കൊച്ചി: കാലവര്‍ഷക്കെടുതികളുടെയും, ഉരുള്‍പൊട്ടലിന്റെയും വാര്‍ത്തകള്‍ വന്നയോടെ, കേരളത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് വീണ്ടും ആശങ്കകള്‍ ഉയര്‍ന്നിരിക്കയാണ്. മുല്ലപ്പെരിയാര്‍ പൊട്ടുമെന്നും അഞ്ചുജില്ലകള്‍ ഒലിച്ചുപോവുമെന്നും, ലക്ഷങ്ങള്‍ മരിക്കുമെന്നുമെന്നുള്ള വ്യാപകമായ കുപ്രചാരണമാണ് ചില തല്‍പ്പര കക്ഷികള്‍ നവമാധ്യമങ്ങളില്‍ നടത്തുന്നത്. പക്ഷേ മുല്ലപ്പെരിയാര്‍ ഡാം ഒരിക്കലും തകരില്ലെന്നും, അതിന്റെ ടെക്ക്‌നോളിവെച്ച് തകരാന്‍ കഴിയില്ലെന്നുമാണ്, ശാസ്ത്ര എഴുത്തുകാരനും, പ്രഭാഷകനുമായ ഡോ മനോജ് ബ്രൈറ്റ് പറയുന്നത്.ഗ്രാവിറ്റി ഡാം ആയ മുല്ലപ്പെരിയാര്‍, തകരില്ലെന്നും അതിന്റെ ടെക്ക്‌നോളജിവെച്ച് ഡോ മനോജ് ബ്രൈറ്റ് പറയുന്നു. ഈ കുറിപ്പ് ഭീതിവ്യാപാരികള്‍ക്ക് മറുപടി എന്നപേരില്‍ നവമാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.

ഡോ മനോജ് ബ്രൈറ്റിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്-':

അയ്യായിരത്തോളം വര്‍ഷം കഴിഞ്ഞും തകര്‍ന്നു വീഴാതെ നില്‍ക്കുന്ന മനുഷ്യ നിര്‍മ്മിതിയാണ് പിരമിഡുകള്‍. എന്തുകൊണ്ടായിരിക്കും പിരമിഡുകള്‍ കാലത്തെ അതിജീവിച്ചു നില്‍ക്കുന്നത്? ഒറ്റ വാചകത്തിലെ ഉത്തരം ഫിസിക്‌സിലെ നിയമങ്ങള്‍ പ്രകാരം അതിന് ഇനിയും തകര്‍ന്നു വീഴാനാകില്ല എന്നാണ്.

വിശദീകരിക്കാം. നിങ്ങള്‍ ഒരു ടിപ്പറില്‍ കുറെ കല്ലും, മണ്ണും ഒരിടത്തു കൊണ്ടുപോയി തട്ടുക. എന്തായിരിക്കും അതിന്റെ രൂപം? ഒരു കല്‍കൂന അല്ലെ? അതായത് പിരമിഡ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഉയരത്തെ അപേക്ഷിച്ച് തറ വിസ്തീര്‍ണ്ണം വളരെ കൂടിയ ഒരു രൂപം. ഫിസിക്‌സിലെ നിയമങ്ങള്‍ പ്രകാരം ഏറ്റവും സ്ഥിരതയുള്ള രൂപങ്ങളിലൊന്നാണ് പിരമിഡ്. കുറെ കല്ലുകള്‍ കൂട്ടിയിട്ടാല്‍ കിട്ടുന്ന രൂപം. നമ്മുടെ ഈജിപ്തിലെ പിരമിഡും ഒരു കല്‍ കൂമ്പാരമാണ്. വ്യവസ്ഥാപിതമായ ഒരു കല്‍കൂമ്പാരമാണ് എന്നു മാത്രം. ആ കല്‍കൂമ്പാരത്തിനു വീണ്ടും തകര്‍ന്ന് വേറെ രൂപമാകാനാകില്ല. വ്യവസ്ഥാപിതമായ കല്‍കൂമ്പാരമായ പിരമിഡ് തകര്‍ന്നാല്‍ വ്യവസ്ഥാപിതമല്ലാത്ത കല്‍കൂമ്പാരം ഉണ്ടാകും. അത്രതന്നെ.

നമ്മുടെ തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം ക്ഷേത്രം ആയിരം വര്‍ഷത്തിനു ശേഷവും തകരാതെ നില്‍ക്കുന്നത് എന്തോ എന്‍ജിനീയറിങ് അത്ഭുതം എന്ന മട്ടിലാണ് പറയാറ്. അതും ഒരു പിരമിഡ് തന്നെയാണ്. അതിന്റെ നിഴല്‍ ഭൂമിയില്‍ പതിക്കില്ല എന്നതും വലിയ അത്ഭുതമായി പറയാറുണ്ട്. ഉയരത്തെ അപേക്ഷിച്ച് തറ വിസ്ത്രീര്‍ണ്ണം കൂടിയാല്‍ നിഴല്‍ താഴെ പതിക്കില്ല.

ഇനി നമുക്ക് മുല്ലപെരിയാറിലേക്കു വരാം. അവിടെയുള്ളത് ഗ്രാവിറ്റി ഡാമാണ്. എന്നുവച്ചാല്‍ ഏറ്റവും ലളിതമായി പറഞ്ഞാല്‍ കുറെ പാറകള്‍ (വ്യവസ്ഥാപിതമായ രീതിയില്‍) ഒരിടത്തു കൂട്ടിയിട്ട് വെള്ളം തടഞ്ഞു നിര്‍ത്തിയിരിക്കുന്നു. ഡാമുകള്‍, വിശേഷിച്ചും ഗ്രാവിറ്റി ഡാമുകള്‍ പിരമിഡ് രൂപത്തിലാണ്. അതായത് താഴെ വീതി വളരെ കൂടുതലും, മുകളിലേക്കു പോകുമ്പോള്‍ വീതി കുറഞ്ഞും വരുന്ന രൂപം. (കൃത്യമായി പറഞ്ഞാല്‍ ഡാമിന്റെത് പിരമിഡ് നെടുകെ മുറിച്ച അര്‍ദ്ധ പിരമിഡ് രൂപമാണ്. വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗം നേരെയും, മറുഭാഗം ചെരിഞ്ഞും. തത്കാലം അത് അവഗണിക്കാം.) ഒരു സിക്‌സ് പാക്ക് ജിമ്മനെയും, അതേ ഉയരമുള്ള ഒരു സുമോ ഗുസ്തിക്കാരനെയും സങ്കല്‍പ്പിക്കുക. ആരെയായിരിക്കും തള്ളി വീഴ്ത്താന്‍ എളുപ്പം? അല്ലെങ്കില്‍ ഒരു മതില്‍ സങ്കല്‍പ്പിക്കുക. ഇനി അതേ ഉയരമുള്ള ഒരു പിരമിഡ് സങ്കല്‍പ്പിക്കുക. ഏതാണ് തള്ളിമാറിച്ചിടാന്‍ കൂടുതല്‍ ബലം ചെലുത്തേണ്ടി വരിക? ഉത്തരം വ്യക്തമാണല്ലോ. ഇതേ തത്വം തന്നെയാണ് പിരമിഡിന്റെ കാര്യത്തിലും പ്രവര്‍ത്തിക്കുന്നത്.

(സത്യത്തില്‍ ഇതൊക്കെ ഞാന്‍ പ്രീഡിഗ്രി കാലത്ത് ഫിസിക്‌സില്‍ പഠിച്ച കാര്യങ്ങളാണ്. വെള്ളത്തിന്റെ അളവു തന്ന് ഡാമിന്റെ വെള്ളത്തിന്റെ മര്‍ദ്ദം താങ്ങാന്‍ അടിയിലെ വീതി എത്ര വേണമെന്ന് കണക്കു കൂട്ടുന്ന ചോദ്യങ്ങളും എന്‍ട്രന്‍സ് കോച്ചിങ്ങില്‍ പരിശീലിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്ലസ് ടു പിള്ളേരും ഇതൊക്കെ പഠിക്കുന്നുണ്ടാകണം.)

ഇനി ഈ പിരമിഡ് രൂപത്തിലുള്ള ഡാമിന് കൂടുതല്‍ സ്ഥിരത നല്‍കാന്‍, അഥവാ കെട്ടി നിര്‍ത്തിയിരിക്കുന്ന വെള്ളത്തിന്റെ തള്ളല്‍ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും? ഏറ്റവും പ്രകടമായ ഉത്തരം അതിന്റെ ഭാരം കൂട്ടുക എന്നായിരിക്കും. കുറേകൂടി പാറകളും, കോണ്‍ക്രീറ്റും അതിനു മുകളില്‍ നിക്ഷേപിക്കുക. (മുല്ലപ്പെരിയാറില്‍ ആള്‍റെഡി അത് ചെയ്തിട്ടുണ്ട്.)

നൂറുകൊല്ലം മുന്‍പ് ഡാം പണിയുമ്പോള്‍ അന്ന് സിമെന്റും കോണ്‍ക്രീറ്റുമൊന്നും ഇല്ലാതിരുന്നതുകൊണ്ട് ചുണ്ണാമ്പാണ് പകരം ഉപയോഗിച്ചിരുന്നത്. അത് കാലക്രമത്തില്‍ വെള്ളത്തില്‍ ഒലിച്ചു പോയി പാറകള്‍ ഇളകിപ്പോകാം. രണ്ടു രീതിയില്‍ ഇത് അണക്കെട്ടിനെ ദുര്‍ബ്ബലപ്പെടുത്തും. ഒന്ന് പാറകളുടെ കൂട്ടിപ്പിടുത്തം കുറയാം. പാറകള്‍ ഇളകി ഒലിച്ചു പോകാം. പാറകളും, ചുണ്ണാമ്പും നഷ്ടപ്പെടുന്നതോടെ ഡാമിന്റെ ഭാരം കുറയാം. വെള്ളം അതിനെ തള്ളിമറിച്ചിട്ടേക്കാം. അപ്പോള്‍ എന്തു ചെയ്യാം? സിമെന്റും, കോണ്‍ക്രീറ്റും ഉപയോഗിച്ച് അണക്കെട്ടിനെ പൊതിയാം. കൂട്ടത്തില്‍ ഡാമിങ്റെ ചെരിവു ഭാഗം കുറേകൂടി കൂട്ടിയെടുക്കാം. ഇതു കൊണ്ട് മൂന്നു ഗുണങ്ങളുണ്ട്. അകത്തുള്ള വസ്തുക്കള്‍ ഒലിച്ചു പോകില്ല. ഡാമിന്റെ മൊത്തം ഭാരം കൂടും. ഡാമിന്റെ തറ വിസ്തീര്‍ണ്ണം കൂടും. ഇതു മൂന്നും ഡാമിനെ ബലപ്പെടുത്തും. (ഇതും മുല്ലപ്പെരിയാറില്‍ ചെയ്തിട്ടുണ്ട്.)

ഇനിയും വെള്ളത്തിന്റെ തള്ളല്‍ ബലം പ്രതിരോധിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. ഉരുക്കു കേബിളുകള്‍ ഉപയോഗിച്ച് വെള്ളത്തിനടിയിലെ പാറയും ഡാമിന്റെ മുകളിലെ കോണ്‍ക്രീറ്റുമായി ബന്ധിപ്പിക്കുക. വെള്ളത്തിന്റെ തള്ളല്‍ ഉരുക്കു കേബിളിലെ വലിവു ബലമായി താഴെ പാറയിലേക്കു കൈമാറ്റം ചെയ്യപ്പെടും. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നിങ്ങള്‍ തറയില്‍ ഉറപ്പിച്ചിരിക്കുന്ന ഒരു വടം ബലമായി വലിച്ചു പിടിച്ചിരിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. നിങ്ങളെ പുറകിലേക്കു തള്ളി വീഴ്ത്താന്‍ പ്രയാസമായിരിക്കും. (ഈ കേബിള്‍ വിദ്യയും മുല്ലപ്പെരിയാറില്‍ ചെയ്തിട്ടുണ്ട്.) തത്വത്തില്‍ ഒരു ഗ്രാവിറ്റി ഡാം ഇങ്ങനെ പലവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എത്രകാലം വേണമെങ്കിലും പുതുക്കി ഉപയോഗിക്കാം.

മുല്ലപ്പെരിയാര്‍ ഒരിക്കലൂം തകരില്ല. കാരണം അതിനു തകരാനാകില്ല. അത് ഭാരത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസൈനാണ്. പിരമിഡ് ആകൃതിയിലുള്ളതാണ്. പിരമിഡ് തകര്‍ന്നാലും അതിന്റെ ഭാരം കുറയണമെന്നില്ല. വേര്‍സ്റ്റ് കേസ് സെനേരിയോ. അവിടെ ഒരു ഭൂമികുലുക്കം ഉണ്ടായി എന്നു കരുതുക. നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥാപിതമായ കല്‍കൂമ്പാരം പോയി ഒരു സാധാ കല്‍കൂമ്പാരമായി അത് അവിടെത്തന്നെ കാണും. തീര്‍ച്ചയായും ഡാം ഉപയോഗശൂന്യമാകും. കാരണം അതിനുള്ളിലെ ഇന്‍സ്പെക്ഷന്‍ ഇടനാഴികളും മറ്റു സംവിധാനങ്ങളും തകര്‍ന്നേക്കാം.ഡാമിലെ വെള്ളം മുഴുവന്‍ മാസങ്ങളോ, ആഴ്ചകളോ, അല്ലെങ്കില്‍ പരമാവധി വന്നാല്‍ ദിവസങ്ങളോ കൊണ്ട് ചോര്‍ന്നു പോകും. അല്ലാതെ ഇവിടെ ചിലര്‍ പറയുന്ന പോലെ വെള്ളം കുത്തിയൊലിച്ചു വന്ന് രാത്രിക്കു രാത്രി മധ്യകേരളം മുങ്ങിപ്പോകുകയൊന്നുമില്ല. നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ സുരക്ഷിതമാണ്, അത് നിങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന അഭിപ്രായമാണെങ്കിലും, അല്ലെങ്കിലും."- ഡോ മനോജ് ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു.