തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന്റെ സമന്‍സില്‍ ദേശാഭിമാനിയേയും സിപിഎമ്മിനേയും വെല്ലുവിളിച്ച് മനോരമ. മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് സമന്‍സ് ഉണ്ടായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സ്ഥിരീകരണവും ഇതു കിട്ടിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ പ്രതികരണവും വന്നശേഷം പുകമറ സൃഷ്ടിക്കാന്‍ സിപിഎമ്മിന്റെ ശ്രമത്തെ പൊളിക്കാനാണ് മനോരമയുടെ ശ്രമം. കഴിഞ്ഞ ദിവസങ്ങളില്‍ 'മലയാള മനോരമ' പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ സമന്‍സിന്റെ ചിത്രത്തില്‍ കൃത്രിമമാണെന്ന മട്ടില്‍ ദേശാഭിമാനിയും വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയ്ക്കും മറുപടി നല്‍കുന്നുണ്ട് മനോരമ.

സമന്‍സിലെ മൂന്നാം പേജ്. കേസ് നമ്പര്‍, ഹാജരാകുമ്പോള്‍ വിവേക് കൊണ്ടുവരേണ്ട രേഖകളുടെ വിശദാംശങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പേജിനു താഴെ പി.കെ.ആനന്ദ് ഒപ്പുവച്ചിട്ടുണ്ട്. 3 പേജുകളിലും ഇ.ഡിയുടെ സീലുമുണ്ട്. വിവേക് കിരണിന്റെ പേരില്‍ സമന്‍സുണ്ടെന്ന് സ്ഥിരീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള രേഖയും മനോരമ വീണ്ടും ചര്‍ച്ചയാക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയോ വിഷയത്തില്‍ പ്രതികരിച്ച മന്ത്രിമാരോ ഇതുവരെ ഉന്നയിക്കാത്ത കാര്യമാണ് ദേശാഭിമാനി ഉയര്‍ത്തുന്നതെന്നണ് മനോരമ പറയുന്നത്.

പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായാണ് മനോരമ വിശദമായി തന്നെ ദേശാഭിമാനിയിലെ വാര്‍ത്തയെ പൊളിക്കുന്നത്. ഇതിനോട് ദേശാഭിമാനി എങ്ങനെ പ്രതികരിക്കുമെന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രിയുടെ കുടുംബത്തെ രക്ഷിക്കാനുള്ള പാര്‍ട്ടി ക്യാപ്‌സ്യൂളായിരുന്നു ദേശാഭിമാനി വാര്‍ത്ത. അതിനെയാണ് മനോരമ പൊളിക്കുന്നത്.

മനോരമയുടെ വിശദീകരണം ചുവടെ

സിപിഎം പ്രചാരണവും അതിനുള്ള മറുപടിയും:

പ്രചാരണം: കഴിഞ്ഞ 2 ദിവസം പ്രസിദ്ധീകരിച്ച ഇ.ഡി 'നോട്ടിസി'ല്‍ കൃത്രിമം കാട്ടിയതായി തെളിഞ്ഞു.

മറുപടി: ഇ.ഡി അയച്ചത് നോട്ടിസ് അല്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായ സമന്‍സ് ആണ്.

പ്രചാരണം: 11നും 14നും പ്രസിദ്ധീകരിച്ച നോട്ടിസിന്റെ കോപ്പികളില്‍ പ്രകടമായ വ്യത്യാസമുണ്ട്.

മറുപടി: ഉണ്ട്. സമന്‍സിലെ 2 പേജുകളാണവ. സമന്‍സില്‍ ആകെ 3 പേജുകളാണുള്ളത്. കഴിഞ്ഞ 11, 12, 14 തീയതികളില്‍ അവ മൂന്നും 'മലയാള മനോരമ' ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു.

പ്രചാരണം: ആദ്യ ഇ.ഡി സമന്‍സ് കോപ്പിയുടെ നമ്പറും വിലാസവും വായിക്കാന്‍ പറ്റുംവിധം വലുതാക്കിയാണു കൊടുത്തത്. വിലാസം മാത്രം പേന കൊണ്ട് എഴുതിയിരുന്നു.

മറുപടി: 'വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ്,തിരുവനന്തപുരം' എന്ന വിലാസം രേഖപ്പെടുത്തിയ സമന്‍സിന്റെ ആദ്യ പേജാണ് ആദ്യ ദിനം നല്‍കിയത്. ഇതിലെ വിലാസം പേന കൊണ്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വിലാസത്തിലേക്ക് അയയ്ക്കുകയോ കൊടുത്തുവിടുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇ.ഡി ഇതു ചേര്‍ത്തതെന്നാണു മനസ്സിലാക്കുന്നത്.

പ്രചാരണം: 11നും 14നും നല്‍കിയ 'നോട്ടിസ്' നമ്പറുകള്‍ വ്യത്യസ്തമാണ്. ആദ്യം കൊടുത്ത 'നോട്ടിസി'ലെ നമ്പറോ വിലാസമോ വിശദാംശങ്ങളോ അല്ല രണ്ടാമത്തേതില്‍.

മറുപടി: ഒന്ന് സമന്‍സിന്റെയും രണ്ടാമത്തേത് കേസിന്റെയും നമ്പറാണ്. അതുകൊണ്ടുതന്നെ രണ്ടും വ്യത്യസ്തമാണ്. 11നു നല്‍കിയത് സമന്‍സിന്റെ നമ്പറാണ് - PMLA/SUMMON/KCZO/2023/769. സമന്‍സില്‍ പിഎംഎല്‍എ എന്നു രേഖപ്പെടുത്തിയിട്ടുണ്ട് - അതായത്, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള സമന്‍സ്.

കേസിന്റെ നമ്പറാണു 14നു നല്‍കിയത് - ECIR/KCZO/02/2020 എന്നാണ് കേസ് നമ്പര്‍. ECIR എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്. രണ്ടു നമ്പറുകളിലും രേഖപ്പെടുത്തിയിരിക്കുന്ന KCZO എന്നത് ഇ.ഡിയുടെ കൊച്ചി സോണല്‍ ഓഫിസിനെ സൂചിപ്പിക്കുന്നു. ഈ കേസ് നമ്പര്‍ എസ്എന്‍സി ലാവ്ലിനുമായി ബന്ധപ്പെട്ടതാണെന്ന് കഴിഞ്ഞ ദിവസം ഇ.ഡി സ്ഥിരീകരിച്ചു.

പ്രചാരണം: ആകെ ഒരു 'നോട്ടിസ്' അയച്ച കാര്യമേ ഇ.ഡിയും മനോരമയും പറയുന്നുള്ളൂ. അപ്പോള്‍ 2 തരത്തിലുള്ള 'നോട്ടിസ്' എങ്ങനെ വന്നു.

മറുപടി: സമന്‍സിനെ 'നോട്ടിസ്' എന്ന് പാര്‍ട്ടി മുഖപത്രം തെറ്റായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അങ്ങനെയൊന്ന് ഇ.ഡി അയച്ചതായി ഇതുവഴി അവര്‍ സമ്മതിക്കുന്നു. 2 തരത്തിലുള്ള 'നോട്ടിസ്' ഇല്ല. 3 പേജുള്ള ഒരു സമന്‍സാണുള്ളത്. അതിലെ 2 പേജുകളെയാണ് രണ്ടു തരത്തിലുള്ള 'നോട്ടിസ്' എന്ന മട്ടില്‍ അവതരിപ്പിക്കുന്നത്.

പ്രചാരണം: വിശ്വാസ്യത പോലും ഉറപ്പാക്കാതെയാണു വാര്‍ത്ത നല്‍കിയത്.

മറുപടി: സമന്‍സിന്റെ ആധികാരികത ഉറപ്പാക്കാന്‍ ഇ.ഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 'വെരിഫൈ യുവര്‍ സമന്‍സ്' എന്ന വിഭാഗമുണ്ട്. സമന്‍സ് നമ്പറും സമന്‍സില്‍ രേഖപ്പെടുത്തിയിട്ടുള്ള പാസ്വേഡും ഉപയോഗിച്ച് ഇതു പരിശോധിക്കാം.

നമ്പറും പാസ്വേഡും നല്‍കിയപ്പോള്‍ ഇത് യഥാര്‍ഥ സമന്‍സ് ആണെന്ന് ഇ.ഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സ്ഥിരീകരിച്ചു. 'ഡീറ്റെയില്‍സ് ഓഫ് സമന്‍സ് ഇഷ്യൂഡ്' (പുറപ്പെടുവിച്ച സമന്‍സിന്റെ വിശദാംശം) എന്ന പേരിലാണ് ഈ സമന്‍സ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇ.ഡി ചേര്‍ത്തിരിക്കുന്നത്.

'മനോരമ'യുടെ പക്കലുള്ള സമന്‍സിലെ നമ്പറും ഇ.ഡി വെബ്‌സൈറ്റിലെ സമന്‍സ് നമ്പറും ഒന്നു തന്നെയാണ്. സമന്‍സ് ആര്‍ക്കുള്ളത് എന്ന വിഭാഗത്തില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് വിവേക് കിരണ്‍ എന്നാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ പേര് അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ.ആനന്ദ് എന്നും. ഇതേ വിവരങ്ങള്‍ തന്നെയാണ് മനോരമയുടെ പക്കലുള്ള സമന്‍സിലുള്ളതും. ഇങ്ങനെയാണു സമന്‍സിന്റെ വിശ്വാസ്യത ഉറപ്പിച്ചത്. വിവേകിനു സമന്‍സ് നല്‍കിയെന്നു പിന്നാലെ ഇ.ഡിയുടെ സ്ഥിരീകരണവും വന്നു.

ദേശാഭിമാനി കഴിഞ്ഞ ദിവസം നല്‍കി വാര്‍ത്ത ചുവടെ

11ന് 'വലിയ' സമന്‍സ്; ?14ന് ഒരു 'മങ്ങല്‍'

ഇഡി സമന്‍സ് എന്ന പേരില്‍ മനോരമ 11, 14 തീയതികളില്‍ പ്രസിദ്ധീകരിച്ച ?ചിത്രങ്ങള്‍. ആദ്യത്തേതില്‍ സമന്‍സ് കോപ്പിയുടെ നന്പരും വിലാസവും വ്യക്തമാകുംവിധം വലുതായി കൊടുത്തിരിക്കുന്നു. 14ന് വിവേക് കിരണിന്റെ വിലാസമില്ലാത്ത സമന്‍സ് അവ്യക്തമായി നല്‍കിയിരിക്കുന്നു തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മകനെതിരായ വാര്‍ത്ത 'വിശ്വസിപ്പി'ക്കാന്‍ മനോരമ കഴിഞ്ഞ രണ്ടു ദിവസം പ്രസിദ്ധീകരിച്ച ഇഡി നോട്ടീസിലും കൃത്രിമം കാട്ടിയതായി തെളിഞ്ഞു. 11നും 14നും പ്രസിദ്ധീകരിച്ച നോട്ടീസിന്റെ കോപ്പികളില്‍ പ്രകടമായ വ്യത്യാസമാണുള്ളത്.

ആദ്യത്തെ ഇ ഡി സമന്‍സ് കോപ്പിയുടെ നന്പരും വിലാസവും വായിക്കാന്‍ പറ്റുംവിധം വലുതാക്കിയാണ് കൊടുത്തത്. വിലാസംമാത്രം പേനകൊണ്ട് എഴുതിയിരുന്നു. (ഉത്സവക്കമ്മിറ്റി രസീത് പോലെ പൂരിപ്പിക്കുന്നതാണോ ഇ ഡി നോട്ടീസ് എന്ന സംശയം അന്ന് തന്നെ ഉയര്‍ന്നിരുന്നു.) കേസ് 'ലാവ്ലിന്‍' എന്നാക്കി പുതിയ നുണ കൊടുക്കേണ്ടിവന്നതോടെ രണ്ടാമത്തെ സമന്‍സ് ആര്‍ക്കും വായിക്കാന്‍ പറ്റാത്ത വിധമാക്കി. ലൈഫ് മിഷന്‍ സമന്‍സ് എന്ന് പറഞ്ഞ് മനോരമ 11ന് പുറത്തുവിട്ട നോട്ടീസ് നന്പര്‍ 'കെസിസെഡ്ഒ / 2023 / 769' ആണെങ്കില്‍ 14 കൊടുത്ത സമന്‍സിന്റെ അടിക്കുറിപ്പിലുള്ളത് 'കെസിസെഡ്ഒ / 02 / 2020' എന്നാണ്. ആദ്യം കൊടുത്ത നോട്ടീസിലെ നന്പരോ വിലാസമോ വിശദാംശങ്ങളോ അല്ല രണ്ടാമത്തേതില്‍.

രണ്ടാമത് പ്രസിദ്ധീകരിച്ച സമന്‍സില്‍ വിവേക് കിരണിന്റെ പേര് ഉണ്ടെങ്കിലും വിലാസമില്ല. ആകെ ഒരു നോട്ടീസ് അയച്ച കാര്യമേ ഇഡിയും മനോരമയും പറയുന്നുള്ളു. അപ്പോള്‍ രണ്ട് തരത്തിലുള്ള നോട്ടീസ് എങ്ങനെവന്നു എന്ന സംശയം ബാക്കി. വ്യാജമായി നിര്‍മിച്ചതിന്റെ വിശ്വാസ്യതപോലും ഉറപ്പാക്കാതെയാണ് മനോരമ വാര്‍ത്തയുണ്ടാക്കുന്നതെന്ന് ഇതിലൂടെ വ്യക്തമായി.