പത്തനംതിട്ട: വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടില്‍ കൊണ്ടാക്കി സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി വരന്‍ നാടുവിട്ടെന്ന് വധുവിന്റെ ബന്ധുക്കളുടെ പരാതി. എന്നാല്‍, താന്‍ വിവാഹം കഴിച്ചത് ട്രാന്‍സ്ജെന്‍ഡറിനെയാണെന്ന് ആദ്യരാത്രി തന്നെ മനസിലാക്കിയ വരന്‍ പിറ്റേന്ന് എമര്‍ജന്‍സി ടിക്കറ്റ് എടുത്ത് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നുവെന്ന് ബന്ധുക്കളുടെ വിശദീകരണം. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും പ്രചരിക്കുമ്പോള്‍ സത്യം അറിയാതെ അന്തം വിട്ട് നില്‍ക്കുകയാണ് നാട്ടുകാര്‍.

ഇറ്റലിയില്‍ ജോലി ചെയ്യുന്ന റാന്നി സ്വദേശിയായ യുവാവ് ജനുവരി 23 നാണ് കടുത്തുരുത്തിയില്‍ നിന്നുള്ള യുവതിയെ വിവാഹം കഴിച്ചത്. പിറ്റേന്ന് തന്നെ യുവതിയെ കടുത്തുരുത്തിയിലെ വീട്ടിലാക്കി യുവാവ് ഇറ്റലിക്ക് മടങ്ങി. യുവതിയെ സേവ്ദ ഡേറ്റിന്റെ പേരില്‍ ഉപദ്രവിച്ചുവെന്നും വിവാഹത്തിന് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയെന്നും കാട്ടി യുവതിയുടെ ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് വരന്റെ ബന്ധുക്കളില്‍ ചിലര്‍ പറയുന്നതായുള്ള ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.

വിവാഹദിവസം രാത്രി മണിയറയിലേക്ക് ചെന്ന വരന്‍ ഞെട്ടിയത്രേ. പാന്റ്സ് മാത്രം ധരിച്ച് ഒരു യുവാവ് കട്ടിലില്‍ കിടക്കുന്നു. അന്ന് പകല്‍ താന്‍ വിവാഹം ചെയ്ത യുവതിയാണതെന്ന തിരിച്ചറിവില്‍ യുവാവ് ഞെട്ടി. വിവാഹത്തിന് വധുവിന്റെ കഴുത്തില്‍ അണിയിച്ച അഞ്ചു പവന്റെ താലിമാല വല്ല വിധേനെയും ഊരി വാങ്ങി പിറ്റേന്ന് തന്നെ വധുവിന്റെ വീട്ടില്‍ കൊണ്ടാക്കി. വധുവിന് മാതാവ് മാത്രമേയുള്ളു. ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന വിവരം മറച്ചു വച്ച് വധുവിന്റെ വീട്ടുകാര്‍ യുവാവിനെ പറ്റിച്ചുവെന്നാണ് പരാതി.

ശബ്ദസന്ദേശം ഇങ്ങനെ:

വിവാഹം കഴിഞ്ഞ് കടുത്തുരുത്തിയില്‍ വധുവിന്റെ വീട്ടിലായിരുന്നു പോകേണ്ടിയിരുന്നത്. ദൂരക്കൂടുതല്‍ ആയതിനാല്‍ അന്ന് വരന്റെ വീട്ടില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചു. രാത്രിയില്‍ ആഭരണം അണിയണ്ട എന്ന് പറഞ്ഞ് അതെല്ലാം അവിടെ ഊരി വാങ്ങി വച്ചു. വരന്‍ ഇട്ട അഞ്ചു പവന്റെ മാലയും ഊരിവാങ്ങി. രാത്രി മുറിയില്‍ കടന്നു ചെന്നപ്പോള്‍ ഒരു പാന്റ് മാത്രം ഇട്ടു കിടക്കുന്ന ആളിനെ കണ്ടു. വരന്‍ ഞെട്ടി, വിഷമിച്ചു. കാര്യങ്ങള്‍ സംസാരിച്ചു.

വഞ്ചനയാണെന്ന് മനസിലായി. നാളെ പെങ്ങളുടെ വീട്ടില്‍ വിരുന്നുണ്ടെന്ന് പറഞ്ഞ് വധുവിനെ കടുത്തുരുത്തിയിലെ വീട്ടില്‍ കൊണ്ടു വിട്ട ശേഷം യുവാവ് അടിയന്തിരമായി ടിക്കറ്റ് എടുത്ത് ഇറ്റലിക്ക് പോവുകയായിരുന്നു. ഫേസ്ബുക്കിലൂടെയുള്ള പരിചയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.