‍ പല താത്പര്യങ്ങള്‍ ഉണ്ടാകും. ചിലര്‍ പൈസ സ്വന്തമാക്കാന്‍ ഇറങ്ങിപ്പുറപ്പെടും. ആരോപണവിധേയരില്‍ ഇതില്‍ ഉള്‍പ്പെടാത്തവരും ഉള്‍പ്പെട്ടവരും ഉണ്ടാകും. അതുകൊണ്ട് തന്നെ ആരോപണങ്ങളുടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ആരോപണം ഇനിയും ധാരാളം വരും. ഇതിന്റെ പിന്നില്‍ പല ഉദ്ദേശ്യങ്ങള്‍ ഉള്ളവരുണ്ടാകും. പൈസ അടിക്കാനുള്ളവര്‍, നേരത്തെ അവസരം ചോദിച്ച് കൊടുക്കാതിരുന്നവരൊക്കെ ഇത് പറയും. പക്ഷെ ഇവയില്‍ ഒരു അന്വേഷണം ആവശ്യമുണ്ട്. ഡബ്ല്യൂ.സി.സി. പറഞ്ഞത് ശരിയാണ്, ഇതിന് കൃത്യമായ അന്വേഷണം ആവശ്യമുണ്ട്. അല്ലെങ്കില്‍ ആള്‍ക്കാര്‍ ഇങ്ങനെ വന്നോണ്ടിരിക്കും.

രണ്ട് ഭാഗത്ത് നിന്നും അന്വേഷണം വേണം. കള്ളപ്പരാതിയുമായിട്ട് ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അതും നോക്കണം. അമ്മയുടെ സ്ഥാപക അംഗമാണ് ഞാന്‍. കഴിഞ്ഞ കമ്മിറ്റിയില്‍ വരെ വൈസ് പ്രസിഡന്റ് ആയിരുന്നു. മെമ്പര്‍ഷിപ്പിന് വേണ്ടി പൈസ വാങ്ങിക്കുക എന്നത് എന്റെ അറിവില്‍ ഇല്ല'- മണിയന്‍പിള്ള രാജു പറഞ്ഞു.

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയില്‍ മിന്നുവിനൊപ്പം അഭിനയിച്ചിട്ടുണ്ട്. തനിക്ക് എതിരായ ആരോപണം തെറ്റാണ്. ഞാന്‍ തെറ്റുകാരന്‍ ആണെങ്കില്‍ എന്നെയും ശിക്ഷിക്കണം. എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും വഴിവിട്ട രീതിയില്‍ അമ്മയില്‍ അംഗത്വം എടുക്കാന്‍ സാധിക്കില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

നടന്മാരായ മുകേഷിനും ജയസൂര്യക്കും ഇടവേള ബാബുവും അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണവുമായാണ് നടി മിനു മുനീര്‍. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ പറഞ്ഞു. സഹകരിച്ചാല്‍ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താന്‍ എതിര്‍ത്തതോടെ അവസരങ്ങള്‍ നിഷേധിക്കുകയായിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ച ശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു.

കലണ്ടര്‍ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ച് മുകേഷ് കടന്നുപിടിച്ചത്. താന്‍ എതിര്‍ത്തതിന്റെ പേരില്‍ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി. മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. മണിയന്‍പിള്ള രാജുവില്‍ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വര്‍ഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. അന്നും പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ഒക്കെ അറിഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്ന മുകേഷിന്റെ പ്രതികരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നും മിനു മുനീര്‍ പറഞ്ഞു.